തിരുവനന്തപുരം: കിഫ്ബി പദ്ധതികളില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന സര്‍ക്കാര്‍ നീക്കത്തിന് എല്‍.ഡി.എഫ്. പിന്തുണയും സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് ദോഷം വരാത്ത നിലയില്‍ വരുമാന സ്രോതസ് കണ്ടെത്തണമെന്നും കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും എല്‍.ഡി.എഫ്. സര്‍ക്കാരിനോട് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. ഫലത്തില്‍ ഇത് ടോളിനുള്ള പച്ചക്കൊടിയായി മാറും.

സിപിഐയുടെ സെക്രട്ടറിയായി വെളിയം ഭാഗവനും സികെ ചന്ദ്രപ്പനും ഉണ്ടായിരുന്നപ്പോള്‍ മുന്നണിയിലെ തീരുമാനങ്ങളില്‍ സിപിഐയ്ക്ക് നിര്‍ണ്ണായക റോളുണ്ടായിരുന്നു. ചന്ദ്രപ്പന് ശേഷം പന്ന്യന്‍ രവീന്ദ്രന്‍ സിപിഐയെ നയിച്ചു. പിന്നാലെ കാനം രാജേന്ദ്രന്‍ വന്നു. കാനത്തിന്റെ മരണ ശേഷം ബിനോയ് വിശ്വത്തിനായി സെക്രട്ടറി പദം. എന്നാല്‍ പിണറായിയുമായി നേരിട്ട് വാദിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്ന വിലയിരുത്തല്‍ സിപിഐയ്ക്കുള്ളില്‍ തന്നെയുണ്ട്. ഇതിന് ശക്തികൂട്ടുന്നതാണ് കിഫ്ബിയിലും എലപ്പുള്ളിയിലുമുള്ള ഇടതു തീരുമാനം. വെളിയം ആശാന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് മനസ്സില്‍ സിപിഐക്കാര്‍ ഇപ്പോള്‍ ചിന്തിച്ചു പോവുകായണെന്നതാണ് യാഥാര്‍ത്ഥ്യം.

കിഫ്ബി ടോളുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. അത് എല്‍.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. സി.പി.ഐയും ആര്‍.ജെ.ഡിയുമടക്കമുള്ള ഘടകകക്ഷികളും ഇക്കാര്യത്തില്‍ തുടക്കം മുതലേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്. യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാതെ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ഇതിനോട സിപിഐയും ആര്‍ജെഡിയും എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. പതിവില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഇടതു യോഗം സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലാണ് നടന്നത്. അതുകൊണ്ട് തന്നെ ഇടതു യോഗത്തില്‍ സിപിഐ തീരുമാനം പ്രതിഫലിക്കപ്പെടുമെന്ന് ഏവരും കരുതി. പക്ഷേ അവിടേയും പിണറായി വിജയന്‍ തന്നെ ജേതാവായി. ഇതാണ് ഇടതു സര്‍ക്കുലറിലും പ്രതിഫലിക്കുന്നത്.

മദ്യനിര്‍മാണശാല അനുവദിക്കുമ്പോള്‍ ജലത്തിന്റെ വിനിയോഗത്തില്‍ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ ശാലയ്ക്കുള്ള അനുമതിയായി ഇതിനെ വ്യാഖ്യാനിക്കപ്പെടും. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബ്രൂവറിക്ക് അനുകൂല നിലപാട് എടുത്തതിനു പിന്നാലെയാണ് സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് ടോളിനും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. എല്ലാം സിപിഎം തീരുമാനിക്കുകയാണ് ഇടതു മുന്നണിയില്‍.

കേരളത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്കു ദോഷം ചെയ്യാത്ത നിലയില്‍ വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ മുന്‍ നിലപാടുകളില്‍നിന്നു വ്യതിചലിച്ച് ടോള്‍ പിരിക്കുന്നതു ജനരോഷത്തിന് ഇടയാക്കുമെന്നാണ് സിപിഐ നിലപാട്. ഇതിനെ സിപിഎം അംഗീകരിക്കുന്നില്ല.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 17ന് 11 മണിക്ക് രാജ്ഭവന്റെ മുന്നിലേക്കും അസംബ്ലി മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. രാജ്ഭവനു മുന്നില്‍ 25,000 പേരെയും മണ്ഡലങ്ങളില്‍ 5,000 പേരെയും അണിനിരത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിക്കുന്ന തരത്തില്‍ മുന്നണി സംവിധാനം ശക്തമാക്കണമെന്നും എല്‍ഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.