തിരുവനന്തപുരം: 2005ല്‍ രാഷ്ട്രീയ ഗുരുവിനെ വെട്ടിയൊതുക്കി പാര്‍ട്ടിയിലെ അവസാന വാക്കായി സിപിഎമ്മില്‍ പിണറായി വിജയന്‍ മാറിയത് മലപ്പുറത്താണ്. വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ തോല്‍പ്പിച്ചത് മലപ്പുറത്ത് എങ്കില്‍ അതേ 'മലപ്പുറം' പിണറായിക്ക് 2024ല്‍ വില്ലനാകുന്നു. കാലം കാത്തു വച്ച കാവ്യനീതി പോലെ സിപിഎമ്മിനെ പിടിച്ചുലയ്ക്കുകയാണ് പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട മലപ്പുറം എന്ന വിവാദം. ഇതില്‍ രണ്ടു പതിറ്റാണ്ടിന് ശേഷം പിണറായിയ്ക്ക് നേരെ സിപിഎമ്മില്‍ ചോദ്യം ഉയരുന്നു. പിണറായിസം വീഴുമോ എന്ന ചര്‍ച്ച സജീവമാകുകയും ചെയ്യുന്നു. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനത്തിലാണ് ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയായി പിണറായി വിജയന്‍ മാറിയത്. വിഎസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ ഗുരുനാഥന്റെ ചിറകുകള്‍ പിണറായി അരിഞ്ഞു വീഴ്ത്തിയത് ഈ സമ്മേളനത്തിലാണ്. വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളിലായി നിന്ന സമയത്തായിരുന്നു 2005ലെ മലപ്പുറം സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേന്ദ്രനേതൃത്വം ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പാനലിനെതിരെ വിഎസ് പക്ഷത്തുനിന്ന് 12 പേര്‍ മത്സരിച്ചു. 12 പേരും മലപ്പുറത്ത് തോറ്റു. പിന്നീട് 2024ല്‍ വരെ സിപിഎമ്മില്‍ പിണറായി മാത്രമാണ് എല്ലാം തീരുമാനിച്ചത്. ആരും ഒന്നും ചോദിച്ചില്ല. അതിനാണ് കഴിഞ്ഞ ദിവസം മാറ്റമുണ്ടായത്. 'മലപ്പുറത്തിലായിരുന്നു' പിണറായിയോടുള്ള ചോദ്യങ്ങള്‍. അതായത് വിഎസിനെ വെട്ടി വീഴ്ത്തിയ 'മലപ്പുറം' പിണറായിക്ക് ഇന്ന് ഉത്തരമില്ലാ ചോദ്യം. വരും ദിവസങ്ങളിലും ചോദ്യങ്ങള്‍ ഇനി ഉയരും. അങ്ങനെ വിഎസിനെ വെട്ടിയൊതുക്കിയ 'മലപ്പുറം' പിണറായിയ്ക്കും സിപിഎമ്മില്‍ വെല്ലുവിളിയാകുകയാണ്. വിഎസിന്റെ പിന്തുണയിലാണ് പിണറായി പാര്‍ട്ടി സെക്രട്ടറിയായത്. പിന്നീട് ആ വിഎസിനെ തന്നെ പിണറായി വെട്ടിയൊതുക്കിയെന്നതാണ് വസ്തുത.

പിണറായി സെക്രട്ടറിയായി സമ്മേളനത്തിലൂടെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് കണ്ണൂരിലായിരുന്നു. വിഎസിന്റെ ജില്ലയായ ആലപ്പുഴയിലെയും തൃശൂരിലെയും വിഭാഗീയതയായിരുന്നു ആ സമയത്തു പ്രധാന ചര്‍ച്ചാ വിഷയം. സമ്മേളനത്തിനു പിന്നാലെ നടപടിയുമുണ്ടായി. പരോക്ഷമായി അതു വിഎസിനാണു തിരിച്ചടിയായത്. വിഭാഗീയതയെത്തുടര്‍ന്നു സംസ്ഥാന കമ്മിറ്റിയില്‍നിന്നൊഴിവാക്കപ്പെട്ട മൂന്നു പേരും വിഎസ് പക്ഷക്കാരായിരുന്നു. പതിയെപ്പതിയെ വിഎസ് പക്ഷക്കാരെല്ലാം ഔദ്യോഗിക പക്ഷത്തേക്ക് അടുക്കുന്നതും ആ സമ്മേളനകാലം മുതലാണ്. മലപ്പുറത്ത് സമ്മേളനമെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം എതിരായി. പാലക്കാട് സമ്മേളനത്തില്‍ വിഎസ് വെട്ടിനിരത്തിയ എം.എം. ലോറന്‍സിനെപ്പോലെയുള്ളവര്‍ തിരിച്ചു സംസ്ഥാന കമ്മിറ്റിയിലെത്തിയതു വിഎസിന് ഇരട്ടി പ്രഹരമായി.

വിഎസിന്റെ ചാവേര്‍പ്പടയായി നിന്നു തോറ്റവരില്‍ പലരും പിന്നാലെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി നേരിട്ടു. 2006ലെ തിരഞ്ഞെടുപ്പില്‍ വിഎസിനു സീറ്റ് നിഷേധിക്കുന്നതിനു വരെ കാരണമായി ഈ സമ്മേളനം. സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിനു കൈമാറിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വിഎസ് ഉണ്ടായിരുന്നില്ല. പാര്‍ട്ടി അന്നുവരെ കാണാത്ത പ്രതിഷേധം നാട്ടിലുണ്ടായപ്പോഴാണു നേതൃത്വത്തിനു വഴങ്ങേണ്ടിവന്നത്. അങ്ങനെ വിഎസ് മുഖ്യമന്ത്രിയായി. അപ്പോഴും പാര്‍ട്ടിയിലെ അവസാന വാക്ക് പിണറായി ആയിരുന്നു. തുടര്‍ഭരണത്തിലൂടെ രണ്ടാം വട്ടം പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ആരും ഇനി ചോദ്യം ചെയ്യാനുണ്ടാകില്ലെന്ന് കരുതി. പക്ഷേ അതാണ് തകരുന്നത്. പിണറായിയ്ക്കും ചോദ്യങ്ങള്‍ മറുപടി പറയേണ്ട കാലമെത്തി. പാര്‍ട്ടി ജനാധിപത്യത്തിലേക്ക് സിപിഎം വഴിമാറുന്നുവെന്ന ചര്‍ച്ച വീണ്ടും സജീവമാകുന്നു. അതും ഒരു സമ്മേളന കാലത്ത്.

2025ല്‍ കൊല്ലത്താണ് സിപിഎം സംസ്ഥാന സമ്മേളനം. മലപ്പുറത്തെ സമ്മേളനം 20 കൊല്ലം മുമ്പായിരുന്നു. രണ്ടു പതിറ്റാണ്ട് പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി പിടിച്ച പിണറായിയ്ക്ക് അടുത്ത വര്‍ഷം കൊല്ലത്തെ സമ്മേളനത്തിലും വലിയ കോട്ടം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ കൊല്ലത്തും പിണറായിക്ക് നേരെ ചോദ്യങ്ങളുയരും. പിവി അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് അത്തരമൊരു പരിവേഷമുണ്ട്. സാധാരണ മറുപടികളിലൂടെ പിണറായി അതിനെ അതിജീവിക്കും. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പുണ്ട്. ഇതില്‍ സിപിഎം തോറ്റാല്‍ പിന്നെ പിണറായിസം കൂടുതല്‍ ചോദ്യം ചെയ്യും. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും പാലക്കാട്ടേയും ചേലക്കരയിലേയും നിയമസഭ ഉപതിരഞ്ഞെടുപ്പും ഉടന്‍ എത്തും.

ഇതില്‍ ചേലക്കരയില്‍ സിപിഎം തോറ്റാല്‍ അതും പിണറായിയ്ക്ക് കനത്ത തിരിച്ചടിയായി മാറും. ചേലക്കരയിലെ തോല്‍വിയാണ് അന്‍വര്‍ മനസ്സില്‍ കാണുന്നത്. ഈ വെല്ലുവിളിയെ പിണറായി അതിജീവിക്കുമോ എന്നതും നിര്‍ണ്ണായകമാണ്. 2025ലെ പാര്‍ട്ടി സമ്മേളനം കൊല്ലത്ത് എത്തുമ്പോള്‍ പിണറായിക്ക് മുന്നില്‍ നിരവധി പ്രതിസന്ധികളുണ്ട്. 75 വയസ്സു കഴിഞ്ഞവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ പാടില്ലെന്ന ചട്ടവും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോ അംഗത്വത്തിന് അടക്കം വെല്ലുവിളിയുണ്ട്. പിണറായിയോട് മുഖ്യമന്ത്രി പദം ഒഴിയാന്‍ പ്രായ പ്രശ്‌നത്തില്‍ ആരെങ്കിലും ആവശ്യപ്പെടുമോ എന്നതും ഉയരുന്ന ചോദ്യമാണ്. കൊല്ലത്ത് എന്തും സംഭവിക്കാമെന്ന രാഷ്ട്രീയ സാഹചര്യമാണ് സിപിഎമ്മില്‍ ഇപ്പോഴുള്ളത്.


ദ് ഹിന്ദു' ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം എത്തിയത് ചോദ്യങ്ങളെ തുടര്‍ന്നാണ്. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമര്‍ശം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നത് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നല്‍കിയത്. അഭിമുഖ സമയത്ത് മുറിയിലേക്ക് കടന്നുവന്നയാള്‍ പിആര്‍ ഏജന്‍സിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏജന്‍സിയെയും വന്നയാളിനെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മറുപടി പല സഖാക്കള്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. കൊല്ലം സമ്മേളനത്തില്‍ ഇതിന് മറുപടി പറയിക്കാനാണ് അവരുടെ നീക്കം.