തിരുവനന്തപുരം: ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്പോള്‍ പിണറായി വിജയന്‍െ്റ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനം തിരുത്തണമെന്ന സി.പി.ഐ ആവശ്യം സൂചിപ്പിക്കുന്നത്, പിണറായി വിജയന്‍ തിരുത്തണമെന്ന വ്യക്തമായ സന്ദേശം. മുന്നണിയിലെയും യുവജന സംഘടനകളുടെയും ശക്തമായ സമ്മര്‍ദ്ദം താങ്ങാനാവാതെ പിണറായി ഇത്രയും പ്രതിരോധത്തിലാകുന്നതും, ഒരു തീരുമാനം മാറ്റുന്നതും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്.

മന്ത്രിസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കൈക്കൊണ്ടത്. അതുകൊണ്ടു തന്നെ തീരുമാനം തിരുത്തണമെന്ന സി.പി.ഐയുടെ ആവശ്യത്തിന്‍മേല്‍ പരസ്യമായി പ്രതികരിക്കാന്‍ പോലും സി.പി.എം മന്ത്രിമാരോ മറ്റു സി.പി.എം നേതാക്കളോ മുന്നോട്ടുവന്നില്ല. തീരുമാനം തിരുത്തണമെന്ന ആവശ്യത്തിനു മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പോലും വ്യക്തമായ മറുപടി നല്‍കാതെ ഉരുണ്ടുകളിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട വിഷയമാതു കൊണ്ടായിരുന്നു. എന്നാല്‍, സി.പി.ഐ നേതൃത്വം ഒറ്റക്കെട്ടായി നിലകൊണ്ടതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ പിണറായിക്ക് വഴങ്ങേണ്ടിവന്നു. സി.പി.എം വഴങ്ങിയെന്നതിനേക്കാള്‍ മുഖ്യമന്ത്രി വഴങ്ങിയെന്ന പ്രതീതിയാണ് ഇപ്പോള്‍ മുന്നണിക്കുള്ളില്‍ ഉള്ളിലുള്ളത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സി.പി.ഐയുടെ അഭിപ്രായങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തൃശൂര്‍പൂരം കലക്കി സുരേഷ് ഗോപിക്ക് ലോക്സഭയിലേക്ക് ജയിക്കാന്‍ അവസരം ഒരുക്കിയ എ.ഡി.ജി.പി അജിത്കുമാറിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന സി.പി.ഐ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. സ്വകാര്യമേഖലയില്‍ ഡിസ്റ്റിലറി അനുവദിക്കാനുള്ള തീരുമാനം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സി.പി.എം ചെവിക്കൊണ്ടില്ല.

ഇടതു മുന്നണിയോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ പാലക്കാട് ബ്രൂവറി അനുവദിക്കാന്‍ തീരുമാനിച്ചു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല. സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട കൊല്ലം എം.എല്‍.എ മുകേഷില്‍ നിന്നും രാജി വാങ്ങണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി ഒരു കാരണവശാലും വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ പരസ്യമായി പറഞ്ഞത് സി.പി.ഐയെ അപമാനിക്കുന്നതു പോലെയായിരുന്നു.

പി.എം ശ്രീ കരാറില്‍ നിന്നും പിന്‍മാറണമെന്ന സി.പി.ഐയൂടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. അതുവരെ കരാര്‍ മരവിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. സിപിഐയുടെ കടുംപിടുത്തത്തിന് സിപിഎം വഴങ്ങി അവര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗം അംഗീകരിക്കുകയായിരുന്നു. അതോടെ മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കാനും തീരുമാനമായിരുന്നു. പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി. 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.