തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമുള്ള ശബ്ദസന്ദേശങ്ങള്‍ക്ക് പിന്നാലെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അപ്രതീക്ഷിത പ്രഹരമായി. ഇടതു സര്‍ക്കാറിന്റെ അഴിമതികകളും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമാണ് കോണ്‍ഗ്രസ് ചര്‍ച്ചയാക്കാന്‍ ഇരുന്നത്. ഇതിനിടെയാണ് രാഹുലിനെതിരെ കേസ് എത്തിയതും.

കുറച്ചു ദിവസങ്ങളായി തന്നെ രാഹുലിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത് പുകഞ്ഞാണ് ഒടുവില്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിയുകയും പ്രചാരണം ചൂടുപിടിക്കുകയും ചെയ്തപ്പോഴാണ് രാഹുല്‍ വിഷയം പൊട്ടിയിരിക്കുന്നത്. ഇതോടെ ആശ്വാസത്തിലായത് സിപിഎമ്മും പിണറായി സര്‍ക്കാറുമാണ്. ജനങ്ങള്‍ക്ക് മുന്നിലെത്തിയ 'മസാല' വിഷയത്തില്‍ മറികടക്കാനാണ് ഇടതു മുന്നണിയുടെ നീക്കം.

ശബരിമല സ്വര്‍ണക്കൊള്ളയിലെ നേതാക്കളുടെ അറസ്റ്റുണ്ടാക്കിയ പരിക്കിനെ മറികടക്കാന്‍ രാഹുലിനെതിരായ പരാതി സി.പി.എം ആയുധമാക്കും. പരാതി ഉയര്‍ന്ന ഘട്ടത്തില്‍തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും നിയമസഭാപാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചില്ല. രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതോടെ സര്‍ക്കാര്‍ അതിവേഗം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.

രാഹുലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. നിയമപ്രകാരം നടപടിയെടുക്കട്ടെയെന്നും പാര്‍ട്ടി നേരത്തേ നടപടിയെടുത്തെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ വിഷയം കത്തിച്ചുനിര്‍ത്താനായിരിക്കും സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും ശ്രമം. പാര്‍ട്ടി നടപടിക്ക് വിധേയനായിട്ടും പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രാഹുല്‍ പ്രചാരണത്തിനിറങ്ങിയത് ചര്‍ച്ചയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസിനകത്തുതന്നെ അഭിപ്രായങ്ങളുണ്ടായി. ഇടത് കേന്ദ്രങ്ങളും രാഹുലിന്റെ പ്രചാരണം ചര്‍ച്ചയാക്കി.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാന്‍ഡിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. എന്നാല്‍ സമാന കേസില്‍ പ്രതിയായവര്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ അതിലേക്ക് കടക്കുക നേതൃത്വത്തിന് എളുപ്പമുള്ള കാര്യമല്ല.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വലിയമല പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും ഡിജിറ്റല്‍ തെളിവുകളും കൈമാറിയത്.

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നല്‍കിയ സാഹചര്യത്തില്‍ ഈ കേസ് പ്രത്യേക കേസായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റുണ്ടായാല്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.