- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദനും ബിനോയ് വിശ്വവും സജി ചെറിയാന്റെ രാജിക്ക് അനുകൂലം; അപ്പീല്‍ നല്‍കിയിട്ട് പോരേ കടുത്ത നടപടിയെന്ന വാദവുമായി പിണറായി വിജയന്‍; സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും; നിയമ വിഗദ്ധരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തീരുമാനം; ഹൈക്കോടതിയുടെ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐയും; സജി ചെറിയാന്‍ രാജി വയ്ക്കേണ്ടി വരുമോ?
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി നേരിടുമ്പോള്‍ ഇടതു മുന്നണിയിലെ രണ്ടാമനായ സിപിഐയുടെ നിലപാട് നിര്‍ണ്ണായകമാകും. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. ഇതിനോട് സജി ചെറിയാന്‍ നടത്തിയ പ്രതികരണം സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാന്‍ ധാര്‍മികപരമായ ഒരു പ്രശ്‌നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്ക്കോടതി ആ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു കോടതി പറഞ്ഞു ശരി. അടുത്ത കോടതി പറഞ്ഞു തെറ്റ്. ഇതിന്റെ മുകളില്‍ കോടതി ഉണ്ട്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഭരണ ഘടനയെ തള്ളി പറഞ്ഞെന്ന് ആരോപണമുള്ള മന്ത്രി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഐയ്ക്കുമുള്ളത്. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കും. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ ശേഷം നടപടികളുണ്ടായിട്ട് കാര്യമില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
നേരത്തെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താന്‍ രാജിവയ്ക്കുന്നുവെന്ന് പറഞ്ഞ വ്യക്തിയാണ് സജി ചെറിയാന്‍. രാജിവച്ച ശേഷം അന്വേഷണം നടന്നു. കുറ്റുമുക്തനായി. എന്നാല്‍ ഈ കുറ്റമുക്തിയിലാണ് ഹൈക്കോടതി സംശയം ഉന്നയിക്കുന്നത്. ഇതോടെ വീണ്ടും അന്വേഷണം എത്തുന്നു. എന്നാല്‍ പുനരന്വേഷണം ആയതിനാല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സജി ചെറിയാന്‍ പറയുന്നത്. എന്നാല്‍ മന്ത്രി അല്ലാതിരുന്നപ്പോള്‍ പോലും സത്യസന്ധമായ അന്വേഷണം നടന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ പോലീസിന് ഈ കേസ് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനാല്‍ രാജി വച്ച് അന്വേഷണത്തിന് വഴിയൊരുക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതിനിടെ എല്ലാ വശവും നോക്കി തീരുമാനം എടുക്കുമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദീകരിച്ചു കഴിഞ്ഞു. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ പോലെ രാജി അനിവാര്യമെന്ന നിലപാട് തന്നെയാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനുമുള്ളത്. സിപിഎം സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ചയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിയ്ക്ക് അനുകൂലമല്ലെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാകും.
ഗുരുതര പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തുന്നത്. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെന്‍ഡ്രൈവ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം തിരിച്ചടിയാകുമോ എന്ന് സര്‍ക്കാരും സിപിഎമ്മും പരിശോധിക്കും. അതിന് ശേഷം സജി ചെറിയാന്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഒരിക്കല്‍ രാജിവച്ചു. പിന്നീട് കീഴ് കോടതി വിധിയിലൂടെ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി. ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് കാത്തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മല്ലപ്പളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിച്ചുവെന്ന പരാതിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം കുന്തം കുടചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം''-ഇതായിരുന്നു വിവാദ പരാമര്‍ശം.
2022ല്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശം. ഈ വിവാദ പ്രസംഗം വലിയ ചര്‍ച്ചയാവുകയും പിന്നാലെ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജി വെക്കുകയുമായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും കേസില്‍ കോടതിയില്‍നിന്ന് തീര്‍പ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.