തിരുവനന്തപുരം: ശശി തരൂരിന് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിന്റെ പേരില്‍ ബിജെപി വളഞ്ഞിട്ട് ആക്രമിച്ചിട്ടും അദ്ദേഹത്തെ കൈവിടാതെ ഒപ്പം നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി നിലകൊണ്ടതോടെയാണ് തരൂര്‍ പലര്‍ക്കും അനഭിമതനായത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടാണ് തരൂര്‍. അന്ന് തുടങ്ങിയ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയാണ് തരൂര്‍ പരസ്യമായി സ്വന്തം നിലപാട് സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

തന്റെ സ്വന്തം മേഖലയായ വിദേശകാര്യത്തില്‍ പോലും ഇടപെടാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരായ അമര്‍ഷമാണ് തരൂര്‍ ഇതുവരെ പ്രകടിപ്പിച്ചത്. മറിച്ചൊരു കാര്യം അദ്ദേഹം ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവര്‍ പറയുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തരൂരിനെ മനപ്പൂര്‍വ്വം വിവാദത്തില്‍ ചാടിക്കുകയാണ് ഉണ്ടായത്. വിദേശപര്യടനത്തിനുള്ള പ്രതിനിധി സംഘത്തിന്റെ നേതാവായി തരൂരിനെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിനുള്ള നീക്കം മനസ്സിലാക്കി, അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനായിട്ടും എന്തുകൊണ്ടാണ് തരൂരിനെ തഴഞ്ഞതെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഹൈക്കമാന്‍ഡിലെ ഒരു വിഭാഗമാണ് തരൂരിനെ തഴയുന്നതില്‍ ഗവേഷണം നടത്തുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ശശി തരൂരിനെ പാര്‍ട്ടി ലൈനില്‍ ചേര്‍ത്തുനിര്‍ത്താന്‍ ദേശീയ നേതൃത്വത്തിന്റെ കര്‍ശന ഇടപെടല്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ തരൂരും അദ്ദേഹത്തെ ഒപ്പംനിര്‍ത്താന്‍ ഹൈക്കമാന്‍ഡും തയാറാകണമെന്നാണു സംസ്ഥാന നേതാക്കളുടെ നിലപാട്.

പ്രവര്‍ത്തകസമിതിയംഗം എന്ന നിലയില്‍ തരൂര്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായതിനാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യപ്രതികരണങ്ങള്‍ വേണ്ടെന്നാണു കെപിസിസിയുടെ തീരുമാനം. എന്നാല്‍, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, എതിരാളികളെ സഹായിക്കുംവിധമുള്ള പരാമര്‍ശങ്ങള്‍ തരൂര്‍ അവസാനിപ്പിക്കണമെന്ന് നേതാക്കളെല്ലാം ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള നേതാക്കളുടെ ടീമില്‍ തരൂരും വേണമെന്നാണു നേതൃത്വത്തിന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ തരൂരിനെ പിണക്കിയാല്‍ അത് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തിരിച്ചടിയാകുക. ഈ ബോധ്യത്തിലാണ് തരൂരിനെ ഒപ്പം നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂരിനെ കോണ്‍ഗ്രസിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടണമെന്ന നിലയില്‍ മുന്‍പ് പാര്‍ട്ടിയില്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. അതേസമയം, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെ അനാവശ്യമായി ക്രൂശിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകള്‍ തുറന്നുകാട്ടാന്‍ കേന്ദ്രം രൂപംകൊടുത്ത സമിതിയില്‍ അംഗമാക്കിയതിനെ സ്വാഗതം ചെയ്തതില്‍ എന്താണു തെറ്റെന്നും രാഷ്ട്രീയം കലര്‍ത്തി വിവാദമാക്കരുതെന്നും അവര്‍ പറയുന്നു.

പ്രതിനിധിസംഘങ്ങളുടെ സന്ദര്‍ശനം, സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ഉപാധിയായി മാറരുതെന്നു കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പാര്‍ട്ടി നിര്‍ദേശിച്ച 4 പേരില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയെ മാത്രം ഉള്‍പ്പെടുത്തിയ നടപടിയില്‍ അതൃപ്തി അറിയിച്ചു. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ അടക്കം 4 കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിനിധിസംഘത്തിന്റെ ഭാഗമാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സോണിയ ഗാന്ധിയുടെ ഇടപെടല്‍ കൊണ്ടാണ് ഈ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതെന്നാണ് വിവരം.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ശശിതരൂര്‍ സ്വീകരിച്ച നിലപാട് പല കോണ്‍ഗ്രസ് നേതാക്കളിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ ശശിതരൂര്‍ സംഭവത്തിലെ നിലപാട് വിഷയമാകാം. കേരളത്തില്‍ നിലവിലത്തെ സാഹചര്യത്തില്‍ ശശിതരൂരിന് മറ്റേത് കോണ്‍ഗ്രസ് നേതാക്കളേക്കാളും ജനപ്രീതിയുണ്ട്. അത് രാഷ്ട്രീയ, പ്രായഭേദമന്യേ ഉണ്ടെന്നത് കോണ്‍ഗ്രസിനും ശശിതരൂരിനും അറിയുകയും ചെയ്യാം. ശശി തരൂരിന്റെ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിനതീതമായി പിന്തുണയും എതിര്‍പ്പും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിഷയം കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും വഴുതി പോകുമോ എന്ന ആശങ്കയിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.

ശശി തരൂരിനോടോ അദ്ദേഹത്തിന്റെ നിലപാടുകളടോ വിയോജിക്കാം പക്ഷേ, നിലവിലത്തെ സാഹചര്യത്തില്‍ പാര്‍ട്ടി കുറച്ചുകൂടെ സൂക്ഷ്മമായ നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നത് എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, ശശിതരൂരിനെതിരെ നടപടിവേണമെന്ന അഭിപ്രായക്കാരാണ് ഹൈക്കമാന്‍ഡുമായി അടുത്തു നില്‍ക്കുന്നവരില്‍ പലരുമെന്നാണ് സൂചന.

നിലവില്‍ ആ സാഹചര്യമെല്ലാം മാറിക്കഴിഞ്ഞു എന്നാണ് കാര്യങ്ങളുടെ പോക്ക് വിരല്‍ ചൂണ്ടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശിതരൂര്‍ മത്സരിക്കാന്‍ തീരുമാനിച്ച സമയം മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി തുടങ്ങിയിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവം എന്ന പേര് വെല്ലുവിളിക്കപ്പെടുമോ എന്ന സംശയമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത്. വര്‍ക്കിങ് കമ്മിറ്റിയില്‍ ശശി തരൂരിനെ എടുത്തു എന്നത് ശരിയാണ് പക്ഷേ അവിടെ എന്ത് ചുമതലയാണ് തരൂരിന് കൊടുത്തിട്ടുള്ളത് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ പ്രത്യേകിച്ച് ചുമതലകളൊന്നും ഇല്ലെന്നാണ് കോണ്‍ഗ്രസിലുള്ളവര്‍ തന്നെ പറയുന്നത്.

തരൂരിന്റെ നിലപാടുകളോട് പലതവണ പാര്‍ട്ടി നേതൃത്വം വിയോജിപ്പ് പലവിധത്തില്‍ രേഖപ്പെടുത്തിയെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് തരൂര്‍ വീണ്ടും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത്. അതായത് താന്‍ തന്റെ നിലപാടുകളുമായി മുന്നോട്ട് പോകും പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ നിലപാട് സ്വീകരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ സമീപനം. അതിനോട് യോജിക്കാനാവില്ല. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തരൂരിനോട് എടുക്കുന്ന സമീപനം പാര്‍ട്ടിക്ക് ദോഷം ചെയ്യുകയേ ഉള്ളൂവെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇത് രാജ്യം ലോകത്തിന് മുന്നില്‍ വളരെ നിര്‍ണ്ണായകമായൊരു വിഷയം അവതരിപ്പിക്കാന്‍ പോവുകയാണ്. ആ സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് തരൂരിനെ പോലൊരാളെ നിര്‍ദ്ദേശിക്കാനുള്ള ബുദ്ധിയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നത്.

പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ തരൂരിന്റെ പേര് നിര്‍ദ്ദേശിക്കുന്നതില്‍ തടസ്സം എന്തായിരുന്നുവെന്ന് തരൂരിനെ അനുകൂലിക്കുന്നവര്‍ക്ക് വ്യക്തമല്ല. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തരൂരിന് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേട്ടമായി കാണണമായിരുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ട് സര്‍ക്കാര്‍ തരൂരിനെ എടുത്തിരുന്നില്ലെങ്കില്‍ തരൂരിനെ പോലെ കാര്യപ്രാപ്തിയുള്ള ഒരാളെ ഒഴിവാക്കിയതിനെ നമുക്ക് വിമര്‍ശിക്കാന്‍ ന്യായമുണ്ടായിരുന്നു. ഇപ്പോഴങ്ങനെയല്ല, ഇതൊരു സെല്‍ഫ് ഗോളായി പോയി എന്നാണ് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്.

ശശിതരൂര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുക്കാനുള്ള വഴിയില്‍ ഒന്ന് അച്ചടക്ക നടപടി സ്വീകരിക്കുക എന്നതാണ്. അത് താക്കീതാകാം, വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നൊഴിവാക്കലാകാം. അത്തരം നടപടികളിലേക്ക് ഇപ്പോള്‍ നീങ്ങില്ലെന്നാണ് സൂചന. തരൂര്‍ സ്വയം പുരത്തുപോകട്ടെ എന്ന നിലപാടുള്ള ചിലര്‍ ഹൈക്കമാന്‍ഡിലുണ്ട്. മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്‌ക്കെതിര മത്സരിച്ച ശേഷം കേരളത്തിലും ഇന്ത്യയിലും കോണ്‍ഗ്രസുകാരുടെ ഇടയില്‍ ശശിതരൂര്‍ എന്ന പേര് കുറച്ചുകൂടെ പ്രസക്തമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ആ പേരിന് ഗരിമ കൂടി എന്നത് വസ്തുതയാണ്. തോറ്റെങ്കിലും ശശി തരൂര്‍ തന്റെ ലക്ഷ്യം കണ്ടു. അതിന് ശേഷം തരൂര്‍ കേരള മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണ് വച്ചപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടിയത് എന്നതാണ് വസ്തുത.