ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഐക്യസന്ദേശം നല്‍കുന്നത് അന്ത്യശാസന രൂപത്തില്‍. പാര്‍ട്ടി ലൈന്‍ വിടുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന താക്കീതാണ് യോഗത്തിലുണ്ടാകുന്നത്. അധികാരം കിട്ടിയാല്‍ ആരാകണം മുഖ്യമന്ത്രിയെന്നത് കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനിക്കുമെന്ന സന്ദേശമാണ് ഹൈക്കമാണ്ട് നല്‍കുന്നത്. പാര്‍ട്ടിക്കു വേണ്ടതു നല്ലൊരു ജയമാണ്. ജനവും അതാഗ്രഹിക്കുന്നു. ഇതു മനസ്സില്‍ വച്ചു വേണം ഓരോ നേതാവിന്റെയും പെരുമാറ്റവും പ്രസ്താവനകളുമെന്ന സന്ദേശമാണ് ഹൈക്കമാണ്ട് നല്‍കുന്നത്.

തങ്ങള്‍ക്കിടയില്‍ പ്രശ്‌നമില്ലെന്ന് നേതാക്കള്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പൊതുജനത്തിന്റെ തോന്നല്‍ അങ്ങനയല്ലല്ലോ എന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയോഗിക്കുന്നതുള്‍പ്പെടെ നേതൃമാറ്റ വിഷയവും ഹൈക്കമാണ്ട് സജീവമായി പരിഗണിക്കുന്നുണ്ട്. ശശി തരൂര്‍ എംപിയുടെ പരാമര്‍ശങ്ങള്‍ പല നേതാക്കളും ചൂണ്ടിക്കാട്ടി. മറുപടിയില്‍ ഇതേക്കുറിച്ചു നേരിട്ടു പറഞ്ഞില്ലെങ്കിലും പരസ്യവേദികളില്‍ പല നിലപാടുകള്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു മുന്നില്‍ വച്ചു.

പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂരും വിശദീകരിച്ചു. യോഗത്തിനു ശേഷം എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ അടക്കമുള്ള പ്രധാന കേരള നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് മാധ്യമങ്ങളെ കണ്ടത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മൂന്നര മണിക്കൂറായിരുന്നു യോഗം. പങ്കെടുത്ത എല്ലാവരും നിലപാടുകള്‍ വിശദീകരിച്ചു. ഹൈക്കമാണ്ടിനെ അനുസരിക്കുമെന്ന സന്ദേശമാണ് എല്ലാവരും നല്‍കിയത്. ഹൈക്കമാണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന കെസി വേണുഗോപാലിന് സംസ്ഥാനത്തുള്ള കരുത്ത് ഈ യോഗത്തില്‍ തെളിയുകയും ചെയ്തു.

മൂന്നരമണിക്കൂര്‍ നീണ്ട യോഗത്തില്‍ ഓരോ നേതാക്കള്‍ക്കും 3 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ആമുഖമായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസാരിച്ചു. നേതൃത്വം ആഗ്രഹിക്കാത്ത വിഷയങ്ങളിലേക്കു ചര്‍ച്ച പോകേണ്ടതില്ലെന്ന സൂചനയോടെയായിരുന്നു ആമുഖം. 100 സീറ്റു നേടാനാകുമെന്ന ഉറപ്പാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യോഗത്തില്‍ നല്‍കിയത്. വിവിധ സമുദായങ്ങളുടെ അതൃപ്തി സൂചിപ്പിച്ച പി.ജെ. കുര്യന്‍, ഇതു പരിഹരിക്കാനുള്ള ശ്രമം പാര്‍ട്ടി നടത്തണമെന്ന് സൂചിപ്പിച്ചു. പ്രചാരണ തന്ത്രത്തില്‍ മാറ്റം വരുത്തണമെന്നും വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അടക്കം ഏഴിന പരിപാടിയാണ് വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടിയത്. ഇത് ശ്രദ്ധേയമായി.

മറ്റുള്ളവരെല്ലാം വ്യക്തമായ പദ്ധതികളില്ലാതെ വന്നായിരുന്നു സംസാരിച്ചത്. സ്വന്തം കാര്യവും ആത്മവിശ്വാസങ്ങള്‍ക്കും അപ്പുറം ഒന്നും നടത്തിയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി താനുമുണ്ടാകുമെന്ന സന്ദേശമാണ് സുധീരന്‍ നല്‍കുന്നതെന്ന വിലയിരുത്തലുമുണ്ട്. സാധാരണ ഇത്തരം യോഗങ്ങളിലൊന്നും സുധീരന്‍ പങ്കെടുക്കാറില്ല. അതിന് വിരുദ്ധമായി ഡല്‍ഹിയില്‍ വ്യക്തമായ പദ്ധതിയോടെ സുധീരന്‍ എത്തിയെന്നത് ശ്രദ്ധേയമാണ്. കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ എത്തിയില്ലെന്നും ശ്രദ്ധേയമായി. ഐക്യമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന താക്കീത് സ്വരത്തിലായിരുന്നു അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചത്.

വി ഡി സതീശന്‍ പക്ഷത്തിന് തിരിച്ചടിനല്‍കി ഹൈക്കമാന്റ് തീരുമാനം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരാന്‍ ഡല്‍ഹിയില്‍ കേരള നേതാക്കളുമായി ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കെ സുധാകരനെ മാറ്റി അടൂര്‍ പ്രകാശിനെയോ ബെന്നി ബെഹനാനെയോ കെ പി സി സി പ്രസിഡന്റാകാന്‍ ആയിരുന്നു ചര്‍ച്ചകള്‍. ഈ സാധ്യത രണ്ടു മാസത്തിന് ശേഷം ഹൈക്കമാണ്ട് വീണ്ടും തേടും. അതിനിടെ നേതൃതലത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നുവെന്നും താന്‍ ദുര്‍ബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. തനിക്കും വിഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കള്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും പാര്‍ട്ടി ഐക്യം തകര്‍ക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. കെപിസിസി തലത്തില്‍ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.