തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഒരുകാലത്ത് ഏറെ ചര്‍ച്ചയായ പരാമര്‍ശമാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നത്. എം സ്വരാജ് എന്ന യുവരാഷ്ട്രീയ നേതാവ് പിണറായി പക്ഷം പിടിച്ചു നിന്നു കൊണ്ട് ഇത്തരം പരാമര്‍ശം നടത്തിയെന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍. കാപ്പിറ്റല്‍ പണിഷ്‌മെന്റ് വാദത്തെ ശരിവെക്കുന്ന വിധത്തില്‍ വിഎസ് നടത്തിയ പ്രതികരണങ്ങളും അന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് സ്ഥാനാര്‍ഥിയായപ്പോഴാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വാദം ഉയര്‍ന്നത്. ഇതിന് ശേഷം വിഎസ് അന്തരിച്ച ശേഷമാണ് ഈ വിവാദം വിവാദം വീണ്ടും ഉയര്‍ന്നത്. 2012ല്‍ തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഒരു യുവനേതാവ് ഈ പരാമര്‍ശം നടത്തിയെന്ന് പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തി. പിന്നാലെ സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഇതിന് ശേഷമാണ് ഇപ്പോള്‍ എം സ്വരാജിനെ വിവാദത്തിലാക്കിയ വിവാദ പരാമര്‍ശത്തില്‍ മറ്റൊരു അവകാശിയെ കൂടി സുരേഷ് കുറുപ്പു സമ്മാനിച്ചിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയാണ് വിഎസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ചതെന്നാണ് സുരേഷ് കുറുപ്പ് വാദിക്കുന്നത്.

ഈ വെളിപ്പെടുത്തലോടെ വിഎസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച ആ വനിതാ നേതാവാര്? എന്ന ചോദ്യം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉയര്‍ത്തി. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം വിഎസിനെ മരണശേഷം ആഘോഷമാക്കിയ പാര്‍ട്ടി അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന ചര്‍ച്ചകളാണ് ഇതോടെ വീണ്ടും നിറയുന്നത്. അക്കാലത്ത് കൊറിയന്‍ മോഡല്‍ പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ കയ്യടിക്കുകയാണ് ചെയ്തിരുന്നത്.

കുറച്ചുകാലമായി പാര്‍ട്ടിയുമായി സഹകരിക്കാതെയാണ് സുരേഷ് കുറുപ്പിന്റെയും വഴി. കോട്ടയം ജില്ലാ സമ്മേളനത്തില്‍ നിന്നും സുരേഷ് കുറുപ്പ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടി നേതാക്കളുമായി അടുപ്പമില്ലാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. സിപിഎമ്മില്‍ നിന്നും തഴയപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് മുതിര്‍ന്ന നേതാവ് സുരേഷ് കുറുപ്പ്. പാര്‍ട്ടി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതന്റെ അമര്‍ഷവും അദ്ദേഹത്തിനുണ്ട്. ഇതിനടെയാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തല്‍ നടത്തിയത്.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ കുറിച്ചു വെളിപ്പെടുത്തി കൊണ്ടാണ് സുരേഷ് കുറുപ്പ് അടുത്തിടെ രംത്തുവന്നിരുന്നു. ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നു എന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്. ഇത് പോലീസ് തൊണ്ടി മുതലായി രേഖപ്പെടുത്തിയ വസ്തുവായിരുന്നു. ഇതേക്കുറിച്ചെല്ലാം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്‌ശേഷം ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ സുരേഷ് കുറുപ്പിന് വിമത പരിവേഷമുണ്ട് താനും. ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ പാര്‍ട്ടിയില്‍ അദ്ദേഹം കൂടുതല്‍ ഒറ്റപ്പെടാനാണ് സാധ്യത. സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ 'ക്യാപിറ്റല്‍ പണിഷ്‌മെന്റിന്' വിധേയമാക്കണമെന്ന മട്ടില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സിപിഎം നേതാവായിരുന്ന പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയിരുന്നു. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് 'മലയാള മനോരമയില്‍' എഴുതിയ ലേഖനത്തിലാണു മുന്‍ സിപിഎം എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പിരപ്പന്‍കോട് ഇക്കാര്യം പറഞ്ഞത്. അതിനു പിന്നാലെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് ഇതു ശരിവച്ചത്.

2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാല്‍ ഈ പരിപാടി നിര്‍ത്താമെന്നായിരുന്നു സ്വരാജ് മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.

പിരപ്പന്‍കോട് മുരളിക്ക് ശേഷമാണ് ഇപ്പോള്‍ സുരേഷ് കുറുപ്പും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. സമാനതകളില്ലാത്ത രാഷ്ട്രീയ യാത്രയായിരുന്നു സുരേഷ് കുറുപ്പിന്റേത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി. പല സ്ഥാനങ്ങള്‍ വഹിച്ചു. 35 വര്‍ഷമായി സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തപ്പോള്‍ 1993ല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നു വിട്ടു നിന്നു. രണ്ടാം തവണ കോട്ടയത്തു നിന്ന് എം.പിയായതോടെ 98ല്‍ വീണ്ടും ജില്ലാ കമ്മിറ്റിയിലെത്തി.

നാലു തവണ കോട്ടയം എം.പിയും രണ്ടു തവണ ഏറ്റുമാനൂര്‍ എം.എല്‍.എയുമായിരുന്നു സുരേഷ് കുറുപ്പ്. 35 വര്‍ഷം ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടും സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ എത്താത്ത അപൂര്‍വ്വം നേതാവാണ് സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദനോടായിരുന്നു താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് പിണറായി വിജയനിലേക്ക് പാര്‍ട്ടി എത്തിയപ്പോള്‍ സുരേഷ് കുറുപ്പ് തഴയാന്‍ കാരണം. തന്ത്രപരമായാണ് ഇപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് കൂടി സുരേഷ് കുറുപ്പിനെ പുറത്താക്കുന്നത്. ഇനി സുരേഷ് കുറുപ്പിന് ഒരു സുപ്രധാന പദവികളും നല്‍കില്ലെന്നാണ് സിപിഎമ്മില്‍ നിന്നും ലഭിക്കുന്ന സൂചന.