- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?
ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തു വരുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കോണ്‍ഗ്രസ്. ട്രംപ് ചുമതലയേറ്റ ശേഷം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യനേതാവാണ് മോദിയെന്നും ഇത് ശ്രദ്ധേയമായ കാര്യമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു. നിരവധി ആശങ്കകള്‍ ട്രംപും മോദിയും പങ്കുവെച്ചുവെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ''വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു ഈ കൂടിക്കാഴ്ച. വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയമാണ്. അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ. '- തരൂര്‍ പറഞ്ഞു. ''അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന വ്യക്തിക്ക് ആ രാജ്യത്ത് തുടരാന്‍ അവകാശമില്ല. അവരെ തിരിച്ചയക്കുന്ന രീതിയോട് എതിര്‍പ്പുണ്ട്''- മോദി കുടിയേറ്റം സംബന്ധിച്ച് നടത്തിയ ഈ പ്രതികരണത്തോടും ശശി തരൂരിന് യോജിപ്പ് പ്രകടിപ്പിച്ചു. ഇതെല്ലാം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍ ബിജെപിയും ചര്‍ച്ചയാക്കും. ഇതിനൊപ്പം തരൂരിന്റെ പിണറായി സര്‍ക്കാരിനെ പുകഴ്ത്തലും ചര്‍ച്ചയായിട്ടുണ്ട്. ഇത് ഹൈക്കമാണ്ടിന്റെ ശ്രദ്ധയില്‍ കേരളത്തിലെ നേതാക്കളും കൊണ്ടു വരും.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയില്‍ രാഹുല്‍ ഗാന്ധിയെ ട്രോളാന്‍ തരൂരിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കിയത്. ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമര്‍ശനവും വലിയ ചര്‍ച്ചയായിരുന്നു. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലര്‍ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവര്‍ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. താന്‍ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തു പറഞ്ഞത് ശ്രദ്ധേയമായി മാറി. അതായത് വിദേശകാര്യത്തിലെ തരൂര്‍ മികവിനെ കൂടി ഉയര്‍ത്തിക്കാട്ടുകയായിരുന്നു മോദി. മോദിയുടെ അമേരിക്കന്‍ നയത്തിന് എല്ലാ പിന്തുണയും തരൂര്‍ നല്‍കുന്നത് കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിനൊപ്പമാണ് കേരളത്തിലെ പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയതും. ഇതും കോണ്‍ഗ്രസിനെതിരെ സിപിഎം ചര്‍ച്ചയാക്കിയിട്ടുണ്ട്. അതായത് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിന് തരൂരിന്റെ നിലപാടുകള്‍ തലവേദനയാണെന്ന വാദം കോണ്‍ഗ്രസില്‍ സജീവമാണ്.
ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്നതാണ് മോദിയുടെ പ്രധാന മുദ്രാവാക്യം. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുക എന്നതാണ് മോദിയുടെ ഈ മുദ്രവാക്യത്തിലെ ലക്ഷ്യം. ഡല്‍ഹിയില്‍ പോലും ഈ വാദം ഏറ്റു. കേരളമാണ് ഇനിയും അത് ഏറ്റെടുക്കാത്തത്. കേരളത്തില്‍ സിപിഎമ്മാണ് വെല്ലുവിളി. അതായത് കേന്ദ്രത്തില്‍ ബിജെപിയുടെ വിദേശ നയത്തെ പിന്തുണച്ച തരൂര്‍ കേരളത്തില്‍ പിണറായിയുടെ വികസനത്തെ ഉയര്‍ത്തികാട്ടുന്നു. അതായത് മോദിയേയും പിണറായിയേയും ഉയര്‍ത്തികാട്ടുന്ന ഇരട്ട ബുസ്റ്റിംഗാണ് തരൂരിന്റേത്. കോണ്‍ഗ്രസിന് ഏറെ വെല്ലുവിളിയായി തരൂരിന്റെ നിലപാടുകള്‍ മാറിയേക്കും. ഇതിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ മറികടക്കുമെന്നതാണ് നിര്‍ണ്ണായകം. രാഹുല്‍ ഗാന്ധിയുമായി അത്ര നല്ല സൗഹൃദം തരൂരിനില്ല. തിരുവനന്തപുരത്ത് തരൂരിന് വേണ്ടി പ്രചരണം പോലും രാഹുല്‍ ഒഴിവാക്കിയെന്ന വാദങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയില്‍ ഉയര്‍ന്നതുമാണ്. അതുകൊണ്ട് തന്നെ തരൂരിന്റെ ഈ പ്രസ്താവനകളെ എങ്ങനെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നതാണ് നിര്‍ണ്ണായകം.
വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയെ പ്രകീര്‍ത്തിച്ചാണ് ശശി തരൂര്‍ ലേഖനം എഴുതിയത്. സ്റ്റാര്‍ട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കല്‍ എന്നിവ തരൂര്‍ ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 'ചെയ്ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന ലേഖനത്തിലാണ് കണക്കുകള്‍ ഉദ്ധരിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ വ്യവസായ കുതിച്ചുചാട്ടം വിവരിച്ചത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് മാധ്യമങ്ങളുടെയും വ്യാജപ്രചാരണം പൊളിക്കുകയാണ് തരൂര്‍ എന്നാണ് ദേശാഭിമാനിയുടെ നിരീക്ഷണം. ലേഖനം സംബന്ധിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ലെന്ന് കൂടി ദേശാഭിമാനി പറയുന്നു. തരൂരിനോട് വ്യവസായ മന്ത്രി പി രാജീവ് നന്ദി പറയുകയും ചെയ്തു. പിണറായി സര്‍ക്കാരിന് നിയമസഭയിലേയും മറ്റും വിമര്‍ശനങ്ങളെ അതിജീവിക്കാന്ഡ കരുത്ത് നല്‍കുന്നതാണ് തരൂരിന്റെ ലേഖനം. വിശദമായാണ് പിണറായി സര്‍ക്കാരിനെ തരൂര്‍ വിലയിരുത്തുന്നത്.
സ്റ്റാര്‍ട്ടപ്പ് മേഖലയിലുണ്ടായ കുതിപ്പ് ലേഖനം എടുത്തുപറയുന്നു. ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ റിപ്പോര്‍ട്ട് (2024) പ്രകാരം സ്റ്റാര്‍ട്ടപ്പ് മൂല്യം ആഗോള ശരാശരിയെക്കാള്‍ അഞ്ചിരട്ടിയായി. 45 ലക്ഷം കമ്പനികളിലെ ഡാറ്റ വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ 18 മാസത്തെ മൂല്യം 170 കോടി ഡോളര്‍. 2021-23 ല്‍ ആഗോള വളര്‍ച്ച 46 ശതമാനമാണെങ്കില്‍ കേരളം നേടിയത് 254 ശതമാനം. രണ്ട് മിനിറ്റ് കൊണ്ട് വ്യവസായം തുടങ്ങാനുള്ള സംവിധാനമുണ്ടെന്ന് മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് വലിയ നേട്ടമാണ്. വ്യവസായം തുടങ്ങാന്‍ അമേരിക്കയിലും സിംഗപ്പുരിലും മൂന്നുദിവസവും ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവും വേണ്ടിയിരുന്നിടത്താണ് അത്ഭുതകരമായ മാറ്റം. ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്നു മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു നടപ്പാകുകയും ചെയ്യുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ 29 സംസ്ഥാനങ്ങളില്‍ 28-ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാമതെത്തിയിട്ടുണ്ട്. എഐ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ നയം കേരളം നടപ്പാക്കി. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണെന്ന് താന്‍ പറയാറുണ്ട്. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതു തന്നെയാണ്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേന്ദ്രീകരിക്കുന്ന നയം നടപ്പാക്കിയതും സംരംഭകവര്‍ഷം പദ്ധതിയിലൂടെ 2.9 ലക്ഷം എംഎസ്എംഇകള്‍ സ്ഥാപിച്ചതും തരൂര്‍ എടുത്തു പറഞ്ഞു.
ഇതിനൊപ്പമാണ് മോദിയേയും പുകഴ്ത്തി കോണ്‍ഗ്രസിന് ഇരട്ട തലവേദന തരൂര്‍ നല്‍കുന്നത്. ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, കുടിയേറ്റം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. 175 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനായ തവാഹൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്ക്ക് വിട്ട് നല്‍കാമെന്ന കരാറില്‍ ട്രംപ് ഒപ്പുവെച്ചത് വലിയ നേട്ടമായി. എഫ് 35 എന്ന ആധുനിക യുദ്ധവിമാനവും ഇന്ത്യയ്ക്ക് നല്‍കാന്‍ യുഎസ് തയ്യാറായിട്ടുണ്ട് എന്നത് പ്രതിരോധ രംഗത്തെ നിസ്സാര നേട്ടമല്ല. മോദിയും ട്രംപും തമ്മില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി എന്നതും നിസ്സാരനേട്ടമല്ല. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒരേ നിലപാടുള്ളവരാണെന്നും മോദി ആ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു അതേ സമയം അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇതിനെയെല്ലാം അംഗീകരിക്കുന്ന നിലപാടാണ് ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ കൂടിയായ തരൂര്‍ എടുക്കുന്നത്.