- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ 'താക്കോല്‍ വകുപ്പ്' തരൂരിന് കിട്ടുമ്പോള്‍
ന്യൂഡല്‍ഹി: ശശി തരൂരും കോണ്‍ഗ്രസ് ഹൈക്കമാണ്ടും തമ്മിലെ ഭിന്നതകള്‍ തീരുന്നുവോ? തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത തരൂരിനെ വീണ്ടും കോണ്‍ഗ്രസ് അംഗീകരിക്കുകയാണ്. പാര്‍ലമെന്റിന്റെ 24 സ്ഥിരം സമിതികളും പുനഃസംഘടിപ്പിച്ചു. വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷന്‍ ശശി തരൂര്‍ അടക്കം എല്ലാ കമ്മിറ്റികളുടെയും തലവന്മാര്‍ തുടരും. തരൂരിനെ ഈ പദവിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അത് ഹൈക്കമാണ്ട് തള്ളുകയാണ്. ഇതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസുമായി അടുക്കും. കേരളത്തില്‍ അടക്കം നിര്‍ണ്ണായക ഇടപെടലുകള്‍ തരൂര്‍ നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തരൂരിനെ മാറ്റുന്നതിനെ രാഹുല്‍ ഗാന്ധി അടക്കം എതിര്‍ത്തു. എല്ലാവരും ഒരുമിച്ച് മുമ്പോട്ട് പോകുമെന്ന സന്ദേശം നല്‍കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങിലും തരൂര്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ തരൂര്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്നു വ്യത്യസ്തമായി അഭിപ്രായപ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി വീണ്ടും നോമിനേറ്റ് ചെയ്തത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ സോണിയ ഗാന്ധിയാണു സ്പീക്കര്‍ക്കു കത്തുനല്‍കുന്നത്. തരൂരിനു പുറമേ ദിഗ്‌വിജയ് സിങ് (വിദ്യാഭ്യാസം), ചരണ്‍ജിത് സിങ് ഛന്നി (കൃഷി), സപ്തഗിരി ഉലാക (ഗ്രാമവികസനം) എന്നിവരെയും കോണ്‍ഗ്രസ് നിലനിര്‍ത്തുന്നത്. ഇതില്‍ തരൂരിനെ നീക്കുമോ എന്നത് ഏവരും ഉറ്റുനോക്കിയിരുന്നു. സോണിയാ ഗാന്ധി തന്നെ കത്ത് നല്‍കിയതിലൂടെ സന്ദേശം വ്യക്തമാണ്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണു സ്ഥിരം സമിതികള്‍ പുനഃസംഘടിപ്പിക്കുന്നത്.
ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ജന്‍ വിശ്വാസ് ഭേദഗതി ബില്‍, പാപ്പരത്ത നിയമ ഭേദഗതി ബില്‍ എന്നിവ പരിഗണിക്കാനായി പാര്‍ലമെന്റിന്റെ 2 സിലക്ട് കമ്മിറ്റികളും രൂപീകരിച്ചു. ജന്‍ വിശ്വാസ് ഭേദഗതി ബില്‍ പരിഗണിക്കുന്ന കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ അംഗമാണ്. ബിജെപിയുടെ തേജസ്വി സൂര്യയാണ് അധ്യക്ഷന്‍. ഐബിസി സിലക്ട് കമ്മിറ്റിയുടെ അധ്യക്ഷന്‍ ബിജെപിയുടെ ബൈജയന്ത് പാണ്ഡയാണ്. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമാകുന്നതു വ്യവസ്ഥ ചെയ്യുന്ന 3 ബില്ലുകള്‍ പരിഗണിക്കേണ്ട സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ഡല്‍ഹി എന്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയില്‍ രാഷ്ട്രം മുഖ്യം എന്ന പ്രസ്താവന ആവര്‍ത്തിച്ച് ശശി തരൂര്‍ പഴയ നിലപാടുകളില്‍ ഉറച്ചു നിന്നിരുന്നു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്നതാണ് തന്റെ നിലപാടെന്നാണ് തരൂര്‍ പറഞ്ഞത്.
18 വര്‍ഷം പഠിച്ച ശേഷമാണ് താന്‍ ഇതെല്ലാം പറയുന്നത്. ഇതില്‍ ആരെല്ലാം തനിക്കൊപ്പമുണ്ടെന്ന് അറിയില്ല എന്നും തരൂര്‍ പറഞ്ഞു. പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പിനെയും തരൂര്‍ വിമര്‍ശിച്ചു. പലിശ പോലും നല്‍കാനാവാതെ കടം വാങ്ങല്‍ തുടരുന്നു എന്നാണ് വിമര്‍ശനം. കടമെടുത്ത് പലിശ പോലും അടക്കാനാകാതെ വികസന പ്രവര്‍ത്തനം നടത്തിയിട്ട് എന്ത് കാര്യം? നിക്ഷേപം കൊണ്ടുവന്ന് തൊഴിലവസരം ഉണ്ടാക്കണം. മാറ്റത്തിനായി കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വേണം. എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് സംസ്ഥാനത്തിന് ഉചിതമല്ലെന്നും പൊതു പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം എന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് പരസ്യ നിലപാട് എടുത്തിരുന്നു. അതിനു ശേഷം ചില അനുനയ ശ്രമം കോണ്‍ഗ്രസ് നടത്തി. ഇതിനിടെയാണ് ഡല്‍ഹിയില്‍ എന്‍ എസ് എസ് ചടങ്ങില്‍ തരൂര്‍ എത്തുന്നത്. ഇത് എന്‍ എസ് എസ് നല്‍കുന്ന സന്ദേശം കൂടിയാണ്.
കഴിഞ്ഞ ആഴ്ച ഐഎസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ മഹിളാ കോണ്‍ഗ്രസിന്റെ വേദിയില്‍ എത്തിയത്. പിണറായി സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനമായിരുന്നു ചടങ്ങ്. കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് ചില നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. അതിന് ശേഷം കേരളത്തിലെത്തുന്ന തരൂര്‍ മറ്റ് പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കി. ഇതിനാണ് മാറ്റം വരുന്നത്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് തരൂര്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യവും ഈ യോഗത്തിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരെല്ലാം തരൂരിനൊപ്പം വേദി പങ്കിട്ടു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന് വീണ്ടും അവസരം ഒരുക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രം സമര്‍പ്പണത്തില്‍ താരമായി തരൂര്‍ മാറി. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു ഈ പാര്‍ട്ടി പരിപാടി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിനുള്ള പ്രസക്തി എഐസിസി നേതൃത്വം തിരിച്ചറിഞ്ഞതാണ് തരൂരിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ ദിവസം ദീപാദാസ് മുന്‍ഷി നേരിട്ട് തരൂരിനെ ഫോണില്‍ വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. രാജ്ഭവനിലെ ത്രൈമാസിക പ്രകാശനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങാനായിരുന്നു തരൂര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപാദാസ് മുന്‍ഷിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് പരിപാടിയില്‍ മാറ്റം വരുത്തി. മഹിളാ കോണ്‍ഗ്രസ് വേദിയിലും എത്തി. പരിപാടിയുടെ ഫ്ളക്സിലും തരൂരിന്റെ ചിത്രമുണ്ടായിരുന്നു. മോദി അനുകൂല പ്രസ്താവനകളുടെ പേരില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും തരൂരിനെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന ചിന്ത ഹൈക്കമാണ്ടിനുണ്ട്. എന്‍ എസ് എസിന് അടക്കം താല്‍പ്പര്യമുള്ള തരൂരിനെ സജീവമാക്കി ചില വെല്ലുവിളികള്‍ മറികടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഈ സന്ദേശം നല്‍കിയാണ് ദീപാ ദാസ് മുന്‍ഷി ഇടപെടല്‍ നടത്തിയത്. ന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളില്‍ പ്രവര്‍ത്തകസമിതിയംഗം ശശി തരൂരിനു ശക്തമായ താക്കീത് നല്‍കിയിരുന്നു കോണ്‍ഗ്രസ് നേതൃത്വം എന്ന റിപ്പോര്‍ട്ടുകള്‍ എത്തി. ഇത് തരൂര്‍ നിഷേധിക്കുകയും ചെയ്തു.
മുന്‍പും പലതവണ തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനു കോണ്‍ഗ്രസ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും തരൂര്‍ 'ലക്ഷ്മണരേഖ' കടന്നെന്നു പരസ്യ വിമര്‍ശനം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യപാക്ക് സംഘര്‍ഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂര്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഫുള്‍ മാര്‍ക്ക് നല്‍കിയ തരൂര്‍, മോദി നടത്തിയ അഭിസംബോധനയെയും പ്രകീര്‍ത്തിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിനെതിരെയും കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന ശശി തരൂര്‍ വോട്ടെടുപ്പുദിനം വിവാദത്തിന് തിരഞ്ഞെടുത്തത് മനപൂര്‍വമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തല്‍. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കുറച്ചുകാലമായി നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു.
എഐസിസി തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന്റെ സ്ഥാനാര്‍ഥിക്കെതിരെ മത്സരത്തിനിറങ്ങിയതാണ് തരൂരിന് കോണ്‍ഗ്രസില്‍ തിരിച്ചടിയായത്. എഐസിസി പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കിയെങ്കിലും പ്രത്യേക ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന തരൂര്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ഉപനേതാവ് സ്ഥാനമൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ശശി തരൂരിനെ പരിഗണിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായിരുന്നില്ല. പാര്‍ട്ടിയില്‍ നിരന്തരമായി അവഗണ നേരിടുന്നതായുള്ള ആരോപണത്തിനിടയിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയേയും പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസില്‍ പഴം കഥകളായി മാറിയേക്കും.