മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തലവേദനയാകുന്നു. സ്ഥാനാര്‍ഥി നിര്‍ണായ കാര്യത്തില്‍ കോണ്‍ഗ്രസുമായി വിലപേശലിനാണ് അന്‍വര്‍ തയ്യാറെടുക്കുന്നത്. അന്‍വറിന്റെ സമ്മര്‍ദ്ദത്താല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് വി എസ് ജോയി, കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരില്‍ ആരെ കളത്തിലിറക്കണമെന്നതാണ് കോണ്‍ഗ്രസ്സ്് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി.

ജോയിക്ക് വേണ്ടിയാണ് അന്‍വര്‍ വാദിക്കുന്നത്. എന്നാല്‍, മലബാറില്‍ മുസ്ലിം എംഎല്‍എയായി ടി സിദ്ദിഖ് മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിലും മുന്നണിയിലും പൊതുവേ ഉയരുന്ന വികാരം. പെന്തക്കോസ്ത് വിഭാഗക്കാരനായ ജോയിക്ക് വേണ്ടി കത്തോലിക്കാ സഭ വാശിപിടിക്കില്ലെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ യുഡിഎഫില്‍ കയറുന്നതിന് മുമ്പ് തന്നെ അന്‍വര്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കയാണ്. ഇങ്ങനെയുള്ള ആള്‍ മുന്നണിയില്‍ കയറിയാല്‍ എന്താകും അവസ്ഥ എന്ന ചോദ്യവും ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചത് മുതല്‍ പി.വി.അന്‍വര്‍ യുഡിഎഫ് പ്രവേശനത്തിനായി പതിനെട്ടടവും പയറ്റിവരികയാണ്. അതിന്റെ ഭാഗമയാണ് ഇപ്പോഴത്തെ സമ്മര്‍ദ്ദ നീക്കങ്ങള്‍. സ്വന്തം പാര്‍ട്ടി രൂപീകരണ ശ്രമം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തിനില്‍ക്കുന്ന അന്‍വറിന് മുന്നിലുള്ള അവസാന അവസരമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ പ്രവേശനം നേടനായില്ലെങ്കില്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കുമെന്ന തിരിച്ചറിവില്‍ വ്യക്തമായ കണക്ക് കൂട്ടലിലാണ് അന്‍വറുള്ളത്.

മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്ക്കായി വാദിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഒന്നുകില്‍ താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ പ്രവേശനം, ഇതാണ് അന്‍വര്‍ മുന്നോട്ട് വെക്കുന്നത്. അന്‍വറിന് വഴങ്ങി ജോയിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എങ്ങനെ നേരിടുമെന്നാകും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിന് പല സഖ്യകക്ഷികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.

അന്‍വറിനെ പിണക്കുന്നതും നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റില്‍ മത്സരിച്ച് വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുക. അന്‍വര്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ യുഡിഎഫിന്റെ വിജയസാധ്യകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

തന്നെ മുന്നണിയിലെടുക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അന്‍വര്‍ പറയുന്നത്. അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ താന്‍ അറിയിച്ചിട്ടുണ്ടെന്നും ഇനി അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ സീറ്റ് വേണമെന്ന ശക്തമായ ആവശ്യവുമായി ആര്യാടന്‍ ഷൗക്കത്തും കളത്തിലുണ്ട്. വി എസ് ജോയിയെയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന അന്‍വറിന്റെ സമ്മര്‍ദം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ യു ഡി എഫ് പ്രവേശവും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ്.

നിലമ്പൂരില്‍ തന്നെ മത്സരിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് അന്‍വറിന്റെ ലക്ഷ്യം. അതേസമയം ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ നിലമ്പൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അന്‍വര്‍ കണക്കുകൂട്ടുന്നു. ബദ്ധവൈരികളായതിനാല്‍ വിജയശേഷം ഷൗക്കത്ത് തന്നെ അംഗീകരിക്കില്ല. നിലമ്പൂരിലെ തന്റെ പ്രാധാന്യത്തിന് കോട്ടം തട്ടുമോയെന്നും അന്‍വര്‍ ഭയക്കുന്നുണ്ട്. ഇക്കാരണങ്ങളാലാണ് അന്‍വര്‍, ജോയിക്കായി സമ്മര്‍ദം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ആര്യാടന്‍ ഷൗക്കത്ത് അന്‍വറിന്റെ വീട്ടിലെത്തി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.

ദേശീയ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ യു ഡി എഫ് പ്രവേശനം അത്ര സുഗമമായിരിക്കില്ലെന്ന ബോധ്യം അന്‍വറിനുണ്ട്. യു ഡി എഫ് പ്രവേശനം ഉപതിരഞ്ഞെടുപ്പിന് മുമ്പ് സാധ്യമായില്ലെങ്കില്‍ പിന്നീട് വലിയ കടമ്പകള്‍ താണ്ടേണ്ടി വരും. ഇത് തിരിച്ചറിഞ്ഞാണ് അന്‍വറിന്റെ സമ്മര്‍ദനീക്കമെന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. അന്‍വറിന്റെ ഈ നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്.

അതേസമയം, കോണ്‍ഗ്രസ്സിലെ പാളയത്തില്‍ പടയില്‍ നോട്ടമിട്ട എല്‍ ഡി എഫ് ഇതുവരെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണമായിരിക്കുമെന്നത് സി പി എം നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. അത് കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെയാകുമോയെന്നാണ് അറിയേണ്ടത്. ജോയിയോ ഷൗക്കത്തോ യു ഡി എഫ് സ്ഥാനാര്‍ഥി എന്നറിഞ്ഞാലേ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം വരൂവെന്നാണ് വിലയിരുത്തല്‍.

2021ല്‍ നിലമ്പൂര്‍ സീറ്റ് വി വി പ്രകാശിനായി വിട്ടുകൊടുത്തപ്പോള്‍ അടുത്ത തവണ സ്ഥാനാര്‍ഥിയാക്കുമെന്ന് പാര്‍ട്ടി ഉറപ്പേകിയിരുന്നെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ അവകാശവാദം. ഇത് മുന്നില്‍ കണ്ട് താഴെത്തട്ടിലടക്കം സംഘടനാപ്രവര്‍ത്തനം ഷൗക്കത്ത് ശക്തമാക്കി വരികയാണ്. ഇങ്ങനെ പ്രവര്‍ത്തിച്ച് മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ സീറ്റ് ലഭിക്കാതെ പോയാല്‍ ഷൗക്കത്ത് മറ്റൊരു തീരുമാനത്തിലേക്കെത്തും. ഇത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഷൗക്കത്തിന്റെ ഈ രാഷ്ട്രീയനീക്കത്തിനാണ് സി പി എമ്മും കാത്തിരിക്കുന്നത്.

ജില്ലയിലെ എ ഗ്രൂപ്പ് നേതാവെന്ന പ്രതീതിയും മുസ്ലിം ലീഗുമായി നേരത്തേ ഉണ്ടായിരുന്ന വാക്പോരുകളും 2016ലെ തിരഞ്ഞെടുപ്പ് പരാജയവുമെല്ലാം ആര്യാടന്‍ ഷൗക്കത്തിന് പ്രതികൂലമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും മകന്‍ ഷൗക്കത്തിനെതിരെയും നിശിത വിമര്‍ശം ഉന്നയിച്ചാണ് 2016ല്‍ അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചതും വിജയിച്ചതും. എല്‍ ഡി എഫ് വിടുന്നത് വരെ അന്‍വറും ഷൗക്കത്തും ബദ്ധവൈരികളായാണ് കഴിഞ്ഞിരുന്നത്. അന്‍വറിനെതിരെ ജില്ലയില്‍ പടപൊരുതിയത് ഷൗക്കത്താണ്. ശക്തിയുക്തം ഇടതു എംഎല്‍എയായിരുന്ന അന്‍വറിനെ ഷൗക്കത്ത് എതിര്‍ത്തു. ്അത് എങ്ങനെയാണ് തെറ്റായി മാറുക എന്നാണ് ഷൗക്കത്ത് ചോദിക്കുന്നത്. പ്രതിപക്ഷത്തു നിന്നും പ്രവര്‍ത്തിക്കേണ്ട രീതിയില്‍ ശക്തമായി പ്രവര്‍ത്തിച്ചു. അതിന്‍രെ പേരില്‍ തള്ളിക്കളയുക എന്നത് ശരിയല്ലെന്നാണ് ഷൗക്കത്ത് അനുകൂലികളും വാദിക്കുന്നത്.

അന്‍വര്‍ ഒരു ഭാഗത്തിരുന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദതന്ത്രം ഉപയോഗിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കോണ്‍ഗ്രസ്സ് നേതൃത്വമാണ്. പ്രതിസന്ധി രൂക്ഷമായാല്‍ ജോയിയെയും ഷൗക്കത്തിനെയും വെട്ടി മൂന്നാമതൊരാളിലേക്ക് സ്ഥാനാര്‍ഥി ലിസ്റ്റ് പോയേക്കാമെന്ന സൂചനയും കോണ്‍ഗ്രസ്സ്് നേതൃത്വം നല്‍കുന്നുണ്ട്. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി വന്നുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.