തിരുവനന്തപുരം: ഇനി യുഡിഎഫിന്റെ നയവും തീരുമാനവും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയും. അതും ഘടകകക്ഷികളുമായി ഉള്‍പ്പെടെ ആലോചിച്ച്. അതിന് മുമ്പ് ആരും ഇനി സമരങ്ങളിലെ നയം പ്രഖ്യാപിക്കില്ല. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഉന്നത തല യോഗത്തില്‍ സതീശന്റെ 'ട്രോള്‍' കൊണ്ടത് രമേശ് ചെന്നിത്തലയ്ക്കാണ്. ഇതിനൊപ്പം കെ മുരളീധരനും വേദനിക്കുമെന്നാണ് വിലയിരുത്തല്‍. തനിക്ക് മുഖ്യമന്ത്രി മോഹമില്ലെന്ന് പറഞ്ഞ അതേ യോഗത്തിലാണ് സതീശന്‍ 'ഓവര്‍ടേക്കിങ്' ചര്‍ച്ചയും തുടങ്ങിയത്. തന്നെ ഓവര്‍ടേക്ക് ചെയ്ത് ചിലര്‍ മുഖ്യമന്ത്രി പദ ചര്‍ച്ചകള്‍ സജീവമാക്കുന്നതിലെ പരിഭവം ഈ ട്രോളിലുണ്ടെന്നാണ് വിശകലനം വരുന്നത്.

യുഡിഎഫ് നിലപാട് പറയാനിരിക്കെ തനിക്കു മുന്‍പേ മാധ്യമ സമ്മേളനം വിളിക്കുന്ന മറ്റു നേതാക്കളുടെ രീതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഹൈക്കമാന്‍ഡിനു മുന്നില്‍ ഉന്നയിച്ചത്. എഐസിസി വിളിച്ച കേരള നേതാക്കളുടെ യോഗത്തിലാണ് സതീശന്‍ രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ പേരെടുത്തു പറയാതെ ട്രോള്‍ പരിഹാസം ഉയര്‍ത്തിയത്. ചെന്നിത്തലയേയും കെ മുരളീധരനേയുമാണ് പ്രതിപക്ഷ നേതാവ് ലക്ഷ്യമിട്ടതെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സതീശനൊപ്പം ചേര്‍ന്നു. ഈ വിമര്‍ശനത്തോട് ആരും പ്രതികരിച്ചില്ല. എങ്കിലും സമര പ്രഖ്യാപന അവകാശം തനിക്ക് സ്ഥാപിച്ചെടുക്കുകയായിരുന്നു സതീശന്‍.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞതിനോടു പൂര്‍ണമായും യോജിച്ചായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം ഇതിന് തെളിവാണ്. 'ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇതുവരെ ഇല്ലാത്തവിധം ഐക്യം കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടെ'ന്നും പറഞ്ഞായിരുന്നു സതീശന്‍ തുടങ്ങിയത്. പിന്നെന്താണ് പ്രശ്‌നമെന്നും ഈ യോഗം എന്തിനാണെന്നും രാഹുല്‍ ആരാഞ്ഞു. ഈ ഘട്ടത്തിലാണ് സതീശന്‍ നേതാക്കളുടെ 'ഓവര്‍ടേക്കിങ്' സൂചിപ്പിച്ചത്. മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്നും അതിന് യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്നും പറഞ്ഞ യോഗത്തിലാണ് 'ഓവര്‍ടേക്കിങ്' പരാമര്‍ശത്തിലൂടെ സതീശന്‍ കത്തി കയറിയത്.

ഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് 10 മണിക്ക് മാധ്യമസമ്മേളനം വിളിച്ചു നിലപാട് പറയാനിരിക്കെ 8ന് ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണവും 9ന് മറ്റൊരാള്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടുന്നതാണ് പതിവെന്ന് സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കു പല അഭിപ്രായമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടാന്‍ ഇതു കാരണമാകുന്നുവെന്നാണ് സതീശന്റെ നിലപാട്. അതായത് ഇനി ഒരു വിഷയത്തിലും തനിക്ക് മുമ്പ് ആരും പത്ര സമ്മേളനം വിളിക്കരുതെന്ന് സാരം. ബ്രൂവറി അടക്കമുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സിപിഎമ്മും പല നേതാക്കളുടെ പല അഭിപ്രായങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. അന്നൊന്നും അതില്‍ പ്രശ്‌നമില്ലെന്ന് സതീശന്‍ പരസ്യമായി പറഞ്ഞു. പക്ഷേ ഡല്‍ഹിയിലെ പാര്‍ട്ടി യോഗത്തില്‍ പരാതിയാക്കുകയും ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു മികച്ച വിജയം നേടാമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ ഇക്കാര്യങ്ങളില്‍ നേരിട്ടു വിവരമറിയാന്‍ തനിക്കു സംവിധാനമുണ്ടെന്നു രാഹുല്‍ മറുപടി പറഞ്ഞു. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ തരംതിരിച്ചു പോരാട്ടം നയിക്കണമെന്ന് സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 140 ഇടത്തും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ ശ്രമിക്കണമെന്ന് പറയുകയായിരുന്നു രാഹുല്‍. അതായത് ജയസാധ്യതാ മാനദണ്ഡത്തെ ഹൈക്കമാണ്ട് അനുകൂലിക്കുന്നില്ലെന്ന് സാരം. പാര്‍ട്ടിയുടെ ദേശീയ ലൈനും നയവും മനസ്സിലാക്കി വേണം പരസ്യപ്രസ്താവനകള്‍ നടത്താനെന്നും എത്ര വലിയ നേതാവായാലും ലക്ഷ്മണ രേഖ മറികടക്കരുതെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കേരളഘടകത്തിനു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കു വേണ്ടതു നല്ലൊരു ജയമാണ്. ജനവും അതാഗ്രഹിക്കുന്നു. ഇതു മനസ്സില്‍ വച്ചു വേണം ഓരോ നേതാവിന്റെയും പെരുമാറ്റവും പ്രസ്താവനകളും. ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞവച്ചത് ഇങ്ങനെയാണ്.

ഡല്‍ഹിയിലെ മൂന്നരമണിക്കൂര്‍ നീണ്ട യോഗത്തില്‍ ഓരോ നേതാക്കള്‍ക്കും 3 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ആമുഖമായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസാരിച്ചു. നേതൃത്വം ആഗ്രഹിക്കാത്ത വിഷയങ്ങളിലേക്കു ചര്‍ച്ച പോകേണ്ടതില്ലെന്ന സൂചനയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഐക്യസന്ദേശം നല്‍കിയിരിക്കെ കെപിസിസി അധ്യക്ഷനെ മാറ്റുന്ന വിഷയം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് തല്‍ക്കാലം ചര്‍ച്ച ചെയ്യാതിരുന്നതെന്നാണു സൂചന.