ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ എന്‍ഡിഎ പ്രഖ്യാപിച്ചത് പതിവുപോലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ മൂര്‍ച്ച എത്രത്തോളമുണ്ടെന്നതിന്റെ തെളിവായി മാറിയിരുന്നു. നേരത്തെ പ്രചരിച്ച പല പേരുകളും അഭ്യൂഹങ്ങളും തള്ളിക്കൊണ്ടാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടുകാരനായ രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും ബിജെപിക്കുണ്ട്.

ആര്‍എസ്എസിലൂടെ വളര്‍ന്ന്, തമിഴ്നാട് ബിജെപി അധ്യക്ഷനായി, എംപിയായി, പല സംസ്ഥാനങ്ങളുടെ ഗവര്‍ണറായി, ഒടുവില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്കുവരെ തന്റെ പേരും പെരുമയും വിപുലപ്പെടുത്തിയിരിക്കുകയാണ് രാധാകൃഷ്ണന്‍. നേരത്തെ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജനതാദള്‍ (യുണൈറ്റഡ്) എംപി ഹരിവംശ്, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോത്ത് തുടങ്ങി ശശി തരൂര്‍ വരെയുള്ളവരുടെ പേരുകള്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമായാണ് രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി വന്നതും ഇതുപോലെ അപ്രതീക്ഷിതമായിട്ടാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്ന് ബിജെപി എല്ലാവരെയും അദ്ഭുതപ്പെടുത്തിയതും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഫലമായിട്ടായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആള്‍ എന്ന സവിശേഷതയും സി.പി. രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലുണ്ട്.

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവിനെ പരിഗണിച്ചതിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തിലും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപി നടത്തിയത്. തമിഴന്‍ ഉപരാഷ്ട്രപതിയാകുന്നതിനെ ഡിഎംകെ തടയുമോ എന്നാണ് അറിയേണ്ടത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ഡി.എം.കെ.യുടെ നിലപാട് എന്തായിരിക്കുമെന്ന ചര്‍ച്ച തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകുന്നു.

ആര്‍ വെങ്കിട്ടരാമനു ശേഷം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാള്‍ ഉപരാഷ്ട്രപതിയാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഡിഎംകെയുടെ തീരുമാനം നിര്‍ണായകമാകും. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ തീരുമാനിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കുനന്ത്. 'ഇന്ത്യ' സഖ്യത്തിന്റെ പൊതുനിലപാട് എന്തായിരിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച സിപി രാധാകൃഷ്ണന്‍ സ്റ്റാലിനെ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗികമായി രോഗവിവരം തിരക്കാനാണ് സന്ദര്‍ശനം എന്നായിരുന്നു വിശദീകരണം. എന്നാല്‍, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പേര് അപ്രതീക്ഷിതമല്ലെന്ന് ഡിഎംകെ നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാള്‍ ഉപരാഷ്ട്രപതിയാകുന്നത് ഡിഎംകെ. എതിര്‍ക്കുന്നു എന്ന പ്രചാരണം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി. ആയുധമാക്കാനുള്ള സാധ്യതയും പാര്‍ട്ടി കാണുന്നുണ്ട്. ഇത് ഡിഎംകെയെ പ്രതിരോധത്തിലാക്കുമെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളും വിലയിരുത്തുന്നു.

2022-ല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. സമാനമായ ഒരു നിലപാട് സ്റ്റാലിന്‍ സ്വീകരിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. എങ്കിലും ബിജെപിയോടുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണഅ ഡിഎംകെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി അടക്കം എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയേണ്ടതാണ്.

അതേസമയം സി പി രാധാകൃഷ്ണനെ എന്‍ഡിഎ ഉപരാഷ്ട്രപതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നു. ബഹുമാനപ്പെട്ട സി പി രാധാകൃഷ്ണന്‍ ജി എംപിയെന്ന നിലയിലും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്ന നിലയിലും വലിയ അനുഭവങ്ങളുള്ളയാളാണെന്ന് നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എപ്പോഴും നിര്‍ണായകമായിരുന്നുവെന്നും മോദി പറഞ്ഞു.

'സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്കായിരുന്നു ഗവര്‍ണറായിരിക്കെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നിയമനിര്‍മാണ, ഭരണഘടനാ കാര്യങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ അറിവുണ്ടെന്ന് ഈ അനുഭവങ്ങള്‍ കാണിക്കുന്നു. അദ്ദേഹം പ്രചോദിപ്പിക്കുന്ന ഒരു ഉപരാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്‍ഡിഎ കുടുംബം അദ്ദേഹത്തെ ഞങ്ങളുടെ സഖ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്', മോദി പറഞ്ഞു.

ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് സി.പി. രാധാകൃഷ്ണന്‍. 2003 മുതല്‍ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം ചെയ്തു. 1957 ഒക്ടോബര്‍ 20-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനനം.