ന്യൂഡല്‍ഹി: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായത് തീര്‍ത്തും അപ്രതീക്ഷിതമായി. അന്‍വര്‍ യുഡിഎഫില്‍ ചേരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെയാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറിയത്.

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ പിണറായിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെട്ടത്.

എന്നാല്‍ ഈ നീക്കം പിന്നീട് മുന്നോട്ട് പോയില്ല. മലപ്പുറം ജില്ലയില്‍ നിന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ എതിര്‍പ്പും മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമാണ് അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശത്തിന് തടസ്സമായത്. അന്‍വറിനെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ പാര്‍ട്ടി വിടുമെന്ന് പ്രമുഖ നേതാവ് നിലപാടെടുത്തുവെന്നും വിവരമുണ്ട്.

അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്ലിം ലീഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അന്‍വറിനു സമയം നല്‍കിയിരുന്നില്ല. അന്‍വറിനെ പിന്തുണയ്ക്കുകയല്ല മറിച്ച് എംഎല്‍എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള വിമര്‍ശനമാണ് തങ്ങള്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പിന്നീട് സ്വീകരിച്ച നിലപാട്.

മുന്‍ അനുയായി എന്ന നിലയില്‍ കെ.സുധാകരന് അന്‍വറിനോടു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള അന്‍വറിനെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യം ഇല്ലാതെ വന്നതോടെ അന്‍വര്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.

പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ പി.വി.അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായി അടുക്കാന്‍ അന്‍വര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. മഞ്ചേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന സാമൂഹിക സംഘടനയും പ്രഖ്യാപിച്ചിരുന്നു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യമെന്നും അന്‍വര്‍ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചിരുന്നു.

ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓപ്പറേഷനാണ് ഡിഎംകെ പ്രവേശനം തടഞ്ഞതെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. 'തൃണമൂല്‍ ആന്റി കമ്മ്യൂണിസ്റ്റാണ്. ആന്റി ഫാസിസ്റ്റിനെയാണ് നമ്മള്‍ നേടിയത്. പിണറായിയുടെ ഇടപെടലില്‍ ആന്റി കമ്മ്യൂണിസ്റ്റിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് എന്റെ കുഴപ്പമല്ല. ഡിഎംകെ ചാപ്റ്റര്‍ ക്ലോസ്ഡ്', എന്നായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ പ്രതികരണം.