- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ നിയമസഭ പതിനാറാമത് സമ്മേളനം 20ന് ആരംഭിക്കും; 29ന് ബജറ്റ് അവതരണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍
കേരളാ നിയമസഭ പതിനാറാമത് സമ്മേളനം 20ന് ആരംഭിക്കും; 29ന് ബജറ്റ് അവതരണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം 20ന് ആരംഭിക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനുവരി 20 മുതല്‍ മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. 22, 27, 28 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നു.
29ന് 2026 - 27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 2, 3, 4തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കുന്നതാണ്. ഫെബ്രുവരി 5-ാം തീയതി 2025 - 26 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തികവര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകള്‍ എന്നിവ പരിഗണിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്നു.
തുടര്‍ന്ന് ആറുമുതല്‍ 22വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ വിശദമായി ചര്‍ച്ച ചെയ്തു പാസ്സാക്കുന്നതാണ്. 2025-26 വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാകേണ്ടതുണ്ട്.
സമ്മേളന കാലയളവില്‍ ജനുവരി 23 ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു 2026മാര്‍ച്ച് 26-ന് സഭ പിരിയും.
പതിനഞ്ചാം കേരള നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ ആകെ 182 ദിവസം സഭ ചേരുകയും 158 ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്. 14 ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. വിജ്ഞാപനം ചെയ്ത ആകെ നാല് ബില്ലുകള്‍ മാത്രമാണ് ഇനി സഭ പരിഗണിക്കാനുള്ളത്.


