തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിനും സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുമാണ് നിയമനിർമ്മാണം. ചാൻസലർ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ ശുപാർശ സഭയിൽ ഭാഗികമായി അംഗീകരിച്ചുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

സ്പീക്കറെ പരിഗണിക്കുന്നത് സ്വാഗതം ചെയ്യുന്നെന്നും എന്നാൽ, സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ചാൻസലർ ആക്കണമെന്നും മന്ത്രി പറഞ്ഞു. കേരള, മഹാത്മാഗാന്ധി, കൊച്ചി, കലിക്കറ്റ്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള, കേരള ഡിജിറ്റൽ, ശ്രീനാരായണഗുരു ഓപ്പൺ, കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുൾകലാം സർവകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി.

ഭരണഘടനാ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരട് ബിൽ തയ്യാറാക്കിയിട്ടുള്ളത്. ചാൻസലർക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളിൽനിന്ന് നീക്കംചെയ്യാൻ സർക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.

നേരത്തെ എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ വേണമെന്നാണ് പ്രതിപക്ഷം നിലപാട് സ്വീകരിച്ചത്. ഇത് സർക്കാർ തള്ളി. ഈ ആവശ്യം തള്ളിയെങ്കിലും നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതിയെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, ഈ ആവശ്യം സർക്കാർ തള്ളി.

സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷം വീണ്ടും മാറ്റം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയിൽ എത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇന്ന് നിർദ്ദേശിച്ച മാറ്റങ്ങൾ ഭാഗികമായി സർക്കാർ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം സർക്കാർ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സംസ്ഥാനത്തെ 14 സർവകലാശാലകൾക്കുമായി ഒരൊറ്റ ചാൻസലർ മതിയെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാൻസലറാകണം. ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉൾപ്പെടുത്തി സമിതിയാകാമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇത് പ്രതിപക്ഷവും അംഗീകരിച്ചു. എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ് ഈ ആവശ്യം തള്ളി. ധൈഷണിക നേതൃത്വമാണ് സർവകലാശാലകൾക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ചാൻസലർ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സഭ ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രി രാജീവ് പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നൽകില്ലെന്നും പറഞ്ഞു.

ചർച്ചയ്ക്കിടെ മുസ്ലിം ലീഗിനെ മന്ത്രി രാജീവ് വാനോളം പുകഴ്‌ത്തി. മുസ്ലിം ലീഗ് ആണ് ഗവർണറുടെ രാഷ്ട്രീയനീക്കം ആദ്യം തിരിച്ചറിഞ്ഞത്. ലീഗ് ഗവർണർക്ക് എതിരെ നടത്തിയ പ്രസ്താവന സഭയിൽ വായിച്ച മന്ത്രി, കോൺഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും പറഞ്ഞു. ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉയർത്തിയത്. ഗവർണർ കേറി ഭരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ്. ഗവർണറെ നീക്കണമെന്ന ലീഗ് നിലപാടിൽ മാറ്റമില്ല.

ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയും ലീഗ് നേതാവ് വിമർശനം ഉന്നയിച്ചു. സർവകലാശാലകളെ ഏകപക്ഷീയമായും യൂണിയൻ വത്കരിച്ചും മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ല. സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തിൽ നിന്നും കലാപങ്ങളിൽ നിന്നും സർവകലാശാലകളെ മോചിപ്പിക്കണം. അതിനുള്ള നിർദ്ദേശമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും അദ്ദേഹം പറഞ്ഞു.