തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെ ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണത്തില്‍ പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ആശിര്‍വാദത്തോടെ നിയമസഭയില്‍ എന്തെല്ലാമാണ് വിളിച്ചു പറഞ്ഞിട്ടുള്ളത് എന്നും മന്ത്രി രാജേഷ് ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ മൗനാനുവാദത്തോടെ, പ്രതിപക്ഷ നേതാവിന്റെ പ്രേരണയിലാണ് ഈ അക്രമങ്ങള്‍ സഭയില്‍ നടക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ഒരു വനിതയെ പ്രതിപക്ഷം ആക്രമിച്ചിരിക്കുകയാണ്. അങ്ങയുടെ കണ്‍മുന്നിലാണ് ഇതു നടക്കുന്നതെന്ന് രാജേഷ് സ്പീക്കറോട് പറഞ്ഞു. എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതു സഭയും ലോകവും മുഴുവന്‍ കാണുകയല്ലേ. എന്നിട്ട് ഇവിടെ വന്ന് പ്രതിപക്ഷ നേതാവ് ഗീര്‍വാണ പ്രസംഗം നടത്തുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ ലജ്ജ തോന്നുന്നില്ലേ ഇവര്‍ക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുകയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ആ ബാനര്‍ റിമൂവ് ചെയ്യൂ, ആ ബാനര്‍ പിടിച്ചു വാങ്ങിക്ക്... എന്ന് സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് ആവശ്യപ്പെട്ടു. ചെയറിന്റെ മുമ്പിലാണ് ഇതൊക്കെയെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ അവിടെ പിടിച്ചോ, പക്ഷെ ഇവിടെ പിടിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ ഷംസീര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷ അംഗത്തിനെതിരായ മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം സീറോ അവറില്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം പ്രതിപക്ഷ എം.എല്‍.എയ്ക്ക് എതിരെ നിയമസഭയില്‍ ബോഡി ഷെയ്മിങ് നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസില്‍ പരാതി. പെരിന്തല്‍മണ്ണ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് വാഫി, ജനറല്‍ സെക്രട്ടറി ഫത്താഹ് എന്നിവരുള്‍പ്പടെ 15ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നല്‍കിയത്.

നിയമസഭയില്‍ വെച്ച് നജീബ് കാന്തപുരം എം.എല്‍.എയെ മുഖ്യമന്ത്രി അവഹേളിച്ചെന്നാണ് യൂത്ത് ലീഗിന്റെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. 'എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്ന്. അത്ര ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ലത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റില്ലെന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡിനെയടക്കം ആക്രമിക്കാന്‍ പോവുകയാണ്', മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയെ രണ്ടുദിവസം സ്തംഭിപ്പിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, പ്രതിപക്ഷം സഭയില്‍ ആവശ്യമുന്നയിക്കാതെ പ്രതിഷേധം നടത്തുകയാണെന്നും വിമര്‍ശിച്ചിരുന്നു. പ്രശ്‌നം ഉന്നയിച്ചാല്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദ്യം ചെയ്തിരുന്നു.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ നോക്കുകയാണ്. സര്‍ക്കാര്‍ അതിനെ ഭയക്കുന്നില്ല. വസ്തുതകള്‍ വസ്തുതകളായി തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ശബരിമലയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ പരിശോധന നടത്തി. ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും കോടതിയില്‍ സ്വീകരിച്ച നിലപാട് വിഷയവുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. ആരുതെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ബോഡി ഷെയ്മിങ്ങിനെതിരെ നജീബ് കാന്തപുരം എം.എല്‍.എ രംഗത്തെത്തിയിരുന്നു. അരോഗ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇ.എം.എസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.

ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണ്. നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

വിഷയത്തില്‍ എ.ഐ.സി.സി അംഗം വി.ടി ബല്‍റാമും വടകര എം.പി ഷാഫി പറമ്പിലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ നേതാക്കളും മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.