- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം സി റോഡ് നാലുവരിയാക്കി വികസിപ്പിക്കും; പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217കോടി രൂപ വകയിരുത്തി; കുരുക്കഴിക്കാന്‍ ആറ് ബൈപ്പാസുകളും; റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ; പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി 8000 കോടി ചെലവഴിച്ചു: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
എം സി റോഡ് നാലുവരിയാക്കി വികസിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍ - റോഡ് ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്. ഇവയില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുന്ന പദ്ധതിയും ഉള്‍പ്പെടുന്നു. ദേശീയപാതാ വികസനത്തിനൊപ്പം എം സി റോഡും മാറുന്നത് ഈ മേഖലയിലെ ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പാകുമെന്നാണ് വിലയിരുത്തല്‍.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ബാലഗോപാല്‍ പറഞ്ഞു. വീതി കൂട്ടല്‍ മാത്രല്ല ബൈപ്പാസുകളും പദ്ധതിയുടെ ഭാഗമായുണ്ട്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഏറിയ കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജങ്ഷനുകളുടെ വികസനവുംപദ്ധതിയുടെ ഭാഗമാണ്.
കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
റോഡപകടത്തില്‍ ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ
റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ നല്‍കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഫെബ്രുവരി ഒന്ന് മുതല്‍ മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. കാന്‍സര്‍-കുഷ്ഠ-എയ്ഡ്സ് -ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200 കോടിയുടെ വര്‍ധനവാണിത്. വയോധികര്‍ക്കായി ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി വകയിരുത്തി.
കാന്‍സര്‍ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് വകയിരുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടിയും കൊച്ചി കാന്‍സര്‍ സെന്ററിന് 30 കോടിയുംആര്‍സിസിയ്ക്ക് 90 കോടിയും വകയിരുത്തി. മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി വകയിരുത്തി. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടിയും ഔഷധിയ്ക്ക് 2.3 കോടിയും പ്രഖ്യാപിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം - 70.92 കോടി പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസ മേഖലക്കയി 8000 ചെലവിട്ടു
പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ 8000 കോടി ചെലവഴിച്ചുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധിച്ചു എന്നത് ഈ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയെയും പ്രസ്തുത മേഖയിലെ മികവിനെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ സ്‌കൂള്‍ മേഖലയ്ക്കായി അനുവദിച്ച 8719.14 കോടി രൂപയില്‍ 80020 കോടി രൂപയും ചെലവഴിക്കാന്‍ സാധിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. ഈ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായും പിന്തുണ നിലനിര്‍ത്തുന്നതിനായും ഇതിനോടൊപ്പം 1128.71 കോടി രൂപ വകയിരുത്തുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി മുഖേന 2565 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചത്. പ്രൈമറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയ്ക്കായി 167 കോടി രൂപ പദ്ധതിയില്‍ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
തടസ രഹിത വിദ്യാഭ്യാസത്തിനായി 11 കോടി വകയിരുത്തുന്നു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി 56.25 കോടി രൂപ വകയിരുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. ഇവ തുടരുന്നതിനായി ആകെ 102.64 കോടി രൂപ ഈടാക്കി. അധ്യാപകരുടെ ശാക്തീകരണത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയത്.
സ്‌കൂളിലെ മാലിന്യ സംസ്‌കരണത്തിനായി 10 കോടി രൂപ വകയിരുത്തുന്നു. ആധുനിക വല്‍ക്കരണ പാതയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 42 കോടി രൂപ വകയിരുത്തുന്നു. സൗജന്യ യൂണിഫോം വിതരണ പദ്ധതിക്കായി 150.34 കോടി രൂപ വകയിരുത്തി. ഇതില്‍ എയ്ഡഡ്, സര്‍ക്കാര്‍ എല്‍പി, സര്‍ക്കാര്‍ യുപി സ്‌കൂളുകളിലെല്ലാം രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോം നല്‍കുന്നതിനായുള്ള കൈത്തറി ഡയറക്ടറേറ്റ് പദ്ധതിക്കായുള്ള 70 കോടി രൂപ ഉള്‍പ്പെടുന്നു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടി രൂപ വകയിരുത്തി. ഹയര്‍ സെക്കണ്ടറി തലത്തില്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി 7.9 കോടി രൂപയും സര്‍ക്കാര്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് 7.4 കോടി രൂപയും സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡിന് 10.1 കോടി രൂപയും വകയിരുത്തി.
സമഗ്ര ശിക്ഷയുടെ സംസ്ഥാന വിവഹിതമായി 55 കോടി രൂപയും സമഗ്ര ശിക്ഷയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 23 കോടി രൂപയും വകയിരുത്തി. പട്ടിക വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള പഠനത്തുടര്‍ച്ച അടക്കമുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി 14.5 കോടി രൂപ വകയിരുത്തി.
സ്‌കൂളുകളിലെ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മെച്ചപ്പെടുത്തുന്നതിനായി കൈറ്റിന് 38.5 കോടി രൂപ വകയിരുത്തി. മിഡ് ഡേ മീല്‍ പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം മതിയാകാത്ത സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്ന വിവിഹതമായ 150 കോടിക്ക് പുറമെ 260.66 കോടി രൂപകൂടി വകിയിരുത്തുന്നു.


