- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാന്‍ നീക്കം; നീക്കം തുടര്‍ച്ചയായി സഭ സ്തംഭിക്കുന്ന പശ്ചാത്തലത്തില്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാന്‍ നീക്കം. പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം സ്തംഭിക്കുന്ന സാഹചര്യത്തിലാണ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ചുള്ള കാര്യം പരിഗണിക്കുന്നത്. മറ്റന്നാള്‍ വരെയാണ് സഭാ സമ്മേളനം നടക്കേണ്ടത്. എന്നാല്‍, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ഒരു ദിവസം നേരത്തെ സമ്മേളനം അവസാനിപ്പിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് നാളെ രാവിലെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഇന്നലെയും ഇന്നും നിയമസഭാ സമ്മേളനം സ്തംഭിച്ചിരുന്നു.
വെളളിയാഴ്ച (ഒക്ടോബര്‍ -10) വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് നാളെ അവസാനിപ്പിക്കുക. വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകള്‍ നാളെ പാസാക്കും. ശബരിമല സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിയമനിര്‍മാണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കികൊണ്ട് നാളെ തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ. ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് ഇന്നും അരങ്ങേറിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങള്‍ക്ക് സഭ വേദിയായി.സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അസാധരണ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ വാ വിട്ട വാക്കുകള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്‌കരണത്തിന് ശേഷം സഭയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയില്‍ നിന്ന് പുതിയ കാലത്തെ രാഷ്ട്രീയ ശരിക്ക് ചേരാത്ത പരാമര്‍ശം ഉണ്ടായത്. കണ്ണൂരിലെ പ്രാദേശിക വാമൊഴി വഴക്കം മുഖ്യമന്ത്രിയെ കുരുക്കി. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ തെറ്റായ പ്രയോഗവും ഭരണപക്ഷത്തിന് പാഠമായില്ല.ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച കടകംപളളി സുരേന്ദ്രനില്‍ നിന്ന് വന്നതും ആണഹങ്കാരത്തിന്റെ വാക്കുകളായിരുന്നു.
ഭരണപക്ഷത്ത് നിന്നുതന്നെ പിഴവ് ചൂണ്ടിക്കാട്ടിയതോടെ കടകംപളളി പരാമര്‍ശം പിന്‍വലിച്ച് തലയൂരി. പരിധി വിട്ട വാക്കുകളുടെ പേരില്‍ ഭരണപക്ഷത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവും സ്വയം അതെ കെണിയില്‍ തന്നെ വീണു.