തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നയമസഭാ കവാടത്തില്‍ പ്രതിപക്ഷ സമരം. എംഎല്‍എമാരായ സി.ആര്‍. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തില്‍ സത്യഗ്രഹം തുടങ്ങി. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിന്‍മേലുള്ള അടിയന്തിര പ്രമേയത്തിന് സ്പീര്‍ക്കര്‍ അവതരണാനുമതി നിഷേധിച്ചു.

ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാനായി സ്പീക്കര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് തങ്ങള്‍ ശബരിമല സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. ഏറെ വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭ തടസപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ തീരുമാനം. രാവിലെ നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം.

എസ്‌ഐടി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഓഫീസിലെ ഇടപെടലിനെതിരായാണ് പ്രതിഷേധമെന്നും സി.ആര്‍. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തില്‍ ഇന്നുമുതല്‍ സത്യാഗ്രഹം തുടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. പ്രതിപക്ഷം സഭയില്‍ സഹകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇതുപ്രകാരം ആദ്യ ദിവസം കോണ്‍ഗ്രസിലെയും മുസ് ലിം ലീഗിലെയും ഓരോ അംഗങ്ങള്‍ സത്യഗ്രഹം ഇരിക്കും. കോണ്‍ഗ്രസില്‍ നിന്ന് സി.ആര്‍. മഹേഷും ലീഗില്‍ നിന്ന് നജീബ് കാന്തപുരവുമാണ് യു.ഡി.എഫിനായി സത്യഗ്രഹം ഇരിക്കുക.

സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സത്യഗ്രഹം ഇരിക്കുന്ന വിവരം സഭയെ അറിയിച്ചത്. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളില്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സത്യഗ്രഹമിരിക്കുക. സഭാ നടപടികളോട് സഹകരിച്ച് കൊണ്ടുതന്നെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ വ്യക്തമാക്കി.

ഹൈകോടതിക്കെതിരായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തില്‍ ഇടപെടുന്നതും നടപടി സ്വീകരിക്കുന്നതും ഹൈകോടതിയാണ്. സഭാ കവാടത്തില്‍ സമരം നടത്തിയാലും ഹൈകോടതിക്കെതിരായാണ് വരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനുവരി 22ന് നിയമസഭ സമ്മേളനം ആരംഭിച്ചത് മുതല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് സഭ സാക്ഷ്യം വഹിച്ചത്. സര്‍ക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ സഭാ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ 'പോറ്റിയേ കേറ്റിയേ...' പാട്ട് പാടിയായിരുന്നു നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍.

ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജി തേടിയും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധമാണ് സഭാതളത്തെ കത്തിച്ചു നിര്‍ത്തിയത്. പ്രതിരോധം തീര്‍ത്ത് ഭരണപക്ഷവും രംഗത്തിറങ്ങിയതോടെയാണ് വാക്‌പോരും മുദ്രാവാക്യം വിളിയുമായി ഇരുപക്ഷവും പോര് കടുപ്പിച്ചത്.

സ്പീക്കറുടെ കാഴ്ച മറച്ച് ഡയസിന് മുന്നില്‍ ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം വിളികളും പോറ്റിപാട്ടുമായി പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷവും ഇരിപ്പിടം വിട്ട് സഭയുടെ മുന്‍നിരയില്‍ നില്‍പുറപ്പിച്ചു. സ്വര്‍ണം കട്ടത് ആരപ്പാ....സഖാക്കളാണേ അയ്യപ്പാ... എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ മറുവശത്ത് കോണ്‍ഗ്രസാണേ അയ്യപ്പാ... എന്ന മറുപടി പാട്ടും സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചുമായിരുന്നു ഭരണപക്ഷ പ്രതിരോധം.

ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും വേഗത്തില്‍ പൂര്‍ത്തിയാക്കിയ സ്പീക്കര്‍, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കും തുടക്കമിട്ടു. ചര്‍ച്ചക്ക് തുടക്കമിട്ട എല്‍.ഡി.എഫ് കണ്‍വീനറും ശ്രദ്ധക്ഷണിക്കലിനും സബ്മിഷനും മറുപടി നല്‍കിയ മന്ത്രിമാരായ എം.ബി രാജേഷും വി. ശിവന്‍കുട്ടിയും വീണ ജോര്‍ജും ഉണ്ണികൃഷ്ണന്‍പോറ്റി സോണിയ ഗാന്ധിയെ കണ്ടത് ആയുധമാക്കി പ്രതിപക്ഷത്തെ തിരിച്ചടിച്ചു. അടിയന്തര പ്രമേയ അവസരം ഉപയോഗിക്കാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചപ്പോള്‍ കേസില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

ശബരില സ്വര്‍ണക്കൊള്ളയില്‍ മന്ത്രി വാസവന്‍ രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും ആവശ്യം ഉയര്‍ത്തി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ സമരത്തിലായിരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2024-25 കാലത്തും ഹൈകോടതി ശബരിമലയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍, ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടിരുന്നു.