തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുവതികളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കൂട്ടത്തിലൊരാള്‍ക്ക് കേസ് വരുമ്പോള്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ആരുടെയും പിന്തുണ ആഗ്രഹിച്ചല്ല പാര്‍ട്ടിയില്‍ യുവാക്കളെ പിന്തുണച്ചത്. തുടക്കകാലത്ത് എനിക്കു പാര്‍ട്ടിയില്‍ നിരവധി അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും അവഗണന ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ല എനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനു പിന്നില്‍. വ്യാജ ഐഡികളില്‍നിന്നാണ് പ്രചാരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതിനിടെ നിയമസഭാ സമ്മേളനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഹുല്‍ പ്രതികരിച്ചിട്ടില്ല. അടൂരിലെ വീട്ടിലാണ് രാഹുലുള്ളത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. രാഹുലിന് സഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു തടസ്സമില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ പുറത്താക്കിയതായി സ്പീക്കറെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ഒപ്പം ഇരിക്കാന്‍ കഴിയില്ല. ഇതിനൊപ്പം സഭയിലേക്ക് വരരുതെന്ന സന്ദേശം കോണ്‍ഗ്രസ് അനൗപചാരികമായി രാഹുലിന് നല്‍കിയിട്ടുണ്ട്. ഇത് രാഹുല്‍ പാലിക്കുമെന്നാണ് സൂചന. ഇനിയുള്ള നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും രാഹുലിന് ആയോഗ്യത വരില്ലെന്നതാണ് വസ്തുത.

60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധിയുണ്ട്. ഫലത്തില്‍ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വര്‍ഷം ആദ്യം ഇടക്കാല ബജറ്റ് സമ്മേളനവും ചേര്‍ന്നേക്കും. ഇതില്‍ നിന്നും രാഹുല്‍ വിട്ടു നിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തില്‍ കൂടുതല്‍ അവധി വന്നാലും തുടര്‍ച്ചയായ ദിവസമായി കണക്കാക്കാനാകില്ല. ഇടക്കാല ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകും. അതുകൊണ്ട് തന്നെ ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല.

ഒരു ജനപ്രതിനിധിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ മുന്നണിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്താല്‍ ആ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്വഴക്കമുണ്ട്. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. എന്ന നിലയില്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം. സഭയുടെ ചട്ടങ്ങള്‍ പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം സ്പീക്കറാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ.യെ സഭയില്‍ നിന്ന് തടയാന്‍ നിയമപരമായി സാധ്യമല്ല. ഇതിനൊപ്പമാണ് വിഡി സതീശന്‍ വീണ്ടും നിലപാട് വ്യക്തമാക്കുന്നത്. രാഹുലിനോട് സഭയിലേക്ക് വരരുതെന്ന പരോക്ഷ സൂചനയാണ് ഇതിലുമുള്ളത്.

രാഹുല്‍ വിഷയത്തില്‍ ആരാണ് പ്രതിക്കൂട്ടിലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടുണ്ട്. രാഹുലിനെതിരെ പൊലീസില്‍ പരാതിയില്ലായിരുന്നു. പക്ഷേ, യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചു. രാഹുലിന്റെ രാജിയുണ്ടായി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമല്ല ഇപ്പോള്‍ രാഹുല്‍. സിപിഎം എന്ത് നടപടിയാണ് ഇത്തരം ആരോപണങ്ങളില്‍ സ്വീകരിക്കുന്നത്? ബലാല്‍ത്സംഗ കേസിലെ പ്രതി സിപിഎമ്മിലുണ്ട്. സ്ത്രീപീഡന കേസിലെ പ്രതികള്‍ മന്ത്രിമാരായുണ്ട്. അപ്പോള്‍ സിപിഎമ്മാണ് പ്രതിക്കൂട്ടില്‍. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ കോണ്‍ഗ്രസാണ് നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ വിഷമമുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ' കൂട്ടത്തിലൊരാള്‍ക്ക് ഇത്തരം കേസുകള്‍ വന്നതില്‍ എനിക്കു വിഷമമുണ്ട്. അയാള്‍ക്കെതിരെ നടപടിയെടുത്തതും രാജിവച്ചതുമെല്ലാം സന്തോഷമുള്ള കാര്യമല്ല. ഐകകണ്‌ഠ്യേനയാണ് രാഹുലിനെതിരെ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു' പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളുടെ നിരയ്ക്കു പിന്നിലായി നേരത്തെ നിലമ്പൂരില്‍ നിന്നുള്ള പി.വി. അന്‍വറിന് അനുവദിച്ച സീറ്റാണ് രാഹുലിനു വേണ്ടി മാറ്റി വച്ചിട്ടുള്ളത്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയായ വി.ഡി. സതീശന്‍, സ്പീക്കര്‍ക്കു കത്തു നല്‍കിയത്. തിങ്കളാഴ്ചയാണ് സമ്മേളനം. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്നു വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് നിയമസഭാ സമ്മേളനത്തിന് ആദ്യമായെത്തുന്നതും വരുന്ന സമ്മേളന കാലത്താണ്. അതായത് പ്രതിപക്ഷത്ത് രാഹുല്‍ പ്രത്യേക ബ്ലോക്കാകുമ്പോള്‍ ഒരംഗം കുറയും. എന്നാല്‍ ആര്യാടന്‍ എത്തുന്നതോടെ ആ കുറവ് നികത്തുകയും ചെയ്യും. ഇടതു സ്വതന്ത്രനായിരുന്ന അന്‍വറിന്റെ രാജിയോടെ ഇടതുപക്ഷത്തിന് ഒരംഗം കുറഞ്ഞിരുന്നു. എന്നാല്‍ സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് ഈ കുറവ് ഭരണ പക്ഷത്തെ ബാധിക്കുകയേ ഇല്ല.