തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂർ ഷുഹൈബിന്റെ കൊലപാതകത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. നിയമസഭയിൽ ടി സിദ്ദിഖ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യന്ത്രിയുടെ മറുപടിയിൽ സ്പീക്കർ എ എൻ ഷംസീർ അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അതുകൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും കമന്റുകളും ഉദ്ധരിച്ച് ടി സിദ്ദിഖ് സഭയിൽ പറഞ്ഞു. എന്നാൽ ചട്ടപ്രകാരമല്ലാത്ത കാര്യങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്നായിരുന്നു സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കിയത്. ഷുഹൈബ് വധത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണ ഉദ്യോഗസ്ഥന് പുതിയ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ദിഖിന് മറുപടി നൽകി.

തുടരന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ഷുഹൈബ് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ''കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് തലശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോൺ കോളുകൾ ശേഖരിച്ചു. കുറ്റപത്രത്തിൽ 17 പേരാണ് പ്രതികൾ. ഗൂഢാലോചന നടത്തിയവരെ പിടികൂടി'' മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഗുണ്ടകളുടെ തണലിലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'സിപിഎം ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിലല്ല. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സിപിഎമ്മിനില്ല. തെറ്റ് ചെയ്യുന്നവരെ തിരുത്താൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും. തെറ്റ് മറച്ചുവയ്ക്കാറില്ല. പൊറുക്കാറുമില്ല. മുഖം നോക്കാതെ നടപടിയുണ്ടാവും. പാർട്ടിക്ക് പുറത്തുപോയവർ പാർട്ടിയെ ശത്രുതയോടെ കാണും. ക്രിമിനലുകളും ക്വട്ടേഷൻകാരും പ്രതിപക്ഷത്തിന് ചിലപ്പോൾ പ്രിയങ്കരരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി പറഞ്ഞ സിദ്ദിഖ് സിപിഎമ്മിനെ പരിഹസിച്ചു. ''ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുൻപ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാർട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളിൽനിന്ന് പുറത്താക്കുന്നതിനു മുൻപ് പിതാവിനോട് പറയുന്നതുപോലെയായി പോയി ഇത്'' ടി.സിദ്ദിഖ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കാനാണ് ഷുഹൈബ് കേസിൽ സിബിഐയെ ഒഴിവാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ഭീകര ക്വട്ടേഷൻ സംഘമാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സമൂഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരനെ മരം വെട്ടുന്നതും മീൻ വരയുന്നതും പോലെ അരക്ക് താഴെ 41 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. കേസിലെ 11 പ്രതികളിൽ അഞ്ച് പേർ തെരൂർ പാലയോടുകാരും ആറു പേർ തില്ലങ്കേരിക്കാരുമാണ്. ഇതെല്ലാം സിപിഎം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ഈ പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കുകയാണെന്ന് അച്ഛനെ ഓഫിസിൽ വിളിച്ചുവരുത്തി പറഞ്ഞത് ഏത് പാർട്ടിയാണ് പറയുന്നില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് പിതാവിനോട് പറയുന്നത് പോലെയാണ് ഇതെന്ന് സിദ്ദീഖ് പരിഹസിച്ചു.

കൊലപാതകം നടത്താൻ ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മിൽ പരസ്പര ബന്ധമില്ല. എടയന്നൂരും ഇരിക്കൂരും മട്ടന്നൂരും കഴിഞ്ഞുള്ള സ്ഥലമാണ് തില്ലങ്കേരി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതകമാണെന്നും നേതാക്കളാണ് ഇത് ചെയ്യിച്ചതെന്നും ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ക്വട്ടേഷൻ സംഘത്തിന് സിപിഎമ്മുമായി ബന്ധമില്ലെങ്കിൽ ഷുഹൈബിന്റെ മാതാപിതാക്കൾ കൊടുത്ത കേസിൽ ഹൈക്കോടതിയിൽ സർക്കാറിന് വേണ്ടി വാദിക്കാൻ വന്നത് വിജയ് ഹസാരെ അടക്കം പ്രമുഖ ക്രിമിനൽ അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിനെ അഭിഭാഷകർ ഉണ്ടായിരിക്കെ കേസ് വാദിക്കാൻ ബിജെപി സർക്കാറിലെ അഡീഷണൽ സോളിസിറ്റർ ആയിരുന്ന രഞ്ജിത്ത് കുമാറിനെ ലക്ഷങ്ങൾ മുടക്കിയാണ് നിയോഗിച്ചതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി. ജന്മി-കുടിയാൻ സമരവും അതിന്റെ ഭാഗമായ നെല്ല് വാരൽ സമരവും ധീരരക്തസാക്ഷികളും പിറന്ന തില്ലങ്കേരിയിൽ വീണ്ടുമൊരു പോരാട്ടം നടക്കുകയാണ്. അത് ജന്മിയും കുടിയാനും തമ്മിലുള്ള പോരാട്ടമല്ല. കൊല ചെയ്തവനും കൊല്ലിച്ചവനും തമ്മിലുള്ള പുതിയ പോരാട്ടമാണെന്നും സിദ്ദീഖ് വ്യക്തമാക്കി.

പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. അടിയന്തര പ്രമേയാനുമതി തേടണമെന്നതിനാൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ശുഹൈബ് വധത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ല.