- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി വിജയൻ നരകിച്ചേ മരിക്കൂ'; മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അദീന ഭാരതി തോറ്റു; യുവമോർച്ച സംസ്ഥാന സെക്രട്ടറി മൂന്നാമത്
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പരാമർശം നടത്തിയതിലൂടെ വിവാദത്തിലായ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ തോൽവി. കോൺഗ്രസ് സ്ഥാനാർഥി ഷീല സ്റ്റീഫനാണ് ഇവിടെ ഉജ്വല വിജയം നേടിയത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷീല സ്റ്റീഫൻ 19,425 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർഥി ജ്യോതി അനിലിന് 10,522 വോട്ടുകൾ ലഭിച്ചപ്പോൾ, എൻഡിഎ സ്ഥാനാർഥിയായ അദീന ഭാരതിക്ക് 5,963 വോട്ടുകൾ മാത്രമാണ് നേടാനായത്.
ഷീല സ്റ്റീഫൻ നേടിയ വലിയ ഭൂരിപക്ഷം കരിങ്കുന്നം ഡിവിഷനിൽ ശ്രദ്ധേയമായ വിജയമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് അദീന ഭാരതിയുടെ വിവാദ പരാമർശം പുറത്തുവന്നത്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അദീനയുടെ പ്രസ്താവന. ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അദീനയെപ്പോലുള്ള "കൊടിയ വിഷങ്ങൾ നാടിന് ആപത്താണെന്നും ഇത്തരക്കാരിൽ നിന്ന് അകന്നുനിൽക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും" തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അന്ന് പ്രതികരിച്ചിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് മുന്നേറ്റം നേടാനായി. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ യുഡിഎഫ് ആധിപത്യം ഉറപ്പിച്ചപ്പോൾ, ജില്ലാ പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നിലയുറപ്പിച്ചു. എൻഡിഎ പലയിടങ്ങളിലും തങ്ങളുടെ വോട്ട് നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ നേടി എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിന് അടുത്തെത്തിയതും തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഒരു ഫലമാണ്.




