- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മഹാഭാരത കഥ ഉദ്ധരിച്ച് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിട്ട് ജിതിന്‍ റാം മാഞ്ചി; എന്‍ഡിഎയില്‍ നിന്നുകൊണ്ട് വിലപേശലിന്റെ ചരട് മുറുക്കി മാഞ്ചിയും ചിരാഗ് പാസ്വാനും; ബിഹാറില്‍ അനുനയശ്രമവുമായി ബിജെപി
15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഉടക്കിട്ട് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി. എച്ച് എ എമ്മിന് 15 സീറ്റുകിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് മാഞ്ചിയുടെ മുന്നറിയിപ്പ്. അപസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും എന്‍ഡിഎ ക്യാമ്പ് വിട്ടുപോകില്ലെന്ന് മാഞ്ചി വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തെ അനുനയിപ്പിക്കാന്‍, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
' പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം കിട്ടാന്‍ ഞങ്ങള്‍ക്ക് മാന്യമായ നിലയില്‍ സീറ്റുകള്‍ വേണം. 15 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്‍ഡിഎയെ പിന്തുണയ്ക്കുമെങ്കിലും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എനിക്ക് മുഖ്യമന്ത്രി ആകേണ്ട. എന്റെ പാര്‍ട്ടിക്ക് അംഗീകാരം കിട്ടിയാല്‍ മതി' ജിതിന്‍ റാം മാഞ്ചി പറഞ്ഞു.
പ്രശസ്ത കവി രാംധാരി സിംഗ് ദിന്‍കറിന്റെ 'രഷ്മിരഥി' എന്ന കൃതിയില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ച് നേരത്തെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച ആവശ്യപ്പെടുന്ന സീറ്റുകള്‍ മാഞ്ചി സൂചിപ്പിച്ചിരുന്നു. മഹാഭാരത യുദ്ധം തടയാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നടത്തുന്ന അവസാന വട്ട ശ്രമത്തെ സൂചിപ്പിച്ചാണ് 'രഷ്മിരഥി'യുടെ രചന. ' ഞങ്ങള്‍ക്ക് 15 ഗ്രാമങ്ങള്‍ നല്‍കു, ബാക്കിയെല്ലാം നിങ്ങള്‍ കൈവശം വയ്ക്കൂ. എച്ച് എ എം സന്തുഷ്ടരായിരിക്കും'-മാഞ്ചി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു. യഥാര്‍ഥ കവിതയില്‍ പാണ്ഡവര്‍ക്കായി 5 ഗ്രാമങ്ങളാണ് രാംധാരി സിംഗ് ദിന്‍കറിന്റെ കവിതയില്‍ കൃഷ്ണന്‍ ആവശ്യപ്പെടുന്നത്. മാഞ്ചി അത് 15 സീറ്റാക്കി മാറ്റുകയായിരുന്നു.
എന്‍ഡിഎ ഇതുവരെ തങ്ങളുടെ സീറ്റ് പങ്കിടല്‍ ഫോര്‍മുല പ്രഖ്യാപിച്ചിട്ടില്ല. അതിനുമുമ്പേ ഘടകകക്ഷികള്‍ വിലപേശല്‍ തുടങ്ങിയിരിക്കുകയാണ്. 243 സീറ്റില്‍ ജെഡിയുവും, ബിജെപിയും 100 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നാണ് സൂചന. ചിരാഗ് പാസ്വാന്റെ( രാം വിലാസ്) എല്‍ജെപിക്ക് 24 ഉം, മാഞ്ചിയുടെ പാര്‍ട്ടിക്ക് 10 സീറ്റും, ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിക്ക് ആറുസീറ്റും നല്‍കിയേക്കും. മാഞ്ചിക്ക് പുറമേ, ചിരാഗ് പാസ്വാനും സീറ്റ് നിലയില്‍ തൃപ്തനല്ല. പാസ്വാന്‍, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി കൈകോര്‍ക്കുമെന്ന തരത്തില്‍ വിലപേശല്‍ നടത്തുന്നുമുണ്ട്.
ചിരാഗ് പാസ്വാനും, മാഞ്ചിയും ബിഹാറിലെ തങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇരുവരും മോദി മന്ത്രിസഭയില്‍ സ്ഥാനങ്ങളും വഹിക്കുന്നു. ബിജെപിയും ജെഡിയുവും തമ്മിലുളള സീറ്റ് പങ്കിടല്‍ ചര്‍ച്ച അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.