- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെ
ബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ?
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, രണ്ടാം ഘട്ടത്തിലും 60 ശതമാനത്തിന് മേലേ പോളിങ് രേഖപ്പെടുത്തിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. എന്താവും അന്തിമഫലം? എക്‌സിറ്റ് പോളുകള്‍ ചില ദിശാസൂചകങ്ങള്‍ നല്‍കാറുണ്ട്. എക്‌സിറ്റ് പോളുകളുടെ സ്വഭാവത്തില്‍ അല്ലെങ്കിലും, ബിഹാറില്‍ എന്തുസംഭവിക്കുമെന്ന് പ്രവചിക്കുകയാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ റാഷിദ് സി പി. 2015 ല്‍ മഹാഗഡ്ബന്ധന്‍ തൂത്തുവാരിയ പോലെ ഒരു വമ്പന്‍ ജയമാണ് എന്‍ഡിഎയ്ക്ക് റാഷിദ് പ്രവചിക്കുന്നത്. 164 മുതല്‍ 176 സീറ്റ് വരെ എന്‍ഡിഎക്ക് കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 2015 ല്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ ജയിച്ചതിന് സമാനം.
2025 ല്‍ മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ കിട്ടിയേക്കുമെന്ന് റാഷിദ് പ്രവചിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 സീറ്റ് വരെ കിട്ടാം. മറ്റുള്ളവര്‍ 4 മുതല്‍ 7 വരെ സീറ്റും.
എന്‍ഡിഎക്ക് 42 മുതല്‍ 45 ശതമാനം വരെ വോട്ടുവിഹിതവും, മഹാഗഡ്ബന്ധന് 31 ശതമാനം മുതല്‍ 34.5 ശതമാനം വരെ വോട്ടുവിഹിതവും ജന്‍സുരാജിന് 11.5 ശതമാനം മുതല്‍ 15 ശതമാനം വരെ വോട്ടുവിഹിതവുമാണ് റാഷിദ് സി പി പ്രവചിക്കുന്നത്.
റാഷിദിന്റെ പ്രവചനം ഇങ്ങനെ:
എന്‍ ഡി എ 164 - 176 ( 42 % - 45 % )
എം ജി ബി 62 - 73 ( 31 % - 34. 5 %)
ജന്‍ സുരാജ് 7 - 12 ( 11.5 % - 15 %)
മറ്റുള്ളവര്‍ 4 - 7
ഈ പ്രാവശ്യം യുവജനങ്ങളുടെ പ്രതിഷേധം കൃത്യമായി സ്പ്‌ളിറ്റ് ആയിട്ടുണ്ട്.
2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. സഖ്യത്തിന് 125 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ വിപരീതമായിരുന്നു. എന്‍ഡിഎ 125 സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.
2015 ലെ തിരഞ്ഞെടുപ്പിലാകട്ടെ ജെഡിയു, ആര്‍ജെഡി എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന മഹാഗഡ്ബന്ധന്‍ രൂപീകരിച്ചു. എന്‍ഡിഎയുമായി ഒപ്പത്തിനൊപ്പമുളള പോരാട്ടമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. മഹാഗഡ്ബന്ധന് 123 സീറ്റും, എന്‍ഡിഎക്ക് 114 ഉം. അന്തിമഫലം വന്നപ്പോള്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ തൂത്തുവാരുന്നതാണ് കണ്ടത്. എന്‍ഡിഎയ്ക്ക് 54 സീറ്റാണ് കിട്ടിയത്. 2017 ല്‍ ആര്‍ജെഡിയുമായി ജെഡിയു വേര്‍പിരിഞ്ഞതോടെ മഹാഗഡ്ബന്ധന്‍ വിട്ടു.
നിരവിധി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുള്ള വിദഗ്ധനാണ് റാഷിദ്.നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയ ആളാണ് റാഷിദ്.
വടകര മണ്ഡലത്തിലെ വിജയവും റാഷിദ് പ്രവചിച്ചിരുന്നു. ഷാഫി പറമ്പിലിനാണ് അദ്ദേഹം വിജയം പ്രവചിച്ചത്. വടകരയില്‍ ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിച്ചത്. 'ശൈലജ ടീച്ചര്ക്ക് പാര്‍ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില് ഉണ്ടായിരുന്നില്ല. ടീച്ചര്‍ അമ്മ വിളി പോലും പാര്ട്ടി സര്ക്കിളിന് അപ്പുറം വലിയ രീതിയില് ഏശിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല് ഗ്രാഫില് നല്ല വേരിയേഷന് ഉണ്ടായിരുന്നു' എന്നും റാഷിദ് അഭിപ്രായപ്പെട്ടിരുന്നു.
നിലമ്പൂരില്‍ 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ തിരിച്ചുപിടിച്ചത്.
വിവിധ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും മറ്റും വിലയിരുത്തിയാണ് താന്‍ പ്രവചനം നടത്തുന്നതെന്ന് റാഷിദ് പറയുന്നു.




