തൃശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ഥിക്ക് വിജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് വിജയിച്ചത് കണ്ണന്‍കുളങ്ങര വാര്‍ഡിലെ മുംതാസിന്റെ വിജയത്തോടെയാണ്. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി ഇത്തവണ തെരഞ്ഞെടുത്തത് എല്ലാവര്‍ക്കും പരിചിതമായ സംരംഭകയെയാണ്. എന്നാല്‍ മുംതാസിനെ സ്ഥാനാര്‍ഥിത്വം വ്യത്യസ്തവും അപ്രതീക്ഷിതവും ആയിരുന്നു. തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം സ്ഥാനാര്‍ഥിയായിരുന്നു മുംതാസ്. ഹിന്ദു വോട്ടുകള്‍ ഭൂരിപക്ഷമുള്ള കോര്‍പ്പറേഷനിലെ 35ാം ഡിവിഷനില്‍ നിന്നുമാണ് മുംതാസ് വിജയിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപി പ്രവര്‍ത്തകയും അനുഭാവിയുമാണ് മുംതാസും കുടുംബവും. രണ്ട് വര്‍ഷമായി ചെന്നൈ കേന്ദ്രീകരിച്ച ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതലയും വഹിച്ചിരുന്നു. പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന കാഴ്ചകളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് മുംതാസ് വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ മുംതാസിന് സ്വന്തമായി വളര്‍ത്തു മൃഗങ്ങളുടെ പരിചരണത്തിനായുള്ള ഗ്രൂമിങ് കടയും നടത്തുന്നുണ്ട്.

സ്വന്തം നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമായാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ കാണുന്നതെന്ന് മുംതാസ് വ്യക്തമാക്കി. കഴിഞ്ഞ 8 വര്‍ഷമായിട്ട് പാര്‍ട്ടി മെമ്പറായിരുന്നു. സുരേഷ് ഗോപിയുടെ പ്രചരണങ്ങളില്‍ അടക്കം സജീവമായിരുന്നു അവര്‍. കണ്ണന്‍കുളങ്ങരയില്‍ സിന്ദു ചാക്കോലയെയാണ് മുംതാസ് തോല്‍പ്പിച്ചത്. സീനയാണ് ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി. തൃശൂരില്‍ ആകെ 28 വനിത സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്.

'കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുന്നയാളാണ്. ജനങ്ങളിലേക്ക് ഇഴകി ചേരാന്‍ ഞാന്‍ യോഗ്യയാണെന്ന് പാര്‍ട്ടിക്ക് തോന്നിയത് കൊണ്ടാണ് അവര്‍ എന്നെ തെരഞ്ഞെടുത്തത്. എന്റെ സ്ഥാപനമായാലും ഞാനായാലും സാമൂഹികമായി കൂടുതല്‍ ഇടപഴകുന്ന ആളാണ്' മുംതാസ് സ്ഥാനാര്‍ഥിത്വം ലഭിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്.