- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപി
അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരവേ ബിജെപി നീങ്ങുന്നത് ചരിത്രവിജയത്തിലേക്ക്. തുടർച്ചായായി ഏഴ് തവണ അധികാരത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ഇത് പശ്ചിമ ബംഗാളിൽ ഇടതുമുന്നണി തുടർച്ചയായി ഭരിച്ചതിന് സമാനമായാണ് മാറുന്നത്. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷം എടുത്തു കഴിഞ്ഞു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 150 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 9 സീറ്റിലും ലീഡ് ചെയ്യുകയാണ്.
ആകെ സീറ്റ്: 182
ബിജെപി- 150
കോൺഗ്രസ് -19
എഎപി- 9
27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ടായിരുന്നു. എന്നാൽ, ആപ്പിന്റെ സാന്നിധ്യം രണ്ടാം സ്ഥാനത്തേക്ക് എത്തിയില്ലെന്ന് മാത്രം. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. ഇത് ശരിവെക്കുന്നതാണ് ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്. അന്ന് കോൺഗ്രസ് ശക്തമായ മത്സരം കാഴ്ച്ചവെച്ചെങ്കിൽ ഇപ്പോൾ തോൽവിയുടെ പടുകുഴിയിലേക്കാണ് പാർട്ടിയുടെ പോക്ക്.
നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി പ്രചരണം നയിച്ച് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നില്ല. അതേസമയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ മണ്ണിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്ന സൂചനയും പുറത്തുവന്നു. 182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. 2017ൽ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാർത്ഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുൾപ്പെടെ ജനവിധി തേടിയിരുന്നു. തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. 136 ജീവൻ പൊലിഞ്ഞ മോർബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കർഷക പ്രതിഷേധം എന്നിവയുൾപ്പെടെ ചർച്ചയായി.
2021 ലെ സൂറത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായതിന്റെ ആത്മവിശ്വാസത്തിലുള്ള എഎപി 180 സീറ്റുകളിൽ മത്സരിക്കാൻ ഇറങ്ങിയത്. ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും കോൺഗ്രസിനായി പ്രചാരണത്തിനെത്തി. ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകിയപ്പോൾ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. ഡൽഹിയിലും പഞ്ചാബിലും ഉയർത്തിക്കാട്ടിയ സൗജന്യങ്ങളുമായാണ് എഎപി പ്രചാരണം നടത്തിയത്. എന്നാൽ അതെല്ലാം അസ്ഥാനത്താകുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.
അതേസമം തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ, ബിജെപി 135-145 സീറ്റ് വരെ നേടുമെന്ന് പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ വ്യക്തമാക്കി. ഞങ്ങൾ തീർച്ചയായും സർക്കാർ രൂപീകരിക്കും, ആർക്കെങ്കിലും അക്കാര്യത്തിൽ സംശയമുണ്ടോ? -അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നും മികച്ച ഭരണം ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചെന്നും ഹാർദിക് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി സ്ഥാനാർത്ഥിയായി വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടുകയാണ് ഹാർദിക്. പാട്ടിദാർ സംവരണ പ്രക്ഷോഭങ്ങളുടെ നേതാവായി ദേശീയശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ ആദ്യം കോൺഗ്രസിൽ ചേർന്നിരുന്നു. വർക്കിങ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ, പാർട്ടി തന്നെ തുടർച്ചയായി അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹാർദികിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ