ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഏഴ് സംസ്ഥാനങ്ങളിലെ പതിമൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനു മുന്നേറ്റം. രണ്ടിടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു, ഒന്‍പത് ഇടങ്ങളില്‍ ലീഡ് തുടരുന്നു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ഡെഹ്‌റ മണ്ഡലത്തില്‍ വിജയിച്ചു. പഞ്ചാബിലെ ജലന്ധറില്‍ എഎപി സ്ഥാനാര്‍ഥിയും വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് ലീഡ് നേടാനായത്.

ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വരുന്നത്.

2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഹിമാചല്‍ പ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി കനത്ത തിരിച്ചടി നേടി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. ഒരു മണ്ഡലത്തില്‍ ബി.ജെ.പിയാണ് വിജയിച്ചിട്ടുള്ളത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നേരത്തേ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന സ്വതന്ത്രര്‍ കളംമാറി ചവിട്ടി ബി.ജെ.പിക്കൊപ്പം ചേരുകയും രാജിവെക്കുകയും ചെയ്യുകയായിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വതന്ത്ര എംഎല്‍എമാരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരുന്നത്.

ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഇവിടങ്ങളില്‍. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇവര്‍ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു.

ഡെഹ്‌റ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ 9399 വോട്ടുകള്‍ വിജയിച്ചു. ബിജെപിക്കായി മത്സരിച്ച സിറ്റിങ് എംഎല്‍എ ഹോഷ്യാര്‍ സിങ് രണ്ടാം സ്ഥാനത്തായി. ഹാമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ടുകള്‍ക്ക് വിജയിച്ചു. സിറ്റിങ് എംഎല്‍എ ആണ് അ്ദ്ദേഹം. കോണ്‍ഗ്രസിലെ പുഷ്പീന്ദര്‍ വര്‍മയെ ആണ് പരാജയപ്പെടുത്തിയത്. നലഗഢ് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബവ വിജയിച്ചു. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ കെ.എല്‍.ഠാക്കൂറിനെയാണ് പരാജയപ്പെടുത്തിയത്.

അതേ സമയം പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹിന്ദര്‍ ഭഗത് ജയം നേടി. അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ശീതള്‍ അങ്കുറലിനുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു എഎപിയുടേത്.

എഎഎപി എംഎല്‍എ ആയിരുന്ന ശീതള്‍ അംഗുറല്‍ മാര്‍ച്ച് 28-ന് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ടിക്കറ്റിലാണ് ശീതള്‍ മത്സരിച്ചത്. സുരീന്ദര്‍ കൗറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുഖ്യമന്ത്രി ഭഗവന്ദ് മന്‍ ഇവിടെ വീട് വാടകയ്ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയിരുന്നത്.

37325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊഹിന്ദര്‍ ഭഗതിന്റെ ജയം. ബിജെപി സ്ഥാനാര്‍ഥി ശീതള്‍ 17921 വോട്ടുകള്‍ നേടി രണ്ടാമതായി. 16757 വോട്ടുകളോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കൗര്‍ മൂന്നാമതുമായി.

കഴിഞ്ഞ വര്‍ഷം ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ എത്തിയ നേതാവാണ് മൊഹിന്ദര്‍ ഭഗത്. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചുന്നി ലാല്‍ ഭഗതിന്റെ മകന്‍ കൂടിയാണ് അദ്ദേഹം. 2022-ല്‍ ഇതേ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചിരുന്നില്ല. രണ്ട് പ്രാവശ്യം ജലന്ധറില്‍ ബിജെപി ടിക്കറ്റില്‍ മൊഹിന്ദര്‍ ഭഗത് മത്സരിച്ചിരുന്നു. 1998-2001, 2017-2020 കാലയളവില്‍ പഞ്ചാബ് ബിജെപി വൈസ് പ്രസിഡന്റ് ആയിരുന്നു.