പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍, എന്‍ഡിഎ സഖ്യത്തിന്റെ തകര്‍പ്പന്‍ ജയത്തില്‍ തിളങ്ങി നില്‍ക്കുന്നത് ജെഡിയു നേതാവ് നിതീഷ് കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ശക്തമായ കൂട്ടുകെട്ടാണെങ്കിലും, ഒരു യുവനേതാവ് എന്ന നിലയില്‍ ചിരാഗ് പാസ്വാന്‍ തന്റെ സ്വാധീനം ഉറപ്പിച്ചതായിരിക്കും ഓര്‍മിക്കപ്പെടുക. സോഷ്യലിസ്റ്റ് നേതാക്കളുടെ കാലഘട്ടത്തിന് ശേഷമുള്ള ഒരു യുവനേതാവിന്റെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനമാണ് കണ്ടത്.

പ്രമുഖരായ നേതാക്കള്‍ നിറഞ്ഞ എന്‍ഡിഎയില്‍, തന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് (രാം വിലാസ്) വേണ്ടി 29 മണ്ഡലങ്ങള്‍ വിലപേശി നേടിയെടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍, 22 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു, ഇത് 72% വിജയമാണ്. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ലോക് ജനശക്തി പാര്‍ട്ടി വിജയിച്ചിരുന്നു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ലോക് ജനശക്തിയെ ഏതാണ്ട് എഴുതിത്തള്ളിയിരുന്നു. അതിനുപിന്നാലെയാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നതാണ് ഈ ജയത്തെ സവിശേഷമാക്കുന്നത്.

2020-ല്‍, അന്നത്തെ ഐക്യ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി), ജെഡിയു നേതാവ് നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാല്‍, മത്സരിച്ച 130-ല്‍ അധികം സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു ജയം. പാര്‍ട്ടിക്ക് ഭേദപ്പെട്ട വോട്ട് വിഹിതം കിട്ടുകയും നിരവധി സീറ്റുകളില്‍ ജെഡിയുവിന്റെ പരാജയത്തിന് കാരണമാവുകയും ചെയ്‌തെങ്കിലും, ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ചിരാഗിന് വ്യക്തിപ്രഭാവവും രാഷ്ട്രീയ വൈദഗ്ധ്യവും ഇല്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതി. 2021-ല്‍ ചിരാഗിന്റെ അമ്മാവന്‍ പശുപതി കുമാര്‍ പരസും രാം വിലാസ് പാസ്വാന്റെ പാരമ്പര്യത്തില്‍ അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി പിളരുകയായിരുന്നു.

പിന്നീട് കഠിനമായ പോരാട്ടത്തിലൂടെയുള്ള തിരിച്ചുവരവായിരുന്നു ചിരാഗിന്റെത്. ഇന്ത്യന്‍ രാഷ്ട്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് യുവതലമുറക്കാരനായ (43 വയസ്) ചിരാഗ്, ദളിത് മുന്നേറ്റത്തിനായുള്ള പാര്‍ട്ടിയുടെ വേരുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ, സ്വയം ഒരു യുവനേതാവായി ('യുവ ബിഹാരി') ബിഹാര്‍ രാഷ്ട്രീയത്തില്‍ ഇടം നേടി. ചിരാഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയ കഠിനാധ്വാനം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലം കണ്ടു. മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും വിജയിച്ച് 100% വിജയത്തോടെ താന്‍ ഒരു ചെറിയ മീനല്ല എന്ന് തെളിയിച്ചുകാട്ടി.

വിലപേശി നേടിയ സീറ്റുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്‌തെങ്കിലും, എന്‍ഡിഎയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും ജെഡിയുവും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 243 മണ്ഡലങ്ങളില്‍ 20-ല്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ജെപി(ആര്‍വി)-ക്ക് വിട്ടുകൊടുക്കാന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ തന്നെ നിസ്സാരമായി കാണാന്‍ തയ്യാറല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും വിലപേശലിലൂടെ, ഒടുവില്‍ ഭരണസഖ്യത്തില്‍ നിന്ന് 29 മണ്ഡലങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.

തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ടാണ് ചിരാഗ് തന്റെ പാര്‍ട്ടിയെ അതിന്റെ എക്കാലത്തെയും മികച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് നയിച്ചിരിക്കുന്നത്. മുമ്പ് 20-ല്‍ അധികം സീറ്റുകള്‍ എല്‍ജെപി (അന്ന് രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ഐക്യ എല്‍ജെപി) നേടിയത് 2005 ഫെബ്രുവരിയിലാണ്. അന്ന് 29 ആണ് നേടിയത്. 178 സീറ്റുകളില്‍ മത്സരിച്ചപ്പോഴാണ് അത്രയും സീറ്റ് നേടി എന്നത് കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷത്തെ പ്രകടനം കൂടുതല്‍ ശ്രദ്ധേയമാണ്.

ഇനിയെന്ത്?

മികച്ച ജയം കൊയ്‌തെങ്കിലും പാര്‍ട്ടി അനുയായികള്‍ ആഗ്രഹിക്കും പോലെ മുഖ്യമന്ത്രി സ്ഥാനമൊന്നും ചിരാഗ് ആവശ്യപ്പെടില്ലെന്ന് ഉറപ്പ്. എന്നാല്‍, ഉപമുഖ്യമന്ത്രി പദത്തിനായി ശബ്ദം ഉയര്‍ത്തിയേക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

'2025-ല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരിക്കലും ഒഴിവില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ ഞാന്‍ മാനിക്കുന്നു. അവരുടെ നേതാവിനെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തകന്‍ നിങ്ങള്‍ക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെങ്കില്‍, അവരെ പ്രചോദിപ്പിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു എന്നാണര്‍ഥം. എന്റെ പിതാവ് രാം വിലാസ് പാസ്വാന്‍ ജി പ്രധാനമന്ത്രിയാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു,' തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ ആദ്യം ഒരു തലം കടന്ന ശേഷം അടുത്ത തന്ത്രം തീരുമാനിക്കും. ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള എന്റെ അടിയന്തര മുന്‍ഗണനകള്‍ 2027-ലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണ്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്റെ പ്രധാനമന്ത്രി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം ഞങ്ങള്‍ 2030-ല്‍ ശ്രദ്ധ കേന്ദ്രീകരിക്കും,' അദ്ദേഹം പറഞ്ഞു.

ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, എന്‍ഡിഎ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിട്ടാണ് സംഖ്യകള്‍ വരുന്നതെങ്കില്‍ മറുകണ്ടം ചാടാനുള്ള സാധ്യത ചിരാഗ് തള്ളിക്കളയുകയും പ്രധാനമന്ത്രി മോദിയോടുള്ള തന്റെ അചഞ്ചലമായ കൂറ് ആവര്‍ത്തിക്കുകയും ചെയ്തു.'ഞാന്‍ പ്രിയങ്ക (ഗാന്ധി) ജിയുമായി സംസാരിക്കാറുണ്ട്, എന്റെ പ്രധാനമന്ത്രി ഇവിടെയുള്ളിടത്തോളം കാലം ഞാന്‍ അങ്ങോട്ടെങ്ങും പോകുന്നില്ല എന്ന് ഞാന്‍ വീണ്ടും ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ അര്‍പ്പണബോധവും സ്‌നേഹവും നിലനില്‍ക്കും. ഞാന്‍ അദ്ദേഹത്തെ അല്‍പ്പം കൂടുതല്‍ സ്‌നേഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

'വമ്പന്‍ വിജയം'

എന്‍ഡിഎയുടെ ഈ വിജയം 'വമ്പന്‍ വിജയമായി' വിശേഷിപ്പിച്ച എല്‍ജെപി(ആര്‍വി) എംപി ശാംഭവി ചൗധരി, സഖ്യത്തിന്റെ 'വികസനോന്മുഖ രാഷ്ട്രീയം' ആണ് വിജയത്തിന്റെ പ്രധാന കാരണം എന്ന് പറഞ്ഞു.

2030-ഓടെ അതിപിന്നാക്ക വിഭാഗങ്ങളുടെ മുന്‍നിര നേതാവായി ചിരാഗ് പാസ്വാന് ഉയര്‍ന്നുവരാനുള്ള കളമൊരുക്കുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടി നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലാണ് എന്ന് ചൗധരി പറഞ്ഞു.