- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം'; എല്ലാ കടമ്പകളും മറികടക്കാൻ കഴിഞ്ഞു; വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള ആദരം; കുറിപ്പുമായി ഉമ്മൻ ചാണ്ടിയുടെ മകൾ
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് നേടിയ മിന്നുന്ന വിജയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കുള്ള പുതുപ്പള്ളിയുടെ ആദരമാണെന്ന് ഡോ. മറിയ ഉമ്മൻ. ഇത് ചാണ്ടി ഉമ്മന്റെ കന്നി വിജയമാണെന്നും, പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും, നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫ്. മികച്ച വിജയം നേടിയതായി ഡോ. മറിയ ഉമ്മൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഉമ്മൻചാണ്ടിയുടെ പകുതി മുഖവും ചാണ്ടി ഉമ്മന്റെ പകുതി മുഖവും കൂട്ടിച്ചേർത്ത ഒരു ചിത്രം സഹിതമാണ് അവർ ഈ പോസ്റ്റ് പങ്കുവെച്ചത്."ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്," മറിയ ഉമ്മൻ വ്യക്തമാക്കി. എല്ലാ കടമ്പകളെയും മറികടക്കാൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം.
"പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് ഈ മിന്നുന്ന നേട്ടം," അവർ കൂട്ടിച്ചേർത്തു. "പുതുപ്പള്ളിയെ നെഞ്ചിലേറ്റിയ, പുതുപ്പള്ളിക്കാർ നെഞ്ചിലേറ്റിയ അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി" എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. മറിയ ഉമ്മൻ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.




