പെരുമ്പാവൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. 31 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടികയ്ക്ക് എ.ഐ.സി.സി അംഗീകാരം നല്‍കിയപ്പോള്‍, സിറ്റിംഗ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേര് പെരുമ്പാവൂരില്‍ നിന്ന് ഒഴിവാക്കി. യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനും ആദ്യ പട്ടികയില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെ എല്‍ദോസിന്റെ സീറ്റും താല്ക്കാലികമായി മാറ്റിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

രണ്ട് തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ തിരിച്ചടിയായത് പ്രധാനമായും ക്രിമിനല്‍ കേസുകളാണ്. അധ്യാപിക നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. 'ക്ലീന്‍ ഇമേജ്' ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെയും സ്‌ക്രീനിംഗ് കമ്മിറ്റിയുടെയും കര്‍ശന നിലപാടാണ് സിറ്റിംഗ് എം.എല്‍.എയ്ക്ക് വിനയായത്.

കൂടാതെ, പെരുമ്പാവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എല്‍ദോസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എല്‍ദോസിനെ വീണ്ടും മത്സരിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കാട്ടി ഇവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സമുദായ സംഘടനകള്‍ക്കിടയിലുള്ള അതൃപ്തിയും എല്‍ദോസിനെതിരായ നീക്കങ്ങള്‍ക്ക് കരുത്തേകി.

പാലക്കാട്ടെ സിറ്റിംഗ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും സമാനമായ രീതിയില്‍ കേസുകളും വിവാദങ്ങളും ഉയര്‍ന്നു വന്നത് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. രാഹുലിന് സീറ്റില്ലെന്ന സൂചനകള്‍ക്ക് പിന്നാലെ എല്‍ദോസിനെയും ആദ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്, വിവാദ നായകരായ സിറ്റിംഗ് എം.എല്‍.എമാരെ മാറ്റിനിര്‍ത്തുക എന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.

എല്‍ദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉല്ലാസ് തോമസിനെ പെരുമ്പാവൂരില്‍ ഇറക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ജില്ലയിലെ മികച്ച പ്രവര്‍ത്തന പാരമ്പര്യവും വിവാദരഹിതമായ വ്യക്തിത്വവും ഉല്ലാസിന് തുണയാകും. എന്നാല്‍, ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്ന എല്‍ദോസ് കുന്നപ്പിള്ളി തന്റെ സീറ്റിനായി അവസാനവട്ട സമ്മര്‍ദ്ദം തുടരുകയാണ്. കെ.പി.സി.സിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും താന്‍ മത്സരിക്കാന്‍ യോഗ്യനാണെന്നുമാണ് എല്‍ദോസിന്റെ അവകാശവാദം.