- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണൽ എട്ടിന് തുടങ്ങും; ആദ്യ ഫല സൂചന എട്ടരയോടെ; പത്ത് മണിക്ക് ചിത്രം എങ്ങോട്ടെന്ന് വ്യക്തമാകും; ഉച്ചയ്ക്ക് മുമ്പ് യഥാർത്ഥ വിജയിയും തെളിയും; ലോക്സഭയ്ക്ക് മുമ്പുള്ള സെമി ഫൈനൽ; ബിജെപിയോ കോൺഗ്രസോ നേട്ടമുണ്ടാക്കുക? നാലു സംസ്ഥനത്തെ ഫലം ഇന്നറിയാം; മറുനാടനിലും തൽസമയം
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഞായറാഴ്ച. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതിൽ നാലിടത്തെ ഫലം ഇന്നറിയാം. മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി. ദേശീയ രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് ഫലം.
രാവിലെ പത്ത് മണിയോടെ ആർക്കാണ് അനുകൂലമെന്ന് വ്യക്തമാകും. എട്ടരയോടെ ആദ്യ ഫല സൂചനകളും പുറത്തു വരും. ഇന്നു രാവിലെ എട്ടിനാണു വോട്ടെണ്ണൽ തുടങ്ങുക. ആദ്യം തപാൽ വോട്ടുകളാകും എണ്ണുക. മറുനാടൻ മലയാളിയിലും വോട്ടെടുപ്പ് തൽസമയം അറിയാം. വിശകലനങ്ങളും ഫല സൂചനകളും രാവിലെ മുതൽ തന്നെ ഉണ്ടാകും. വിപുലമായ തയ്യാറെടുപ്പുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. മറുനാടൻ ടിവിയിലും ഫലം യഥാസമയം അറിയാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പ്രധാന തെരഞ്ഞെടുപ്പാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനലായാണു മത്സരത്തെ രാഷ്ട്രീയവൃത്തങ്ങൾ കാണുന്നത്. ബിജെപി.യും കോൺഗ്രസും നേരിട്ടേറ്റുമുട്ടിയ ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് ഫലങ്ങളിലാണ് എല്ലാ കണ്ണുകളും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലം പ്രവചിച്ചത്. 2018-ൽ മൂന്നിടത്തും മുന്നിലെത്തിയത് കോൺഗ്രസാണെങ്കിലും മധ്യപ്രദേശിൽ ഒരു വർഷത്തിനകം അട്ടിമറിയിലൂടെ ബിജെപി. അധികാരത്തിലേറി. ഭൂരിപക്ഷം എക്സിറ്റ് പോളുകളും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി.ക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. എന്നാൽ, ചില എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിനും സാധ്യത പറയുന്നു.
ഭരണവിരുദ്ധവികാരം പ്രകടമാക്കാത്ത തരത്തിൽ ഛത്തീസ്ഗഢിൽ കോൺഗ്രസിന് തുടർഭരണമാണ് മിക്ക എക്സിറ്റ്പോളുകളും പ്രവചിച്ചിരിക്കുന്നത്. തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസിനെ അട്ടിമറിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് മിക്ക ഫലങ്ങളും പറയുന്നത്. മിസോറമിൽ മിസോ നാഷണൽഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. ഇതു കൊണ്ടു തന്നെ ഫല സൂചനകളൊന്നും വ്യക്തമല്ല. എല്ലാവരും പ്രതീക്ഷയിലാണ്.
എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റം പ്രവചിക്കുന്നു. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം കൽപിക്കുന്നു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിരീക്ഷകരായി രമേശ് ചെന്നിത്തലയും അജയ് മാക്കനും ഇന്നു റായ്പുരിലെത്തും.
തെലങ്കാനയിൽ ത്രിശങ്കുസഭയാണെങ്കിൽ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റാനുള്ള ഒരുക്കങ്ങൾക്കായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഹൈദരാബാദിലെത്തി. കെ.മുരളീധരൻ, കർണാടക മന്ത്രി കെ.ജെ.ജോർജ് എന്നിവരെയും ഇവിടെ നിരീക്ഷകരായി നിയോഗിച്ചു. ബിആർഎസിനു പിന്തുണ തേടി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ചില കോൺഗ്രസ് സ്ഥാനാർത്ഥികളെ സമീപിച്ചതായി ശിവകുമാർ ആരോപിച്ചു.
ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്നു വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മിസോറമിലെ വോട്ടെണ്ണൽ തീയതി മാറ്റിയത്. വോട്ടെണ്ണൽ തീയതി പ്രഖ്യാപിച്ചതു മുതൽ ഇതിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു.
മറുനാടന് ഡെസ്ക്