- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നി മത്സരത്തിന് പ്രിയങ്ക എത്തിയിട്ടും വയനാട്ടില്‍ ആവേശം അലയടിച്ചില്ല; വോട്ട് ചെയ്യാനെത്തിയവരില്‍ ചെറുപ്പക്കാര്‍ കുറഞ്ഞു; അഞ്ചു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം കോണ്‍ഗ്രസിന് സ്വപ്നമായേക്കും; ചേലക്കരയിലെ പോളിങ് കുറഞ്ഞത് യുഡിഎഫിന് പ്രതീക്ഷയാകുന്നു; ഇനി എല്ലാ ശ്രദ്ധയും പാലക്കാട്ടേക്ക്
തിരുവനന്തപുരം: വയനാട്ടിലെ 'പ്രിയങ്കാ' സാന്നിധ്യം കേരളത്തില്‍ തംരഗമുണ്ടാക്കിയില്ലേ ഉപതെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 64.71 ശതമാനവും ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 72.77 ശതമാനവും പോളിങ് രേഖപ്പെടുത്തുമ്പോള്‍ ഉയരുന്ന ചര്‍ച്ച ഇതാണ്. രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറവാണ്. വയനാട് കഴിഞ്ഞ തവണ 73.57 ശതമാനമായിരുന്നു പോളിങ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 77.40 ശതമാനവും. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചതു കൊണ്ട് തന്നെ വലിയ ആവേശം ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അന്തിമ വോട്ടെണ്ണല്‍ ശതമാനക്കണക്ക് അങ്ങനൊരു വികാരം ഉണ്ടായില്ലെന്നാണ് നല്‍കുന്ന സൂചന. പോളിങ് ശതമാനം കുറഞ്ഞതിനെ പ്രതീക്ഷയോടെയാണ് എല്ലാ മുന്നണികളും കാണുന്നത്.
വയനാട്ടില്‍ സിപിഎം കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്ക് വോട്ടു കുറയില്ലെന്നും ഭൂരിപക്ഷം കൂടുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യക്കുറവ് സിപിഎം ചൂണ്ടിക്കാട്ടുന്നു. വയനാടിനെ രാഹുല്‍ ഗാന്ധി വഞ്ചിച്ചു. അതുകൊണ്ട് തന്നെ വോട്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം കാട്ടിയില്ലെന്ന് സിപിഎം കണക്കുകൂട്ടുന്നു. പാര്‍ട്ടിയുടെ എല്ലാ വോട്ടുകളും പോള്‍ ചെയ്തുവെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇത്തവണ കിട്ടുന്ന വോട്ടുകളുടെ ശതമാനം കൂടുമെന്നും പ്രതീക്ഷിക്കുന്നു. ചേലക്കരയിലെ പോളിങ് കുറവ് അനുകൂലമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. വയനാടും ചേലക്കരയിലും വോട്ടിങ് കഴിഞ്ഞതോടെ എല്ലാ കണ്ണുകളും പാലക്കാട് ആവുകയാണ്. കല്‍പ്പാത്തി രഥോല്‍സവം കാരണം നീട്ടിവച്ച ഇവിടുത്തെ പോളിംഗ് 20നാണ്. പാലക്കാട് വീറും വാശിയും നിറയ്ക്കാനാകും ഇനി മുന്നണികളുടെ ശ്രമം.
വയനാടും ചേലക്കരയും സാങ്കേതിക പ്രശ്നങ്ങളാല്‍ വോട്ടിങ്യന്ത്രം പണിമുടക്കി ചില ബൂത്തുകളില്‍ ഏതാനും മിനിറ്റ് പോളിങ് മുടങ്ങി. വൈകിട്ട് ആറിന് പോളിങ് അവസാനിക്കുന്ന സമയത്തും ചില ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ആറുവരെ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ടുചെയ്യാന്‍ അവസരമൊരുക്കി. ചേലക്കരയിലെ 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തിലും കെ രാധാകൃഷ്ണന്‍ എംപി തോന്നൂര്‍ക്കര എയുപി സ്‌കൂളിലും ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പാമ്പാടി സ്‌കൂളിലെ 116--ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മണ്ഡലത്തില്‍ വോട്ടില്ല.
വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്കും യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തില്‍ വോട്ടില്ലായിരുന്നു. മന്ത്രി ഒ ആര്‍ കേളു കാടിക്കുളം എടയൂര്‍ക്കുന്ന് ജിഎല്‍പിഎസിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മാങ്കുത്ത് ജിഎല്‍പി സ്‌കൂളിലും വോട്ടുചെയ്തു. വോട്ടെടുപ്പിന് ശേഷം മുന്നണികള്‍ വിശദ വിലയിരുത്തലുകള്‍ നടത്തി. വയനാട് പ്രിയങ്ക ജയിക്കുമെന്ന് ഏവരും വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ രാഹുലിന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തല്‍.
64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ്. കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു. കുറഞ്ഞത് 8.2 ശതമാനം. 2019ല്‍ 80.33 ശതമാനമായിരുന്നു. ചേലക്കരയില്‍ 72.77 ശതമാനമാണ് പോളിംഗ്. 2021ലെ തിരഞ്ഞെടുപ്പില്‍നിന്ന് നാലര ശതമാനത്തോളം കുറഞ്ഞു. അന്ന് 77.40 ശതമാനം ആയിരുന്നു. പോളിംഗ് കുറഞ്ഞത് വിജയത്തെ എങ്ങനെ ബാധിക്കുമെന്ന അങ്കലാപ്പിലാണ് മുന്നണികള്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങിയത് പോളിംഗ് വര്‍ദ്ധിപ്പിക്കുമെന്നാണ് മാദ്ധ്യമങ്ങള്‍ അടക്കം കണക്കുകൂട്ടിയത്.വോട്ട് ചെയ്യാന്‍ എത്തിയവരില്‍ ചെറുപ്പക്കാര്‍ കുറവായിരുന്നു.രാഹുല്‍ ഗാന്ധിയെയും മറികടന്ന്, പ്രിയങ്ക അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്.
വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം മന്ദഗതിയിലായിരുന്നു. ചേലക്കരയില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ഉച്ച കഴിഞ്ഞതോടെ മന്ദഗതിയിലായി.