- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുംകല്പിച്ച് ഒരേ കുടുംബത്തിൽ നിന്ന് അങ്കത്തിനിറങ്ങി; എന്നെ വിജയിപ്പിക്കണമേ...എന്ന് വീടുകൾ തോറും കയറിയിറങ്ങി ഒറ്റയ്ക്ക് പ്രചാരണം; അവസാനം ഫലത്തിലും കൗതുകം; ചർച്ചയായി പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിഅമ്മ മരുമകൾ പോര്
പത്തനംതിട്ട: പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ 11-ാം വാർഡിൽ അമ്മായിയമ്മയും മരുമകളും സ്ഥാനാർത്ഥികളായി മത്സരിച്ചപ്പോൾ, ഇരുവർക്കും പരാജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുരഭി സുനിലാണ് ഈ വാർഡിൽ വിജയം നേടിയത്. ഏറെ കൗതുകമുണർത്തിയ മത്സരത്തിൽ, യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മരുമകൾ ജാസ്മിൻ എബിക്കും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അമ്മായിയമ്മ കുഞ്ഞുമോൾ കൊച്ചുപാപ്പിക്കും വിജയിക്കാനായില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ജാസ്മിൻ എബിക്ക് 167 വോട്ടുകൾ ലഭിച്ചു. അതേസമയം, സ്വതന്ത്രയായി ജനവിധി തേടിയ കുഞ്ഞുമോൾ കൊച്ചുപാപ്പിക്ക് 17 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി നിരുപമ 168 വോട്ടുകൾ നേടി ശക്തമായ മത്സരം കാഴ്ചവെച്ച വാർഡ് കൂടിയാണിത്.
ഒരേ കുടുംബത്തിലെ രണ്ട് പേർ ഒരേ വാർഡിൽ മത്സരിക്കാൻ ഇറങ്ങിയത് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽത്തന്നെ വലിയ ചർച്ചയായിരുന്നു. തനിക്കൊപ്പം മരുമകൾ അടക്കം നാലു സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോൾ കൊച്ചുപാപ്പി വീടുകൾ കയറി പ്രചാരണം നടത്തിയത്. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുള്ള അനുഭവസമ്പത്ത് കുഞ്ഞുമോൾക്ക് ഉണ്ടായിരുന്നു.
മരുമകളുമായുള്ള പ്രശ്നങ്ങളല്ല തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് കുഞ്ഞുമോൾ വിശദീകരിച്ചിരുന്നു. താനാണ് ആദ്യം പത്രിക നൽകിയതെന്നും, താൻ മത്സരിക്കുന്ന വിവരം മകനെ അറിയിച്ചിരുന്നുവെന്നും കുഞ്ഞുമോൾ വ്യക്തമാക്കി. എന്നാൽ, "നിങ്ങൾ മത്സരിക്കൂ, ഞാൻ കാണിച്ചുതരാം" എന്ന് പറഞ്ഞ് മകൻ വാശിക്ക് മരുമകളെ സ്ഥാനാർത്ഥിയാക്കുകയായിരുന്നുവെന്ന് കുഞ്ഞുമോൾ ആരോപിച്ചിരുന്നു.
അതേസമയം, ജനാധിപത്യത്തിൽ ആർക്കും മത്സരിക്കാമല്ലോ എന്നായിരുന്നു മരുമകളും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ജാസ്മിൻ എബിയുടെ പ്രതികരണം. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മത്സരിച്ചതെന്നും, ഭർത്താവിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഒരു സ്ഥാനാർത്ഥിയോടും വാശിയോ വൈരാഗ്യമോ ഇല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു




