- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്നു വിജയം നേടി; ഇക്കുറി ഇടതു സ്ഥാനാര്‍ഥിയായി കളം പിടിച്ചപ്പോള്‍ നിലംതൊട്ടില്ല; കൊടുവള്ളി നഗരസഭയില്‍ വിവാദ വ്യവസായി ഫൈസല്‍ കാരാട്ട് തോറ്റു; കാരാട്ടിനെ തോല്‍പ്പിച്ചത് മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായ പി.പി മൊയ്തീന്‍ കുട്ടി
കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്നു വിജയം നേടി; ഇക്കുറി ഇടതു സ്ഥാനാര്‍ഥിയായി കളം പിടിച്ചപ്പോള്‍ നിലംതൊട്ടില്ല
കൊടുവള്ളി: കൊടുവള്ളിയിലെ വിവാദ വ്യവസായിക്ക് ഫൈസല്‍ കാരാട്ടിന് തോല്‍വി. 2020-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പൂജ്യം വോട്ടില്‍ ഒതുക്കി കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വിവാദ വ്യവസായി ഫൈസല്‍ കാരാട്ട് ഇത്തവണ തോറ്റു. സൗത്ത് കൊടുവള്ളി ഡിവിഷനില്‍ നിന്ന് പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ഗ്ലാസ് ടംബ്ലര്‍ ചിഹ്നത്തിലായിരുന്നു ജനവിധി തേടിയത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായ പി.പി മൊയ്തീന്‍ കുട്ടി 608 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ ആറ് തവണ കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായിരുന്നു ഫൈസല്‍.
ഫൈസല്‍ കാരാട്ടിന്റെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞതവണ വലിയ വിവാദമായിരുന്നു. സീറ്റുവിഭജന ചര്‍ച്ചകള്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ചുണ്ടപ്പുറം ഡിവിഷനില്‍ കാരാട്ട് ഫൈസല്‍ ഇടതുസ്വതന്ത്രനായി മത്സരിക്കുമെന്ന് കാണിച്ച് അനുയായികള്‍ പ്രചാരണം നടത്തിയിരുന്നു. ആ പ്രചാരണത്തെ ശരിവെച്ചായിരുന്നു ഫൈസലിനെ എല്‍ഡിഎഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി അന്ന് രംഗത്തിറക്കുകയും ചെയ്തത്.
എന്നാല്‍ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയ നടപടി വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. തുടര്‍ന്ന് കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ച് ഫൈസലിനോട് അടുപ്പമുള്ള ഐഎന്‍എല്‍ സംസ്ഥാനസമിതി അംഗം ഒപി അബ്ദുള്‍ റഷീദിനെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കി എല്‍ഡിഎഫ്. രംഗത്തിറക്കി. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പത്രികനല്‍കി മത്സരരംഗത്തിറങ്ങിയ കാരാട്ട് ഫൈസല്‍ കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
കാരാട്ട് ഫൈസല്‍ 568 വോട്ടുനേടി 73 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ തങ്ങളുടെ സ്വതന്ത്രസ്ഥാനാര്‍ഥിയെന്ന് എല്‍ഡിഎഫ്. അവകാശപ്പെട്ട ഒപി. അബ്ദുള്‍ റഷീദിന്റെ വോട്ടുനില പൂജ്യത്തിലൊതുങ്ങി. കാരാട്ട് ഫൈസലിന്റെ അപരനായ സ്വതന്ത്രസ്ഥാനാര്‍ഥി കെ. ഫൈസലിനുപോലും ഏഴുവോട്ട് കിട്ടിയിടത്താണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും കിട്ടാതെ കെട്ടിവെച്ച കാശുപോയത്.
കാരാട്ട് ഫൈസല്‍ തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്നും ഒ.പി. റഷീദിനെ വിവാദമൊഴിവാക്കാന്‍ മാത്രമായി 'ഡമ്മി'യാക്കിയതാണെന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു. ഇതോടെ സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.




