കോഴിക്കോട്: മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉജ്ജ്വല വിജയം നേടി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.പി. റഹിയാനത്തിനെ 1309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്ലിയ പരാജയപ്പെടുത്തിയത്.

ഫാത്തിമ തഹ്ലിയ 2135 വോട്ടുകൾ നേടിയപ്പോൾ, എതിരാളിയായ റഹിയാനത്ത് ടീച്ചർക്ക് 826 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി സി.പി. മുസാഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ പരാജയപ്പെട്ടതും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ ഫലങ്ങളിൽ ഒന്നായി.

കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ചവെച്ചു. കോർപ്പറേഷനിൽ എൽ.ഡി.എഫ്. 34 സീറ്റുകൾ നേടിയപ്പോൾ, യു.ഡി.എഫ്. 26 സീറ്റുകളും എൻ.ഡി.എ. 13 സീറ്റുകളും കരസ്ഥമാക്കി. എൽ.ഡി.എഫിന്റെ കോട്ട തകർത്ത് യു.ഡി.എഫ്. മുന്നേറ്റം നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോഴിക്കോട് കോർപ്പറേഷനിലും തിരുവനന്തപുരം കോർപ്പറേഷനിലുമടക്കം എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. ഈ ഫലങ്ങൾ കോഴിക്കോട് കോർപ്പറേഷന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആകാംഷ വർദ്ധിപ്പിക്കുകയും വരാനിരിക്കുന്ന ഭരണസമിതി രൂപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യും.