കൊച്ചി: കഴിഞ്ഞ പത്തുവർഷം സിനിമാ മേഖലയ്ക്ക് സർക്കാർ സമ്മാനിച്ചത് ദുരന്തമാണെന്ന ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസിന്റെ നിലപാടിനെ തള്ളി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. അനിൽ തോമസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത്തരം നിലപാടുകളോട് ഫെഫ്കയ്ക്ക് തരിമ്പും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ ഇറക്കിവിടണമെന്നോ തുടരണമെന്നോ പറയുന്ന സംഘടനയല്ല ഫെഫ്കയെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. ഫിലിം ചേംബറിന് പോലും അനിൽ തോമസിന്റെ അത്രയും കടുത്ത നിലപാടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

'ഫെഫ്ക രാഷ്ട്രീയ വിഷയങ്ങളിൽ പൊതുനിലപാടെടുക്കുന്ന സംഘടനയല്ല, ഇതൊരു തൊഴിലാളി യൂണിയനാണ്. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ ദുരന്തം മാത്രമാണ് സർക്കാർ നൽകിയതെന്ന പരാതി ഞങ്ങൾക്കില്ല. സർക്കാരിന്റെ പല നല്ല നീക്കങ്ങൾക്കും ഞങ്ങൾ ഒപ്പം നിന്നിട്ടുണ്ട്. എന്നാൽ കാതലായ തൊഴിലാളി വിഷയങ്ങളിൽ സർക്കാർ കാര്യമായി ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാനുമാകില്ല. സർക്കാരിന്റേത് തികച്ചും നിഷ്പക്ഷമായ സമീപനമാണ്'- ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ നികുതിക്കൊള്ളയാണ് നടക്കുന്നതെന്നും സിനിമാ മന്ത്രി നിസഹായനാണെന്നും ആരോപിച്ച് അനിൽ തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. ബാറുകൾക്ക് പ്രവർത്തന സമയം നീട്ടി നൽകാൻ കാണിച്ച വേഗത ഇരട്ട നികുതി ഒഴിവാക്കുന്ന കാര്യത്തിൽ സർക്കാർ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് സിനിമയുടെ ആവശ്യങ്ങൾ കേൾക്കാൻ സമയമില്ലെന്നും കഴിഞ്ഞ പത്തു വർഷം സിനിമാ വ്യവസായത്തിന് ദുരന്തമാണ് സർക്കാർ നൽകിയതെന്നും അനിൽ തോമസ് ആരോപിച്ചിരുന്നു. ഈ നിലപാടിനെയാണ് ഇപ്പോൾ സിനിമയിലെ ഫെഫ്ക തള്ളിക്കളഞ്ഞത്.