- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനേഷ് ഫോഗാട്ടിനെ ജുലാനയില്‍ നേരിടാന്‍ ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; ഹരിയാനയില്‍ സിറ്റിങ് എം.എല്‍.എമാരില്‍ പലരേയും ഒഴിവാക്കി രണ്ടാം പട്ടിക പുറത്തുവിട്ട് ബിജെപി
സിറ്റിങ് എം.എല്‍.എമാരില്‍ പലരും പുറത്ത്
ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിനിടെ സിറ്റിങ് എം.എല്‍.എമാരില്‍ പലരേയും ഒഴിവാക്കി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 21 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി ജുലാനയില്‍ മത്സരിക്കും. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബി.ജെ.വൈ.എം.) ഉപാധ്യക്ഷനും ബി.ജെ.പി. ഹരിയാണ കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി.
സിറ്റിങ് എം.എല്‍.എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്. ഗനൗറിലെ എം.എല്‍.എ. നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നല്‍കിയിരിക്കുന്നത്. റായില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എ.യും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ ലാല്‍ ബധോലിയെ ഒഴിവാക്കി കൃഷ്ണ ഗെഹ്ലാവതിനാണ് അവസരം നല്‍കിയിരിക്കുന്നത്. പട്ടൗടിയില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എ. സത്യപ്രകാശ്, ബദ്കലില്‍ നിന്നുള്ള എം.എല്‍.എ. സീമാ ത്രിക എന്നിവരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേ സമയം ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഈ ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുതായിരുന്നുവെന്ന് അമ്മാവനും പ്രശസ്ത ഗുസ്തി പരിശീലകനുമായ മഹാവീര്‍ ഫോഗട്ട് അഭിപ്രായപ്പെട്ടു. 2028 ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യമിട്ട് വിനേഷ് ഫോഗട്ട് പരിശീലനം നടത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത വിനേഷ് ജുലാന മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
ജുലാനയില്‍ പാര്‍ട്ടി ടിക്കറ്റില്‍ വിനേഷ് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മഹാവീര്‍ ഫോഗട്ടിന്റെ പ്രതികരണം. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാവീര്‍ ഫോഗട്ടിന്റെ മകളും ഒളിംപ്യനുമായ ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 'ദംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിന് പ്രചോദനമായ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ ഗുസ്തി താരം ബബിത 2019ല്‍ ദാദ്രിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തില്‍ വരുമെന്നും മഹാവീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ബജ്‌റങ് പുനിയയ്ക്കൊപ്പമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണ് വിനേഷ് ഇടംപിടിച്ചത്. റെയില്‍വെയിലെ ജോലി രാജി വെച്ചാണ് വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തയ്യാറാണെന്നുമാണ് വിനേഷ് അന്ന് പറഞ്ഞത്.