- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാര്‍ നാടുമുടിക്കുമെന്ന ബിജെപിയുടെ പ്രചാരണം ഏശിയില്ല; ജാര്‍ഖണ്ഡില്‍ ഭൂമികുംഭകോണ വിവാദത്തെ അടക്കം നിഷ്പ്രഭമാക്കി ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്; അദ്ഭുതകരമായ നേട്ടം കൈവരിച്ചത് ആര്‍ജെഡി; അവസാന ചിരി ഹേമന്ത് സോറന്റേത്
ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണി വീണ്ടും അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികള്‍ അടങ്ങുന്ന സഖ്യം നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ കടന്നു. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബിജെപി ലീഡ് ചെയ്‌തെങ്കിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യാ മുന്നണി 48 സീറ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. 31 സീറ്റില്‍ എന്‍ഡിഎ സഖ്യവും മുന്നില്‍ നില്‍ക്കുന്നു. ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരപ്രകാരം ഏറ്റവും ഒടുവില്‍ ജെ എം എം 33 സീറ്റിലും ബിജെപി 22 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 16 ലും ആര്‍ജെഡി 5 ലും, സിപിഐഎംഎല്‍(എല്‍) രണ്ടിലും ലീഡ് ചെയ്യുന്നു.
ബര്‍ഹെയ്ത്തില്‍ നിന്ന് മത്സരിക്കുന്ന ഹേമന്് സോറന്‍ ബിജെപിയുടെ ഗാംലിയല്‍ ഹെംബ്രോനെതിരെ ലീഡ് ചെയ്യുന്നു. മറ്റു പ്രമുഖ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥികളും ചെയ്യുന്നു. എന്നാല്‍ ഹേമന്ത് സോറന്റെ ഭാര്യയും താരപ്രചാരകയുമായ കല്‍പ്പന സോറന്‍ ബിജെപിയുടെ മുനിയ ദേവിക്കെതിരെ നാലാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ പിന്നിലായിരുന്നു.
തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ മുന്നേറ്റമാണ് അദ്ഭുതകരമായത്. മത്സരിച്ച ആറില്‍ അഞ്ച് സീറ്റിലും ആര്‍ജെഡി ലീഡ് ചെയ്യുന്നു. 2019 നെ അപേക്ഷിച്ച് ഇത് വലിയ മുന്നേറ്റമാണ്. കഴിഞ്ഞ തവണ ഛത്രയിലെ ഒരു സീറ്റ് മാത്രമാണ് ആര്‍ജെഡി നേടിയത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം നല്‍കിയെങ്കിലും ഭരണം നിലനിര്‍ത്തുമെന്ന് ജെ എം എമ്മിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. സംസ്ഥാനത്തെ 24 ജില്ലകളില്‍ 11 ജില്ലകളില്‍ സാന്നിധ്യം അറിയിക്കാന്‍ പോലും ബിജെപി വിഷമിക്കുമെന്നാണ് ജെ എം എം നേരത്തെ അവകാശപ്പെട്ടത്.
ബംഗ്ലാദേശി അനധികൃത കുടിയേറ്റ വിഷയം ഏശിയില്ല
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ മൂലം സന്താള്‍ പര്‍ഗാനയിലെ ആദിവാസി ജനസംഖ്യ കുറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന പ്രചാരണമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ഉടനീളം അഴിച്ചുവിട്ടത്. ചമ്പായ് സോറന്റെ ബിജെപിയിലേക്കുള്ള വരവോടെ ആ പ്രചാരണത്തിന് മൂര്‍ച്ച കൂടി.
സാന്താള്‍ മേഖല മുഴുവന്‍ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരാല്‍ നിറഞ്ഞുവെന്നാണ് ചമ്പായി സോറന്‍ ആരോപിച്ചത്. വീടുകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടേതാണ് എന്നും ചമ്പായി ആരോപിച്ചു. ഇത് നുഴഞ്ഞുകയറ്റക്കാരെ ആദിവാസികളുടെ ഭൂമി കയ്യേറാനും ഇവിടുത്തെ സ്ത്രീകളുടെ അഭിമാനത്തെ കളങ്കപ്പെടുത്താനും ഒക്കെ അനുവദിക്കുന്നതാണെന്നും ആരോപിച്ചു. ഇതിലൂടെ ബിജെപിയും ചമ്പായി സോറനും ലക്ഷ്യമിട്ടത് ജെഎംഎമ്മിനെയും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിനെയുമാണ്. നിരന്തരം ആദിവാസി വിഭാഗങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ഇക്കുറി പ്രചാരണം നടത്തിയത്. വലിയ വോട്ട് ബാങ്ക് ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന ആരോപണം നടത്തി പരിഭ്രാന്തി പരത്തുകയും വിവേചനം സൃഷ്ടിക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് ഹേമന്ത് സോറന്‍ ആരോപിച്ചത്. കൂടാതെ ജാര്‍ഖണ്ഡ് എന്ന സംസ്ഥാനം ആദിവാസികളുടേതാണെന്നും അതിനാല്‍ അവിടം ആദിവാസികള്‍ തന്നെ ഭരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയുടെ പ്രചാരണം ഫലം കണ്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയില്‍ എത്തിയ ചംപെയ് സോറന്‍ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖര്‍. അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു. കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചംപെയ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. എന്നിട്ടും ജെ എം എമ്മിന് അടിത്തറയില്‍ ചോര്‍ച്ചയുണ്ടായില്ല.
രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. ജാര്‍ഖണ്ഡില്‍ ഗ്രാമീണ മേഖലകളില്‍ പോളിങ് ഉയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം. അത് വെറുതെയായില്ല. 2019 ലെ 65.18 ശതമാനത്തില്‍ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയര്‍ന്നത്. രണ്ടു ഘട്ടങ്ങളിലും പോളിങ് ഉയര്‍ന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്. നഗരമേഖലകളില്‍ ബിജെപിക്കും ഗ്രാമീണ മേഖലകളില്‍ ജെഎംഎമ്മിനുമാണു സ്വാധീനമെന്നതാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്.
2019 ല്‍ 5000 ല്‍ താഴെ വോട്ട് ഭൂരിപക്ഷം മാത്രമുള്ള 9 മണ്ഡലങ്ങളുണ്ടായിരുന്നു ജാര്‍ഖണ്ഡില്‍. ഇതില്‍ 5 എണ്ണം ബിജെപിയും 2 വീതം കോണ്‍ഗ്രസ്, ജെഎംഎം എന്നിവയും ജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഈ 9 മണ്ഡലങ്ങളില്‍ എട്ടിടത്തും ബിജെപി മുന്നണിക്കായിരുന്നു മുന്‍തൂക്കം. ഒരിടത്തു കോണ്‍ഗ്രസിനും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി.