ന്യൂഡല്‍ഹി: രാജ്യത്തിന്റെ മനസ്സ് ഇപ്പോഴും നരേന്ദ്ര മോദിക്കൊപ്പമെന്ന് സര്‍വേ ഫലം. പ്രമുഖ വാര്‍ത്താ മാധ്യമമായ ഇന്ത്യ ടുഡേയും സി വോട്ടറും ചേര്‍ന്ന് നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' (ജനുവരി 2026) സര്‍വേയിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം തുടരുമെന്ന് പ്രവചിക്കുന്നത്. ഇപ്പോള്‍, 2026 ജനുവരിയില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 352 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം

2024-ലെ തിരഞ്ഞെടുപ്പില്‍ 240 സീറ്റുകളില്‍ ഒതുങ്ങിയ ബിജെപി, നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് ഭരണം പിടിച്ചത്. എന്നാല്‍ സര്‍വേ പ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ഒറ്റയ്ക്ക് 287 സീറ്റുകള്‍ നേടി കരുത്തുതെളിയിക്കും. 272 എന്ന മാന്ത്രിക സംഖ്യ ബിജെപി സ്വന്തമായി മറികടക്കുമെന്നത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്.

കിതച്ച് 'ഇന്ത്യ' സഖ്യം; കോണ്‍ഗ്രസിന് കനത്ത പ്രഹരം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2024-ല്‍ 234 സീറ്റുകളുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഇന്ത്യ സഖ്യം തകര്‍ച്ചയുടെ പാതയിലാണ്. 2024-ലെ 234 സീറ്റുകളില്‍ നിന്ന് 182-ലേക്ക് സഖ്യം കൂപ്പുകുത്തും.

കഴിഞ്ഞ ഓഗസ്റ്റില്‍ 97 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ് ഇത്തവണ 80 സീറ്റുകളില്‍ ഒതുങ്ങും. ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ 'വോട്ടുചോരണം' എന്ന ആഖ്യാനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മോദിയെ തുണയ്ക്കുന്ന ഘടകങ്ങള്‍

നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡിലുള്ള വിശ്വാസമാണ് എന്‍ഡിഎയുടെ അടിത്തറ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടത്തിയ സൈനിക നീക്കം മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ യുകെയും യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കി. 57 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുന്നു.

ബംഗാളും കേരളവും ഉറ്റുനോക്കി ബിജെപി

പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന 2026-ല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഈ കണക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഇതുവരെ ഭരണത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഇവിടങ്ങളിലെ പോരാട്ടം അതീവ നിര്‍ണ്ണായകമാണ്.

2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നത് വലിയ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപിയുടെ വിജയരഥം 240 സീറ്റുകളില്‍ നിലച്ചു, ഇത് 272 എന്ന മാന്ത്രിക സംഖ്യയേക്കാള്‍ വളരെ കുറവായിരുന്നു. തല്‍ഫലമായി, തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് കുമാറിന്റെ ജെഡിയു (JD-U), ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി (TDP) എന്നീ സഖ്യകക്ഷികളെ ബിജെപിക്ക് ആശ്രയിക്കേണ്ടി വന്നു. അതേസമയം, കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകളുടെ എണ്ണം 99 ആയി വര്‍ദ്ധിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു.

എങ്കിലും, അതിനുശേഷം ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, ബീഹാര്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട 'ഇന്ത്യ' (INDIA) സഖ്യത്തിന് എന്‍ഡിഎയുടെ കുതിപ്പിനെ തടയാന്‍ സാധിച്ചില്ല. ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും മാത്രമാണ് ഇന്ത്യ സഖ്യത്തിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നത്.

മൂഡ് ഓഫ് ദി നേഷന്‍ (MOTN) സര്‍വേ വെളിപ്പെടുത്തുന്നത് എന്ത്?

പാര്‍ട്ടികള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി 287 സീറ്റുകള്‍ നേടി സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് 2026 ജനുവരിയിലെ സര്‍വേ പ്രവചിക്കുന്നു. 2025 ഓഗസ്റ്റിലെ സര്‍വേ പ്രകാരം ഇത് 260 സീറ്റുകളായിരുന്നു.

പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നതില്‍ പ്രശസ്തനായ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി 57 ശതമാനമായി തുടരുന്നു. 2025 ഓഗസ്റ്റിലെ 58 ശതമാനത്തില്‍ നിന്ന് ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇത് മികച്ച നിരക്കാണ്. സ്ഥിരതയുള്ള നേതൃത്വവും 'ബ്രാന്‍ഡ് മോദി'യിലുള്ള വിശ്വാസവും എന്‍ഡിഎയെ തുണയ്ക്കുന്നു.

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 47 ശതമാനമായി വര്‍ദ്ധിക്കും (2025 ഓഗസ്റ്റില്‍ ഇത് 46.7% ആയിരുന്നു). 2024-ലെ തിരഞ്ഞെടുപ്പില്‍ ഇത് 44 ശതമാനമായിരുന്നു. മറുവശത്ത്, ഇന്ത്യ സഖ്യത്തിന്റെ വോട്ട് വിഹിതം 39 ശതമാനമായി കുറയുമെന്നും (ഓഗസ്റ്റില്‍ ഇത് 40.9% ആയിരുന്നു) സര്‍വേ വ്യക്തമാക്കുന്നു.