തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥന്‍ വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കെ എസ് ശബരീനാഥന്‍. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡാണ് കവടിയാര്‍. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. ശബരിയുടെ വിജയത്തിനൊപ്പം യുഡിഎഫ് കോര്‍പ്പറേഷനില്‍ നില മെച്ചപ്പെടുത്തിയതും കോണ്‍ഗ്രസിന് ആശ്വാസമായി മാറി.

2005ല്‍ സിഇടിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശബരീനാഥന്‍, പിതാവ് ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ എം.വിജയകുമാറിനെ 10,128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കെപിസിസി പുനസംഘടനയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.

ഇടതുകോട്ടയായ മുട്ടടയില്‍ വിജയിച്ചതിന് പിന്നാലെ സന്തോഷം പങ്കുവച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷും രംഗത്തുവന്നു. അത്യാവശ്യം ലീഡോടുകൂടിയാണ് വിജയിച്ചതെന്നും അഭിമാന നിമിഷമാണിതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.'സന്തോഷമുണ്ട്. ജനാധിപത്യത്തിന്റെ വിജയമാണ്. നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്. ഈയൊരു സാഹചര്യത്തില്‍ അതില്‍ കൂടുതലൊന്നും പറയാനില്ല. നമ്മുടെ കഷ്ടപ്പാടുകളെല്ലാം തിരിച്ചറിഞ്ഞ്, ജനങ്ങള്‍ അവരുടെ അവകാശത്തിലൂടെ ഇത്രയും വലിയൊരു പിന്തുണ തന്നിരിക്കുകയാണ്. വളരെ സന്തോഷം. അത്യാവശ്യം നല്ല ലീഡുമുണ്ട്. നമുക്ക് വളരെ സന്തോഷിക്കാവുന്ന, അഭിമാനകരമായ നിമിഷമാണിത്.'- വൈഷ്ണ സുരേഷ് പറഞ്ഞു.

വലിയൊരു നിയമപോരാട്ടത്തിനൊടുവിലാണ് വൈഷ്ണ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് വൈഷ്ണ അറിഞ്ഞത്. വോട്ടര്‍പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു അവര്‍ ഹര്‍ജി നല്‍കിയത്.

വൈഷ്ണയുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ കളമൊരുങ്ങിയത്. 1607 വോട്ടുനേടി, 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണയുടെ ജയം.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ജയിച്ചു. കവടിയാര്‍ കഴിഞ്ഞാല്‍ നഗരത്തില്‍ ഏറ്റവുമധികം ഉപരിവര്‍ഗ വോട്ടര്‍മാരുള്ള വാര്‍ഡുകളിലൊന്നാണ് ശാസ്തമംഗലം. തലസ്ഥാനത്തെ ബി.ജെ.പിയുടെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. മേയറെന്ന സാധ്യത പോലും തള്ളാതെയായിയുന്നു ശ്രീലേഖയുടെ പ്രചാരണം. നിലവില്‍ ബി.ജെ.പിയുടെ വാര്‍ഡാണ് ശാസ്തമംഗലം.