ന്യൂഡൽഹി: ജനകീയരായ സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനായിരുന്നു സിപിഐ(എം) പാർട്ടി പ്ലീനത്തിന്റെ തീരുമാനം. എന്നാൽ അതൊന്നും നടക്കുന്നില്ലെന്നാണ് സിപിഎമ്മുകാരുടെ പരാതി. കോട്ടയത്തും ഇടുക്കിയിലും മലബാറിലുമെല്ലാം ക്രൈസ്തവ സഭയുമായി സിപിഐ(എം) സംസ്ഥാന നേതൃത്വം ഒത്തുതീർപ്പിലെത്തി. ഇതിന്റെ ഭാഗമായി പൂഞ്ഞാറുൾപ്പെടെയുള്ളിടത്ത് സഭാ സ്ഥാനാർത്ഥികൾ പ്രചരണവും തുടങ്ങി. പൂഞ്ഞാറിൽ കെജെ തോമസിനെ മത്സരിപ്പിക്കാതെ ജോർജ് ജെ മാത്യുവിനെ ഇടത് സ്വതന്ത്രനാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സഭയുമായുള്ള സിപിഐ(എം) നേതൃത്വത്തിന്റെ ഒത്തുകളി പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. ഈ റിപ്പോർട്ടുകൾ സിപിഐ(എം) കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് നീക്കം.

അതിനിടെ മറുനാടൻ റിപ്പോർട്ടുകളുടെ ഫോട്ടോ കോപ്പി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദൻ തേടിയിട്ടുണ്ട്. ഈ വിഷയം പൂഞ്ഞാറിലെ പാർട്ടിക്കാരും വിഎസിനോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് നൽകാനുള്ള സിപിഐ(എം) നീക്കവും വിഎസിന്റെ പ്രതിഷേധത്തിന് ഇടനൽകിയിട്ടുണ്ട്. ബാലകൃഷ്ണപിള്ള പോലും സീറ്റ് ആഗ്രഹിക്കുന്നില്ല. പിന്നെ എന്തിനാണ് അഴിമതിക്കേസിലെ കുറ്റവാളിക്ക് സീറ്റ് നൽകുന്നത് എന്നതാണ് വിഎസിന്റെ ചോദ്യം. അയിഷാ പോറ്റിയെ പോലുള്ള സ്ഥാനാർത്ഥിയെ കൊട്ടാരക്കരയിൽ നിന്ന് മാറ്റുന്ന്ത് ഗുണകരമല്ലെന്നും വി എസ് വിലയിരുത്തുന്നു. ഇടതു പക്ഷത്തിന്റെ സാധ്യതകൾ ഇല്ലായ്മ ചെയ്യുന്ന തരത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പോകരുതെന്നാണ് വിഎസിന്റെ നിലപാട്. അതിനിടെ വിവിധജില്ലകളിൽ നിന്നു വന്ന സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ അന്തിമ പട്ടിക തയ്യാറാക്കുന്നത് വൈകിക്കാൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ സംസ്ഥാന സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകി.

വിജയസാദ്ധ്യതയുള്ള നേതാക്കളെ തഴഞ്ഞ് തങ്ങൾക്ക് താത്പര്യമുള്ളവരുടെ പട്ടികയാണ് വിവിധ ജില്ലകളിൽ നിന്ന് തയ്യാറാക്കിയതെന്ന് വി എസ് പരാതി നൽകിയതായി അറിയുന്നു. ആലപ്പുഴയിൽ നിന്ന് സി.എസ്.സുജാത, സി.കെ.സദാശിവൻ എന്നിവരെ ഒഴിവാക്കിയത് ഉദാഹരണമായും വി എസ് ചൂണ്ടിക്കാട്ടി. വി.എസിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ യെച്ചൂരി കേരളത്തിൽ വിളിച്ച് അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നത് വൈകിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർത്ഥിനിർണയത്തിൽ സൂക്ഷ്മതക്കുറവ് പാടില്ലെന്നാണ് വിഎസിന്റെ പക്ഷം. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിനിർണയമാവണം. സ്ഥാനാർത്ഥികൾ യഥാർത്ഥ ഇടതുപക്ഷ സ്വഭാവമുള്ളവരായാലേ ഇടതുപക്ഷത്തിന് ഗുണം ചെയ്യൂ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വതന്ത്രപരിവേഷമണിഞ്ഞെത്തുന്നവരെയും മറ്റും സ്വീകരിക്കുന്നതിൽ ജാഗ്രത വേണമെന്നും വി എസ് യെച്ചൂരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സഭയെ എന്തിനാണ് ഇത്രയധികം പാർട്ടിയുമായി അടുപ്പിക്കുന്നതെന്നാണ് വിഎസിന്റെ മറ്റൊരു ചോദ്യം.

അഴിമതിക്കേസിൽ വി എസ് നടത്തിയ ഇടപെടലുകളാണ് ബാലകൃഷ്ണ പിള്ളയെ ജയിലിലാക്കിയത്. ഈ സാഹചര്യത്തിൽ പിള്ളയെ സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് വിഎസിന്റെ പക്ഷം. പാർട്ടി പ്ലീനത്തിന്റെ വികാരം ഉൾക്കൊണ്ട് ജനപ്രിയരെ സ്ഥാനാർത്ഥിയാക്കണം. പി രാജീവിനേയും സുരേഷ് കുറുപ്പിനേയും സികെ സദാശിവനേയും അയിഷാ പോറ്റിയേയും കെജെ തോമസിനേയും മാറ്റി നിർത്തുന്നത് ശരിയല്ല. പൂഞ്ഞാറിൽ പാർട്ടി അണികളുടെ വികാരം മാനിക്കണം. എന്നാൽ ഇടതുപക്ഷ സ്വഭാവമുള്ള സ്വതന്ത്രരെ മത്സരിപ്പിക്കുകയും വേണം. അല്ലാതെ വഴിയിൽ കൂടെ പോകുന്നവരെ സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ല. കൊല്ലത്ത് പികെ ഗുരുദാസനെ മത്സരിപ്പിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും വി എസ് പരാതിയായി ഉന്നയിക്കും.

ജില്ലാകമ്മിറ്റി യോഗങ്ങൾ ഒന്നിലേറെ തവണ ചേർന്നിട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ചില മണ്ഡലങ്ങളിൽ തർക്കം നിലനിൽക്കുകയാണ്. പത്തനംതിട്ടയിലെ ആറന്മുളയിൽ മാത്രം ഏഴ് പേരുകൾ ഉൾപ്പെടുത്തിയാണ് കഴിഞ്ഞദിവസം വീണ്ടും പട്ടിക സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, അരുവിക്കര, വർക്കല മണ്ഡലങ്ങളിൽ രണ്ട് പേരുകൾ വീതം ഉൾപ്പെടുത്തി നൽകിയ പട്ടികയും തിരിച്ചയച്ചു. ഇത്തരം സീറ്റുകളിലെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണം. ആരേയും ഒഴിവാക്കിയെന്ന തോന്നിൽ ഉണ്ടാകരുതെന്നാണ് വിഎസിന്റെ ആവശ്യം. സഭയും പാർട്ടിയും തമ്മിലെ ബന്ധത്തെ ഗൗരവത്തോടെയാണ് വി എസ് കാണുന്നത്. ഇത്തരം ബന്ധങ്ങൾ ഒന്നുമില്ലാതെ തന്നെ നിയമസഭയിലേക്ക് ഭൂരിപക്ഷം നേടാൻ സിപിഎമ്മിന് കഴിയുമെന്നാണ് വിഎസിന്റെ നിലപാട്.

ഈ അനുകൂല സാഹചര്യം ഇല്ലാതാക്കുന്ന സീറ്റ് വിഭജന ചർച്ചകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. തെറ്റുകൾ തിരുത്താൻ പോളിറ്റ് ബ്യൂറോ ഇടപെടണമെന്നാണ് ആവശ്യം. താൻ മത്സരിക്കുന്നതുകൊണ്ട് കൂടിയാണ് വി എസ് ഇത്തരം ഇടപെടലുകൾ നടത്തുന്നത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സിപിഎമ്മിന്റെ അടിത്തറ ഇളകും. വിഭാഗീയത ഇല്ലാതാക്കാൻ പരമാവധി വിട്ടുവീഴ്ചകൾ താൻ നടത്തി. സംസ്ഥാന നേതൃത്വുമായി ഭിന്നതയുണ്ടാക്കുന്നത് ഒന്നും ചെയ്തില്ല. പിണറായി വിജയനുമായി ഒരുമിച്ച് മത്സരിക്കാനും സമ്മതിച്ചു. ഇതെല്ലാം അണികളിൽ ആവേശം ഇരട്ടിപ്പിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിഴവ് വരുത്തി ഈ അനുകൂല അവസ്ഥ ഇല്ലാതാക്കരുതെന്നാണ് വിഎസിന്റെ ആവശ്യം. ഇത് യെച്ചൂരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റ് ചർച്ചകൾ നീട്ടാൻ നിർദ്ദേശം നൽകിയത്.

ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കർശന ഇടപെടൽ ഉറപ്പാണ്. ഇടഞ്ഞു നിൽക്കുന്ന വി.എസിനെ അനുനയിപ്പിച്ചതും യെച്ചൂരി തന്നെ. ഇടതുമുന്നണി ജയിച്ചാൽ മുഖ്യമന്ത്രി വി എസ് തന്നെയായിരിക്കുമെന്ന അനൗദ്യോഗിക ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. പാർട്ടിയുടെ ജനബന്ധം എന്തുകാരണവശാലും പുനഃസ്ഥാപിക്കണമെന്ന പഌനം തീരുമാനം ഉദ്ധരിച്ചാണ് യെച്ചൂരി വി.എസിനുവേണ്ടി രംഗത്തത്തെിയത്. കേരളത്തിലെ ഏറ്റവും ജനകീയനായ പാർട്ടി നേതാവുതന്നെ പ്രചാരണം നയിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനായി വി എസ് പറഞ്ഞതെല്ലാം ചെയ്യുമെന്ന് യെച്ചൂരി നൽകിയ ഉറപ്പ്. അതിലൊന്നായിരുന്നു തനിക്ക് താൽപ്പര്യമുള്ളവരെ സ്ഥാനാർത്ഥികളാക്കുക എന്നത്. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യണമെന്ന് സംസ്ഥാന നേതൃത്വത്തോട് യെച്ചൂരി നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ സികെ സദാശിവനേയും ഗുരുദാസനേയും സിഎസ് സുജാതയേയും പോലുള്ളവരെ സംസ്ഥാന നേതൃത്വം വെട്ടാനൊരുങ്ങി. ഇതോടെയാണ് വി എസ് യെച്ചുരിയുമായി ആശയ വിനിമയത്തിന് തയ്യാറായത്. അതിനിടെ സീറ്റ് വിഭജനത്തിൽ അസംതൃപ്തിയുള്ളവരെല്ലാം പരാതിയുമായി വിഎസിന് മുന്നിലുമെത്തി. ഇതെല്ലാം ക്രോഡീകരിച്ചാണ് യെച്ചൂരിക്ക് മുമ്പിൽ കാര്യങ്ങൾ വി എസ് അവതരിപ്പിച്ചത്.