തിരുവനന്തപുരം: കേരളം രാഷ്ട്രീയ ചൂടിലേക്ക് കടക്കുകയാണ്. ഏപ്രില്‍ രണ്ടാം വാരത്തില്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. കേരളം, പുതുച്ചേരി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്, അസ്സം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവടങ്ങളിലാണ് കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് മെഷീനുകളുടെ പരിശോധന ഉള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് തുടങ്ങികഴിഞ്ഞു. വോട്ടര്‍പട്ടിക അടക്കം സജീവമായിരിക്കും. മാര്‍ച്ചില്‍ വിജ്ഞാപനമിറങ്ങുന്നതിനു പിന്നാലെ, ഒരുമാസത്തിനുള്ളില്‍ വോട്ടെടുപ്പ് നടക്കും. അങ്ങിനെയെങ്കില്‍ ഏപ്രില്‍ രണ്ടാം വാരത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മേയ് മാസത്തിലാവും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി തിങ്കാളാഴ്ച കൂടികാഴ്ച നടത്തി. പുതുച്ചേരി ഉള്‍പ്പെടെ എല്ലായിടങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ന്യൂഡല്‍ഹിയിലെത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും ഫെബ്രുവരിയില്‍ കേരളത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. മേയ് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

വോട്ടര്‍പട്ടിക സമഗ്ര പരിശോധന (എസ്.ഐ.ആര്‍) പൂര്‍ത്തിയാക്കിയ ശേഷമാവും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നത്. ഫെബ്രുവരി 21നാണ് സംസ്ഥാനത്തെ എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനക്രമീകരണവും നടക്കുന്നുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1150 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് പുനക്രമീകരണം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കും വേഗം കൂട്ടി. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനൊപ്പം, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍, പ്രചരണ പരിപാടികള്‍ ഉള്‍പ്പെടെ വിഷയങ്ങളിലും ചര്‍ച്ചകള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വക്യാമ്പ് 'ലക്ഷ്യ' എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നിരുന്നു. നൂറ് സീറ്റ് ലക്ഷ്യവുമായുള്ള കര്‍മപദ്ധതിക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍കൊണ്ട് പ്രചരണ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാണ് സി.പി.എമ്മും എല്‍.ഡി.എഫും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഉള്‍പ്പെടെ തദ്ദേശത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പിയും കേരളത്തില്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഉന്നതര്‍ ഈ മാസം തന്നെ കേരളത്തിലെത്തും. ഇതോടെ ബിജെപിയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കും. വോട്ടെടുപ്പിന് മുമ്പായി, അവസാന നിയമസഭാ ബജറ്റ് സമ്മേളനത്തിന് ജനുവരി 20ന് തുടക്കം കുറിക്കും. ബജറ്റ് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം. 2021ല്‍ മാര്‍ച്ച് 12നായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. മേയ് അഞ്ചിന് വോട്ടെണ്ണല്‍ നടന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടു ഘട്ടങ്ങളിലായാണ് കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരുന്നു വോട്ടെണ്ണല്‍ എന്നതിനാല്‍ ഫലമറിയാന്‍ ഒരുമാസത്തോളം കാത്തിരിക്കേണ്ടിവരും.