- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നു; ഉച്ചയോടെ 49.7 ശതമാനം പിന്നിട്ട് വോട്ടിംഗ്; ആവേശ വിധിയെഴുത്തില്‍ പോളിങ് 80 ശതമാനം കടക്കുമോ? എസ്.ഐ.ആര് നടപ്പിലാക്കിയതോടെ പോളിംഗ് ശതമാനം ഉയരും; എറണാകുളത്തും തെക്കന്‍ ജില്ലകളിലും കനത്ത പോളിംഗ്; അവകാശ വാദങ്ങളുമായി മുന്നണികള്‍
വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നു; ഉച്ചയോടെ 49.7 ശതമാനം പിന്നിട്ട് വോട്ടിംഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 49.7 ശതമാനം പോളിംഗാണ് കടന്നിരിക്ുകന്നത്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.
എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. എറണാകുളം- 52.94 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍സി അമല ബേസിക് സ്‌കൂളിലെ 194-ാം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ട് മണിയോടെയാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതിനിര്‍ണായക തെരഞ്ഞെടുപ്പാണ് ഇതെന്നും എല്‍ഡിഎഫ് 2021ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും പോരായ്മകളും ഉണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. അത് തിരുത്തിയായിരിക്കും അടുത്ത സര്‍ക്കാര്‍ മുന്നോട്ട് പോവുകയെന്നും ബേബി വ്യക്തമാക്കി. മൂന്നാം ഊഴം ഉറപ്പാണ് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
നൂറില്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജിലായിരുന്നു പ്രതിപക്ഷനേതാവിന്റെ വോട്ട്. തിരുവനന്തപരും ജഗതി യുപി സ്‌കൂളിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറു മണിയോടെ പിണറായി ഭരണം അവസാനിക്കുമെന്ന് ആന്റണി പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടിയ യുഡിഎഫ് ഫൈനലില്‍ നല്ല ഗോള്‍ അടിച്ചു കൊണ്ടിരിക്കുകയാണെന്നും മികച്ച വിജയം നേടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സിനിമാതാരം ആസിഫലിയും വോട്ടു രേഖപ്പെടുത്തി. സുഹൃത്തുക്കള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഉള്ളതിനാല്‍ ആരോടും വിവേചനം കാണിക്കാതിരിക്കാനാണ് പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് നടന്‍ ആസിഫ് അലി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് മത്സരിക്കുന്ന രമേശ് പിഷാരടി ഉള്‍പ്പെടെ നിലവിലെ മന്ത്രിമാരിലും എംഎല്‍എമാരിലും തനിക്ക് സുഹൃത്തുക്കളുണ്ട്. അവര്‍ക്കെല്ലാം തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ ഇത്തവണ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കുന്നത് ഒരു മാതൃകാപരമായ നിലപാടാണെന്നും പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പക്വതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി മുതിര്‍ന്നവര്‍ മാറിനില്‍ക്കുന്നത് എല്ലാ രാഷ്ട്രീയക്കാരും പിന്തുടരേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി വിളിച്ചാല്‍ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആസിഫ് അലി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.


