കോഴിക്കോട്: കോർപ്പറേഷനിലേക്കുള്ള ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നില മെച്ചപ്പെടുത്തി ബിജെപി നിർണായക മുന്നേറ്റം നടത്തുന്നു. നിലവിലെ മേയർ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മൽ, കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച പി.എം നിയാസിന്റെ വാർഡായ പാറോപ്പടി എന്നിവയുൾപ്പെടെ നാല് പ്രധാന ഡിവിഷനുകളാണ് ബിജെപി പിടിച്ചെടുത്തത്.

നിലവിലെ മേയറും എൽഡിഎഫ് പ്രതിനിധിയുമായ ബീന ഫിലിപ്പ് കഴിഞ്ഞ തവണ 652 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പൊറ്റമ്മൽ ഡിവിഷൻ ഇത്തവണ ബിജെപി കോർപ്പറേഷൻ കൗൺസിലറായ ടി. രനീഷാണ് സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അങ്കത്തിൽ അജയ് കുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

പുതുതായി നിലവിൽ വന്ന മാവൂർ റോഡ് ഡിവിഷനിലും ബിജെപി സ്ഥാനാർത്ഥി ശ്രീജ സി. നായർ വിജയം നേടി. കൂടാതെ, കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച പി.എം. നിയാസ് മത്സരിച്ച പാറോപ്പടി ഡിവിഷനിലും ബിജെപിയുടെ ഹരീഷ് പൊറ്റങ്ങാടി വിജയിച്ചു.

യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന ചാലപ്പുറം വാർഡും ബിജെപി സ്ഥാനാർത്ഥി അനില്‍കുമാർ കെ.പി. പിടിച്ചെടുത്തു. ഈ വാർഡ് യുഡിഎഫ് സിഎംപിക്ക് നൽകിയതിൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. കോൺഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 12 പേർ പാർട്ടി വിട്ട് രാജിവെക്കുകയും, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. അയൂബ് വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ 113 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ പി. ഉഷാദേവി ടീച്ചർ വിജയിച്ച വാർഡാണിത്. സിഎംപിയുടെ വി. സജീവായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി.