- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാള്‍ തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ല; പണവും മദ്യവും കണ്ട് മതിമറന്നു; തെരഞ്ഞെടുപ്പില്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും സ്ഥാനാര്‍ഥിയുടെ പെരുമാറ്റവും ജീവിതവും ചിന്തകളും എല്ലാം പ്രധാനമാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; കെജ്രിവാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നത് രാഷ്ട്രീയ ഗുരു; ഡല്‍ഹിയിലെ ഭരണമാറ്റത്തില്‍ അണ്ണാ ഹസാരയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എന്തുകൊണ്ട് ആംആദ്മി തോറ്റു? ഈ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് അണ്ണാ ഹസാരെ. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്രിവാള്‍ മദ്യത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ഹസാരയുടെ മറുപടി. ''ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗമായിരിക്കണം... ഈ ഗുണങ്ങള്‍ വോട്ടര്‍മാര്‍ക്ക് നേതാക്കളില്‍ വിശ്വാസമുണ്ടാക്കാന്‍ കാരണമാകും. ഞാന്‍ ഇത് (അരവിന്ദ് കെജ്രിവാളിനോട്) പറഞ്ഞെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവില്‍ അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ സ്വാധീനമാണ് കെജ്രിവാളിനെ നയിച്ചതെന്നും ഹസാരെ പറയുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമര്‍ശനം.
കെജ്രിവാള്‍ തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ലെന്നും പണവും മദ്യവും കണ്ട് മതിമറന്നെന്നും ഹസാരെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ജീവിതം, ചിന്തകള്‍ ഇതെല്ലാം പ്രധാനമാണെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ കെജ്രിവാള്‍ തയാറായില്ലെന്നും ഹസാരെ പറഞ്ഞു. ഫലത്തില്‍ കെജ്രിവാളിന്റെ തോല്‍വി ഹസാരയ്ക്ക് പ്രിയപ്പെട്ടതാകുകയാണ്. ഡല്‍ഹിയില്‍ രാഷ്ട്രീയവുമായി സജീമായതിന് ശേഷം കെജ്രിവാള്‍ തന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരയെ കാണുക പോലും ചെയ്തിട്ടില്ല.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അരവിന്ദ് കെജ്രിവാള്‍ രാജിവച്ചിരുന്നു. അന്ന് രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ രംഗത്തു വന്നിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം. 'രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തെ സേവിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ അദ്ദേഹം മഹാനാവുമായിരുന്നു. ഞങ്ങള്‍ ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു, രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പലതവണ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് കേട്ടില്ല. ഇപ്പോള്‍ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുന്നു', അണ്ണാ ഹസാരെ പറഞ്ഞു.
തുടക്കത്തില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി കെജ്രിവാള്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞിരുന്നു. ജീവിതത്തില്‍ എപ്പോഴും പെരുമാറ്റവും കാഴ്ചപ്പാടുകളും നല്ല രീതിയില്‍ സൂക്ഷിക്കണമെന്ന് താന്‍ കെജ്രിവാളിനോട് പറയുമായിരുന്നു. ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങള്‍ ചെയ്യാന്‍ പഠിക്കുക, എപ്പോഴും സത്യത്തിന്റെ പാതയില്‍ നടക്കുക തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ കെജ്രിവാളിന്റെ മനസില്‍ പണമായിരുന്നുവെന്നും അണ്ണാ ഹസാരെ ആരോപിച്ചിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ ബേദിയും മറ്റുള്ളവരും കെജ്രിവാളിനോടൊപ്പമുണ്ടായിരുന്നുവെന്നും അവര്‍ അണ്ണാ കി പാഠശാല (സ്‌കൂള്‍) സംരംഭങ്ങള്‍ ആരംഭിച്ചെന്നും അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കെജ്രിവാള്‍ പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് അണ്ണാഹസാര പറഞ്ഞിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായപ്പോഴും കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാള്‍ അനുഭവിക്കുന്നത് എന്നായിരുന്നു അണ്ണാ ഹസാരെയുടെ പ്രതികരണം. തെറ്റായ മദ്യനയത്തില്‍നിന്ന് പിന്മാറാന്‍ താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയത് ജനപിന്തുണ നഷ്ടമാകില്ലെന്ന ആത്മവിശ്വാസത്തിലാണ്. അതിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താന്‍ ആ കസേരയില്‍ ഇരിക്കില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്താന്‍ കെജ്രിവാളിന് കഴിയുന്നില്ല.