പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷം നേടി ഭരണത്തുടര്‍ച്ചയിലേക്കെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഹുല്‍ ഗാന്ധിയുടെ '95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍' എന്ന പേരില്‍ പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയാണ് പരിഹാസം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് എപ്പോഴെല്ലാം പരാജയപ്പെട്ടു എന്ന പോസ്റ്റര്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പോസ്റ്റ് ചെയ്തത്. 2004 മുതല്‍ 2025 വരെയുള്ള തെരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററാണ് അമിത് മാളവ്യ പങ്കുവച്ചിരിക്കുന്നത്.


'രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം അവയെല്ലാം തൂത്തുവാരുമായിരുന്നു'- എന്നാണ് ബി.ജെ.പിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി നയിച്ച തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ 95 പരാജങ്ങളാണ് മാപ്പില്‍ അയാളപ്പെടുത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022), മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്ട്ര (2014, 2019, 2024), ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ഇതില്‍പ്പെടുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരാജയങ്ങളും ഒഡീഷയിലും ആന്ധ്രാപ്രദേശിലും തോല്‍വികളും ഇതില്‍ ഉള്‍പ്പെടുന്നു.

മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 243ല്‍ 206 സീറ്റില്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 30 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയര്‍ത്തിയാണ് ബീഹാറില്‍ നിതീഷ് - മോദി സഖ്യം ആധികാരിക വിജയം നേടിയത്.


രാഹുല്‍ ഗാന്ധി എഫക്ട് സംസ്ഥാനത്ത് തെല്ലും ഏശിയില്ല എന്ന് ഫലം വ്യക്തമാക്കുന്നു. ബിജെപി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന പ്രചാരണവുമായി രാഹുല്‍ ഗാന്ധി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തിയെങ്കിലും വോട്ടായി മാറിയില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജോഡോ യാത്രയുടെ മാതൃകയിലായിരുന്നു ബിഹാറിലും വോട്ടര്‍ അധികാര്‍ യാത്ര നടത്തിയത്. സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര പട്‌നയില്‍ അവസാനിച്ചപ്പോള്‍ 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. എന്നാല്‍ ഈ പാതയിലെ ഒരു മണ്ഡലം പോലും കോണ്‍ഗ്രസിനൊപ്പം നിന്നില്ല.

ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തിന്റെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന്റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍.

ബിഹാറിലും കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബലാബലത്തില്‍ കൂടുതല്‍ ശോഷിച്ചു. സീറ്റ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ച ചെയ്ത് ആര്‍ജെഡിയുടെ പിന്നില്‍ നിഴല്‍ പോലെ നിന്ന് മത്സരിച്ച കോണ്‍ഗ്രസിന് സ്വന്തം മുഖം പോലെ നഷ്ടപ്പെടും വിധം പരാജയം രുചിക്കേണ്ടി വന്നു. 2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41ല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്.

2000ല്‍ വാശിപിടിച്ച് 70 സീറ്റില്‍ മത്സരിച്ചു. ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പോയി. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്രമണം വോട്ടായി മാറുമെന്ന കണക്കൂകൂട്ടലാണ് കോണ്‍ഗ്രസിന് പിഴച്ചത്. ബിഹാറിന്റെ തെരുവുകളിലൂടെ രാഹുല്‍ നടത്തിയ ജന്‍ അധികാര്‍ യാത്രയില്‍ കണ്ട ജനപങ്കാളിത്തത്തിന്റെ തിരയിളക്കമൊന്നും വോട്ടിങ് യന്ത്രത്തില്‍ പ്രതിഫലിച്ചില്ല.

ആര്‍ജെഡി ഉള്‍പ്പെടെ മഹാസഖ്യത്തിലെ മറ്റു പാര്‍ട്ടികളും ഏറ്റെടുക്കാതെ ആയതോടെ വോട്ട് ചോരി രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും മാത്രം ആയുധമായി മാറി. യുവാക്കളെ ആകര്‍ഷിക്കാനുളള സമൂഹമാധ്യമ ക്യാംപെയിനും ഏശിയില്ല. സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യവും പരാജയത്തിന് വഴിവെച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നിലവിലെ ട്രെന്‍ഡ് മഹാസഖ്യത്തെ സംബന്ധിച്ച് നിരാശാജനകം ആണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമായെന്നാണ് വിമര്‍ശനം.