തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനകള്‍ ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഗോപാലകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ക്ഷേത്ര കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകില്ലെന്നും, ഗുരുവായൂര്‍ ക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതം നോക്കിയാണോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് എന്ന ചോദ്യം മലപ്പുറത്ത് പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വികസനങ്ങളെല്ലാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഭാവനയാണെന്ന് അവകാശപ്പെട്ട ഗോപാലകൃഷ്ണന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. പിണറായി സര്‍ക്കാരിലെ ഏറ്റവും വലിയ മാലിന്യമാണ് എം. ബി. രാജേഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കൂടാതെ, ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പതിവാക്കിയിരുന്ന അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരു ഹിന്ദു കളക്ടറെ ആവശ്യപ്പെട്ടിരുന്നതിന് താന്‍ സാക്ഷിയാണെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു. ഗുരുവായൂര്‍ അമ്പലത്തില്‍ എല്ലാ മാസവും തൊഴാന്‍ പോകുന്ന ആളായത് കൊണ്ട് ഹിന്ദു കളക്ടര്‍ വേണമെന്ന് കരുണാകരന്‍ പറഞ്ഞു.

നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തോട് താത്പര്യമില്ലാത്തവരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു ഗുരുവായൂര്‍ ക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഭാരതീയ ജനതാപാര്‍ട്ടിയ്ക്കുണ്ട്. അവിടുത്തെ എല്ലാകാര്യങ്ങളും ഞങ്ങള്‍ അന്വേഷിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുക. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 'പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞതാണ്. നമ്മുടെ മീഡിയാ ടീമിന്റെ മുന്നില്‍ ഈ വീഡിയോ വന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ നിയമപ്രകാരം വേണ്ട നടപടി സ്വീകരിക്കും': രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ബി ഗോപാലകൃഷ്ണന്റെ ഗുരുവായൂര്‍ മലപ്പുറം പരാമര്‍ശത്തിനെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിപിഐഎം അടക്കമുള്ള വിവിധ സംഘടനകള്‍ സ്ഥാനാര്‍ഥിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി.പൊന്നാനി കേരളത്തിലെ മുസ്ലിങ്ങളുടെ ആസ്ഥാനമാണ്. അവിടെ ഹിന്ദു എംഎല്‍എ മാര്‍ ഉണ്ടായിട്ടുണ്ട്. ഗുരുവായൂരില്‍ നേരെ തിരിച്ചു സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തിന്റെ മത സൗഹാര്‍ദത്തിന്റെ സവിശേഷതകളാണ്. ബിജെപി ജാതിയും മതവും പറഞ്ഞാണ് വോട്ട് പിടിക്കാന്‍ നോക്കുന്നത് അക്കാര്യത്തില്‍ ഒരു അത്ഭുതവും ഇല്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. എന്നാല്‍ ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ഗോപാലകൃഷ്ണന്‍. താന്‍ മതം പറഞ്ഞു വോട്ട് ചോദിച്ചിട്ടില്ലെന്നും ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ മണ്ഡലത്തിന്റെ പ്രത്യേക സാഹചര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വോട്ട് തേടി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നാണ് പൊതുവായ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

'അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടു ചേര്‍ന്ന് കിടക്കുന്ന മലപ്പുറം ജില്ലയില്‍ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണില്‍ നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കു' എന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ബി ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഗുരുവായൂര്‍ എസിപിയ്ക്കും ഗോകുല്‍ പരാതി നല്‍കിയിട്ടുണ്ട്