ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ ചെന്നൈ ഉള്‍പ്പെടെ പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയിലെ തേനാംപേട്ടിലുള്ള പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ചാണ് പട്ടിക പുറത്തിറക്കിയത്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ വീണ്ടും മത്സരിക്കും. ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക്-തിരുവള്ളിക്കേനി (ട്രിപ്ലിക്കേന്‍) നിയോജകമണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടും.

ബോഡിനായക്കനൂര്‍ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മുന്‍ മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്തിലും മത്സരിക്കും. ഡിഎംകെ 2.0 വരുമെന്നും സ്ഥാനാഥികളെല്ലാം ജനങ്ങളുടടെ മനസില്‍ ഇപ്പോഴെ വിജയിച്ചുകഴിഞ്ഞുവെന്നും സ്റ്റാലില്‍ പറഞ്ഞു. ഐടി മന്ത്രി പളനിവേല്‍ ത്യാഗ രാജന്‍ മധുര സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും ധനമന്ത്രി തങ്കം തെന്നരസ് വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുളി നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മന്ത്രിമാരായ ദുരൈ മുരുകന്‍ (ഡിഎംകെ ജനറല്‍ സെക്രട്ടറി), കെ എന്‍ നെഹ്റു, അന്‍ബില്‍ മഹേഷ് പൊയ്യമൊഴി, എം സുബ്രഹ്‌മണ്യന്‍, ഇ വി വേലു എന്നിവര്‍ ഇത്തവണ സിറ്റിംഗ് സീറ്റുകളില്‍ മത്സരക്കും. 60ലധികം പുതുമുഖങ്ങളെയാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

മന്ത്രിമാരായ അന്‍ബില്‍ മഹേഷ് പൊയ്യമൊഴി, കെ കെ എസ് എസ് ആര്‍ രാമചന്ദ്രന്‍, ടി ആര്‍ പി രാജ, സക്കരപാണി, ഗീതാ ജീവന്‍, എം ആര്‍ കെ പനീര്‍ശെല്‍വം, എസ് എസ് ശിവശങ്കര്‍, രാജകണ്ണപ്പന്‍, പെരിയകറുപ്പന്‍, ശേഖര്‍ബാബു, രാജേന്ദ്രന്‍, മുത്തുസാമി, ആവടി നാസര്‍, തുടങ്ങിയവര്‍ക്കാണ് രണ്ടാമതും അവസരം നല്‍കിയിരിക്കുന്നത്. ഡിഎംകെ ജില്ലാ സെക്രട്ടറിമാര്‍ക്കും നിലവിലെ ഡിഎംകെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. ഡിഎംകെയുടെ പോളിസി ഔട്ട്‌റീച്ച് ജോയിന്റ് സെക്രട്ടറി രാജീവ് ഗാന്ധി, ഡിഎംകെയുടെ സംസ്ഥാന വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറി വീരമണി, മുന്‍ മന്ത്രി സെന്തില്‍ ബാലാജി, മുന്‍ മന്ത്രി പൊന്‍മുടിയുടെ മകന്‍ ഗൗതമ സികാമണി എന്നിവര്‍ക്കും അവസരം ലഭിച്ചു.

234 സീറ്റുകളില്‍ 164 മണ്ഡലങ്ങളിലാണ് ഡി.എം.കെ മത്സരിക്കുക. മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയതായും ഡി.എം.കെ പറഞ്ഞു. ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ 70 സീറ്റുകളിലാണ് ഘടകകക്ഷികള്‍ മത്സരിക്കുക. മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടുവെന്ന ആരോപണങ്ങള്‍ സ്റ്റാലിന്‍ തള്ളികളഞ്ഞു. സന്തുലിതമായ കരാര്‍ ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുമായി ക്ഷമയോടെയുള്ള ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതിന് സമയമെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 28 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായി ഉയര്‍ന്നു. ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം -10, വിടുതലൈ ചിരുതൈഗള്‍ കച്ചി -എട്ട്, സി.പി.ഐ -അഞ്ച്, സി.പി.എം -അഞ്ച്, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം -നാല് സീറ്റുകളിലുമാണ് മത്സരിക്കുക. ബാക്കി സീറ്റുകള്‍ മറ്റു ചെറുകക്ഷികള്‍ക്കും വിഭജിച്ചു നല്‍കി.

കരൂരില്‍നിന്ന് മാറി മന്ത്രി സെന്തില്‍ ബാലാജി കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും. മന്ത്രി കെ.എന്‍. നെഹ്റു പ്രതിനിധീകരിക്കുന്ന മധുര സെന്‍ട്രല്‍- തിരുച്ചി വെസ്റ്റ്, മന്ത്രി ടി.ആര്‍.ബി. രാജയുടെ മന്നാര്‍ഗുഡി എന്നിവയാണ് സിറ്റിങ് മന്ത്രിമാര്‍ വീണ്ടും ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങള്‍. മന്ത്രി ഐ പെരിയസാമി -ദിണ്ഡിഗല്‍, മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി -തിരുവെരുമ്പൂര്‍, ഗീതാ ജീവന്‍ -തൂത്തുക്കുടി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങള്‍.

വേലച്ചേരിയും ഈറോഡ് ഈസ്റ്റും കോണ്‍ഗ്രസിന് തിരിച്ചുകൊടുത്തു. ഉദഗമണ്ഡലം (ഊട്ടി) കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കും. ശ്രീപെരുമ്പത്തൂര്‍, കടലൂര്‍, മയിലാടുതുറൈ, ശിവകാശി, കൃഷ്ണഗിരി, കന്യാകുമാരി മേഖലാ മണ്ഡലങ്ങളായ വിളവന്‍കോട്, കിള്ളിയൂര്‍ എന്നിവയാണ് മറ്റ് പ്രധാന കോണ്‍ഗ്രസ് സീറ്റുകള്‍. സി.പി.ഐ തിരുപ്പൂര്‍ (നോര്‍ത്ത്), ബവാനിസാഗര്‍ എന്നിവിടങ്ങളില്‍ മത്സരിക്കും. സി.പി.എം പളനിയിലും തിരുവോട്രിയൂരിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.

കാട്ടുമണ്ണാര്‍കോവില്‍, തിരുപ്പോരൂര്‍ തുടങ്ങിയ പ്രധാന മണ്ഡലങ്ങളാണ് വി.സി.കെക്ക് നല്‍കിയിരിക്കുന്നത്. മധുര സൗത്ത്, സിര്‍കാഴി തുടങ്ങിയ സീറ്റുകളില്‍ എം.ഡി.എം.കെ മത്സരിക്കും. വിരുദുനഗര്‍, സേലം വെസ്റ്റ്, തിരുത്തണി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഡി.എം.ഡി.കെ ജനവിധി തേടുക. അനുഭവപരിചയവും പുതുമുഖങ്ങളും ചേര്‍ന്നതാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി പട്ടിക. 164 പേരില്‍ 60ലധികം പേര്‍ ആദ്യമായി സ്ഥാനാര്‍ഥികളാകുന്നവരാണ്. 29 അഭിഭാഷകര്‍, 17 എന്‍ജിനീയര്‍മാര്‍, 15 ഡോക്ടര്‍മാര്‍, ഏഴ് പി.എച്ച്ഡി ബിരുദധാരികള്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 18 സീറ്റുകള്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്കാണ്.

അതേസമയം, എഐഎഡിഎംകെയ്ക്ക് വേണ്ടി മത്സരിക്കുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഇന്നലെ പുറത്തിറക്കിയിരുന്നു. ആകെ 150 സീറ്റുകളിലേക്കുള്ള ലീഡ് സ്ഥാനാര്‍ഥികളെയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചത്. 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങല്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ നാം തമിഴര്‍ കച്ചി 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ഇതിനോടകം പ്രചാരണങ്ങളും സജീവമാക്കിയിട്ടുണ്ട്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30 നാണ്. ഫലപ്രഖ്യാപനം മെയ് 4 നാണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 7 ന് നടക്കും, നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 9 ആണ്. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഏപ്രില്‍ 9 ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.