- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണം കട്ടത് ആരപ്പാ... വേദിയില്‍ പാരഡി പാടി രാഹുല്‍ഗാന്ധി; സഖാക്കളാണേ അയ്യപ്പാ എന്ന് സദസ്; പിന്നാലെ വന്‍ കൈയടി; ഈ വരികളിലൂടെ തന്നെ നിങ്ങള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍; ശബരിമല വിഷയത്തില്‍ മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് പ്രസംഗം

പത്തനംതിട്ട: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ 'സ്വര്‍ണം കട്ടത് ആരപ്പാ' എന്ന പാരഡിഗാനത്തിലെ വരികള്‍ ആലപിച്ച് കേരളത്തിലെ ഇടത് സര്‍ക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തനംതിട്ടയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണ കൊള്ള ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഹുലിന്റെ പ്രധാന വിമര്‍ശനം. വേദിയില്‍ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുല്‍ ഉയര്‍ത്തിയപ്പോള്‍ സഖാക്കളാണെ അയ്യപ്പാ എന്ന് സദസില്‍ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു. ഈ വരികളിലൂടെ തന്നെ നിങ്ങള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി 'സ്വര്‍ണം കട്ടത് ആരപ്പാ' എന്ന് പറഞ്ഞയുടന്‍തന്നെ സദസ്സില്‍നിന്ന് വന്‍ കരഘോഷമാണുയര്‍ന്നത്.
നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എല്‍ഡിഎഫ് ശബരിമലയില്‍നിന്ന് അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചു. അവിടെ ചെമ്പ് വെച്ചു. മറുവശത്ത് എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്നയാള്‍ ശബരിമലയെക്കുറിച്ച് മറന്നുപോയി. നരേന്ദ്രമോദി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും പ്രസംഗിക്കും. സിപിഎം നേതാക്കള്‍ കേരളത്തിലെ വലിയ ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കവര്‍ന്ന്, ക്ഷേത്രത്തെ അപമാനിച്ചിട്ടും നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ മൗനം പാലിച്ചു.
അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതില്‍ സംശയമാണ്. അതുകൊണ്ട് അദ്ദേഹം ഇവിടെ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ അവരുടെ അഴിമതികൊണ്ട് അവരെ നിയന്ത്രിക്കാനാകുമെന്ന് മോദിക്ക് അറിയാം. എല്‍ഡിഎഫിന് ഡല്‍ഹിയിലെ മോദി സര്‍ക്കാരിനെ വെല്ലുവിളിക്കാനാകില്ലെന്നും അറിയാം. ഡല്‍ഹിയില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് മനസിലാക്കുന്നു. അതുകൊണ്ട് കേരളത്തിലെ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു നീക്കവും നടത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നാണ് രാഹുല്‍ തുറന്നടിച്ചത്.
രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണെന്നും, അമേരിക്കയില്‍ അദാനിക്കെതിരെ ഉയര്‍ന്ന കേസുകള്‍ യഥാര്‍ത്ഥത്തില്‍ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര കരാറുകളില്‍ മോദി അനാവശ്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ മുന്‍പ് നല്‍കിയിരുന്ന സബ്സിഡികളും ആനുകൂല്യങ്ങളും എല്‍ഡിഎഫ് ഭരണത്തില്‍ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും മിണ്ടാന്‍ തയ്യാറായില്ലെന്നും രാഹുല്‍ പരിഹസിച്ചു. സ്ത്രീകളാണ് ഈ സംസ്ഥാനത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ഗ്യാരന്റികള്‍ വീണ്ടും പരാമര്‍ശിച്ചു.


